| Sunday, 19th February 2023, 10:49 am

'ശരിക്കും ക്രിസ്റ്റി എന്റെ കഥ തന്നെയാണ്;ആളുകള്‍ക്ക് താല്‍പര്യം തോന്നുന്ന ഘടകങ്ങള്‍ സിനിമയിലുണ്ട്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാത്യു തോമസ്, മാളവിക മോഹനന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആല്‍വിന്‍ ഹെന്റി സംവിധാനം ചെയ്ത സിനിമയാണ് ക്രിസ്റ്റി. കൗമാരക്കാരനായ ആണ്‍കുട്ടിക്ക് തന്റെ ട്യൂഷന്‍ ടീച്ചറിനോട് തോന്നുന്ന പ്രണയമാണ് സിനിമയുടെ കഥ. ഇത് തന്റെ ജീവിതത്തില്‍ സംഭവിച്ച കഥയാണെന്ന് പറയുകയാണ് സംവിധായകന്‍.

ഒരു സിനിമ ചെയ്യണമെന്ന് തീരുമാനിച്ചപ്പോള്‍ സ്വന്തം കഥ തന്നെ ചെയ്യാമെന്ന് കരുതിയെന്നും അങ്ങനെയൊണ് ബെന്യാമിന്റെ അരികിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ നാട്ടില്‍ തന്നെയാണ് സിനിമ ഷൂട്ട് ചെയ്തതെന്നും കഥാപാത്രത്തിന് ഏറ്റവും അനുയോജ്യന്‍ മാത്യുവാണെന്നും ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ ആല്‍വിന്‍ പറഞ്ഞു.

‘ക്രിസ്റ്റിയുടെ കഥ കുറേനാളുകളായി എന്റെ മനസിലുള്ളതാണ്. ശരിക്കും ഇത് എന്റെ കഥ തന്നെയാണ്. ടീനേജ് കാലത്ത് ജീവിതത്തിലുണ്ടായ സംഭവം തന്നെയാണ്. ആദ്യ സിനിമയായി മറ്റൊരു കഥ ചെയ്യുന്നതിലും നല്ലത് എന്റെ ജീവിതാനുഭവങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്ന കഥ ചെയ്താല്‍ കൂടുതല്‍ നന്നായിരിക്കും എന്ന ചിന്തയില്‍ നിന്നുമാണ് ക്രിസ്റ്റി സംഭവിക്കുന്നത്.

കോഴിക്കോട് മലബാര്‍ ക്രിസ്റ്റിയന്‍ കോളേജില്‍ പഠിക്കുമ്പോള്‍ ബെന്യാമിന്‍ അവിടെയൊരു പരിപാടിയില്‍ പങ്കെടുക്കാനെത്തി. അന്ന് അദ്ദേഹത്തിന്റെ പ്രസംഗം സ്വാധീനിച്ചു. സിനിമ ചെയ്യണമെന്ന ചിന്ത വന്നപ്പോള്‍ ആദ്യം അദ്ദേഹത്തിനോടാണ് കഥ പറഞ്ഞത്. തുടര്‍ന്നാണ് ഇന്ദുഗോപനിലേക്ക് എത്തുന്നത്.

എന്റെ നാട് എന്നതിനാല്‍ കൂടിയാണ് പൂവാറില്‍ ചിത്രീകരിച്ചത്. ആ നാട്ടിലെ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യനായ ആളെന്ന നിലയിലാണ് മാത്യുവിലേക്ക് എത്തുന്നത്. മാളവികക്ക് സിനോപ്‌സ് നല്‍കിയപ്പോള്‍ ഇഷ്ടമായി. അങ്ങനെയാണ് മുംബൈയില്‍ പോയി കഥ പറയുന്നതും അവര്‍ സിനിമയുടെ ഭാഗമാകുന്നതും.

ഒരു നിമിഷം പോലും ആളുകള്‍ക്ക് ബോറടി തോന്നാത്ത സിനിമയെടുക്കാനാണ് ഞാന്‍ ശ്രമിച്ചത്. പ്രേക്ഷകരുടെ നിഗമനത്തെ കുറിച്ച് നമുക്ക് ഒന്നും പറയാന്‍ കഴിയില്ലല്ലോ. ആളുകള്‍ക്ക് കാണാന്‍ താല്‍പര്യം തോന്നുന്ന ഘടകങ്ങള്‍ സിനിമയിലുണ്ടെന്നാണ് ഞാന്‍ കരുതുന്നത്,’ ആല്‍വിന്‍ ഹെന്റി

content highlight: director alwin henry about christy movie

We use cookies to give you the best possible experience. Learn more