| Friday, 31st March 2023, 11:28 pm

വായ്പ തരാത്ത റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ സിനിമ കാണുന്നത് നിര്‍ത്തണം; മോദിയോട് അഭ്യര്‍ത്ഥനയുമായി അല്‍ഫോണ്‍സ് പുത്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയെ നശിപ്പിക്കുന്ന ഗുരുതരമായ വിഷയം പരിഗണിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ അഭ്യര്‍ത്ഥന. സിനിമക്ക് റിസര്‍വ് ബാങ്ക് വായ്പ നല്‍കുന്നില്ലെന്നും, അതുകൊണ്ട് തന്നെ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് സിനിമ കാണാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘സിനിമക്ക് റിസര്‍വ് ബാങ്ക് വായ്പ നല്‍കുന്നില്ല. അതുകൊണ്ട് എല്ലാ റിസര്‍വ് ബാങ്ക് അംഗങ്ങളോടും സ്റ്റാഫിനോടും സിനിമ കാണുന്നത് നിര്‍ത്താന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

നിങ്ങള്‍ക്ക് ഒരു സിനിമയും കാണാന്‍ അവകാശമില്ല, ഈ തീരുമാനത്തിന്റെ ചുമതലയുള്ള വ്യക്തിക്കോ മന്ത്രിക്കോ ഒന്നും സിനിമ കാണാന്‍ അവകാശമില്ല. പശുവിന്റെ വായ അടച്ച് പാല്‍ പ്രതീക്ഷിക്കരുത്.

നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സിനിമയെ കൊല്ലുന്ന ഗുരുതരമായ ഈ വിഷയം പരിശോധിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,’
അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു.

അതേസമയം, സിനിമയെക്കുറിച്ചും പൊതുവായ വിഷയങ്ങളെക്കുറിച്ചും തന്റെ അഭിപ്രായങ്ങള്‍ ഇതിന് മുമ്പും അല്‍ഫോണ്‍സ് പുത്രന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

ആറ് വര്‍ഷമെങ്കിലും കുഞ്ഞിനെ നോക്കാനായി അമ്മമാര്‍ക്ക് നിര്‍ബന്ധിത അവധി നല്‍കണമെന്ന ആവശ്യവുമായി അദ്ദേഹം രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. സുപ്രീം കോടതിയോടായിരുന്നു അല്‍ഫോണ്‍സ് പുത്രന്റെ ഈ അഭ്യര്‍ഥന.

പൃഥിരാജിനെ നായകനായക്കിയുള്ള ഗോള്‍ഡാണ് അല്‍ഫോണ്‍സ് പുത്രന്റേതായി അവസാനം പുറത്തിറങ്ങിയ സിനിമ.

Content Highlight: Director Alphonse Putran appeals to Prime Minister Narendra Modi to consider the serious issue of destroying cinema

We use cookies to give you the best possible experience. Learn more