തങ്ങളെ സംബന്ധിച്ച് ഒന്നും നഷ്ടപ്പെടാന്‍ ഇല്ലാത്ത സിനിമയായിരുന്നു ബിഗ് ബിയെന്ന് സംവിധായകന്‍ അമല്‍ നീരദ്. അന്ന് ധൈര്യവും അതിനൊപ്പം അറിവില്ലായ്മയും ഉണ്ടായിരുന്നു എന്നതായിരുന്നു യാഥാര്‍ത്ഥ്യമെന്നും അതേ അവസ്ഥ എങ്ങനെ കൊണ്ടുവരുമെന്നതാണ് ബിഗ് ബിയുടെ സെക്കന്റ് പാര്‍ട്ട് എടുക്കുമ്പോഴുള്ള തങ്ങളുടെ ടാസ്‌ക് എന്നും അമല്‍ നീരദ് പറയുന്നു. മാധ്യമം ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഗ് ബി ഷൂട്ട് ചെയ്യുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ വേണം എന്ന കാര്യത്തില്‍ ധാരണ ഇല്ലെങ്കിലും എന്തൊക്കെ വേണ്ട എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് കൃത്യത ഉണ്ടായിരുന്നു. അതില്‍ ഒന്നാണ് സിനിമകളില്‍ കാണുന്ന എല്ലാം വെളുത്ത് കാണുന്ന ലൈറ്റിങ് വേണ്ട എന്ന തീരുമാനം. അന്ന് സൂപ്പര്‍സ്റ്റാര്‍ സിനിമ ഷൂട്ട് ചെയ്യുന്ന സെറ്റപ്പില്‍ ഒന്നും അല്ല ഈ സിനിമ മേക്ക് ചെയ്തത്. സൂപ്പര്‍ സിക്‌സ്ടീന്‍ ക്യാമറയില്‍ ഫിലിമില്‍ ആയിരുന്നു ഷൂട്ട്. സൂപ്പര്‍ സിക്‌സ്ടീന്‍ ക്യാമറ ചെറിയ ക്യാമറ ആണ്. ടോപ്പ് ആങ്കിള്‍ എടുക്കാന്‍ സാധിക്കാത്തിടത്ത് ഞാന്‍ ക്യാമറ പൊക്കിപ്പിടിച്ച് നടന്ന് ഷൂട്ട് ചെയ്തിട്ടുണ്ട്.
അതുപോലെ അന്നത്തെ സിനിമകളില്‍ നായകനും വില്ലനും കണ്ടുമുട്ടുമ്പോള്‍ നായകന്‍ വില്ലന്റെ അപ്പൂപ്പന്റേയും അമ്മൂമ്മയുടേയും അടക്കം കഥകള്‍ പറയുന്ന രീതി ഉണ്ടായിരുന്നു. അവര്‍ ഡയലോഗ് പറയാന്‍ തുടങ്ങി ഒരു പോയിന്റ് കഴിയുമ്പോള്‍ അവര്‍ എന്തിനെ കുറിച്ചാണ് സംസാരിക്കുന്നത് എന്ന് നമ്മള്‍ തന്നെ മറന്നുപോകും.
നായകന്മാര്‍ ഒരുപാട് സംസാരിക്കരുത് എന്ന നിര്‍ബന്ധം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. കുടുംബ മാഹാത്മ്യങ്ങളും കുടുംബ പേരുകളും പറഞ്ഞായിരുന്നു അവര്‍ സ്വയം വലുതായത്. അങ്ങനെ ഒന്നും പറയാനില്ലാത്ത അനാഥര്‍ ആയിരുന്നു ബിഗ് ബിയിലെ കഥാപാത്രങ്ങള്‍. ” ബിലാലിക്ക….മുരുകനിക്കയും ഉണ്ടല്ലോ” എന്ന തരത്തിലുള്ള കോമഡികളില്‍ ആയിരുന്നു ഞങ്ങള്‍ക്ക് താത്പര്യം.
ബിഗ് ബി കഴിഞ്ഞപ്പോള്‍ സിനിമയില്‍ തന്നെ ഉള്ള ഒരാള്‍ എന്നോട് ഇങ്ങനെ ആണ് നിരൂപിച്ചത്: ബിഗ് ബിയില്‍ ഞാന്‍ ചെയ്ത തെറ്റ്, അവസാനം ബിലാല്‍ സായിപ്പ് ടോണിയെ കണ്ടിട്ട് ടോണിയുടെ അടുത്ത് സര്‍ക്കുലര്‍ ട്രാക്കില്‍ കുറച്ച് ഡയലോഗ് പറയിച്ചില്ല എന്നതാണ്. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ആ സിനിമ ഹിറ്റായേനെ.
പക്ഷേ നെടുനീളന്‍ ഡയലോഗ് പറയിക്കില്ല എന്ന കാര്യം ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു. അന്ന് മലയാള സിനിമയില്‍ ‘തന്തയ്ക്ക് പിറന്നവരെ’ തട്ടി നടക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. പക്ഷേ ബിഗ് ബിയില്‍ തങ്ങളെ ബുദ്ധിയുള്ള ഒരു അമ്മയാണ് വളര്‍ത്തിയത് എന്ന സ്റ്റേന്റ്‌മെന്റാണ് അവര്‍ നടത്തുന്നത്. ‘ അങ്ങനെ ഒരു അമ്മ ടോണിക്ക് ഇല്ലാതെ പോയതാണ് അയാളുടെ പ്രശ്‌നം’ എന്നാണ് അവര്‍ ഡിസ്‌കസ് ചെയ്തത്, അമല്‍ നീരദ് പറഞ്ഞു.
Content Highlight: Director Amal Neerad About Big B Movie and dialogues