കമ്പി പൊട്ടിയ ഗിറ്റാര്‍ വായിച്ച് ആ മനുഷ്യന്‍ എനിക്ക് പറഞ്ഞു തന്ന ഒരു പാഠമുണ്ട്; പ്രണവ് മോഹന്‍ലാലുമായുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് അല്‍ഫോണ്‍സ് പുത്രന്‍
Entertainment
കമ്പി പൊട്ടിയ ഗിറ്റാര്‍ വായിച്ച് ആ മനുഷ്യന്‍ എനിക്ക് പറഞ്ഞു തന്ന ഒരു പാഠമുണ്ട്; പ്രണവ് മോഹന്‍ലാലുമായുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് അല്‍ഫോണ്‍സ് പുത്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th July 2021, 1:09 pm

നടന്‍ പ്രണവ് മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ മനോഹരമായ ആശംസയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. പ്രണവിനൊപ്പം നടന്ന ഒരു കൂടിക്കാഴ്ചയുടെ അനുഭവം പങ്കുവെച്ചുകൊണ്ടായിരുന്നു അല്‍ഫോണ്‍സ് ഫേസ്ബുക്കില്‍ ആശംസ നേര്‍ന്നത്.

നാളുകള്‍ക്ക് മുന്‍പ് പ്രണവ് തന്റെ ഓഫീസിലെത്തിയതും അവിടെയുണ്ടായിരുന്ന കമ്പി പൊട്ടിയ ഗിറ്റാര്‍ വായിച്ചതും ആ പ്രവൃത്തി തനിക്ക് പറഞ്ഞു തന്ന പാഠവുമെല്ലാം അല്‍ഫോണ്‍സ് പുത്രന്‍ കുറിപ്പില്‍ പറഞ്ഞു. പ്രണവിനെ പോലെ ഒരു മനുഷ്യനെ ഉരുവാക്കിയതിന് മോഹന്‍ലാലിനും സുചിത്രക്കും അല്‍ഫോണ്‍സ് സ്‌നേഹാശംസകള്‍ നേര്‍ന്നു.

‘എന്റെ ഓഫീസില്‍ ഒരു കമ്പി പൊട്ടിയ ഗിറ്റാറുണ്ടായിരുന്നു. അത് ഇനി ഉപയോഗിക്കാന്‍ പറ്റില്ലെന്ന് കരുതി ഞാനും മറ്റുള്ളവരും ആ ഗിറ്റാര്‍ ഒരു മൂലയ്ക്ക് വെച്ചിരിക്കുകയായിരുന്നു.

ആ സമയത്ത് ഒരു സിനിമയുമായി ബന്ധപ്പെട്ട് എനിക്ക് പ്രണവിനെ കാണണമെന്നുണ്ടായിരുന്നു. സിജു വില്‍സണോ കൃഷ്ണ ശങ്കറോ ആരോ ഒരാള്‍ പ്രണവിനെ വിളിച്ചു. അദ്ദേഹം വന്നു. ഞങ്ങള്‍ സംസാരിച്ചു.

കുറച്ച് കഴിഞ്ഞപ്പോള്‍ പ്രണവ് ആ പൊട്ടിയ ഗിറ്റാറെടുത്ത് വായിക്കാന്‍ തുടങ്ങി. അതിമനോഹരമായിട്ടായിരുന്നു പ്രണവ് വായിച്ചത്. ഒരു കമ്പിയില്ലാത്ത ഗിറ്റാറിനും സംഗീതം സൃഷ്ടിക്കാനാകുമെന്ന് പ്രണവ് എനിക്ക് പഠിപ്പിച്ചു തരികയായിരുന്നു.

സൃഷ്ടാവാണ്, അല്ലാതെ ഉപകരണമല്ല സംഗീതം സൃഷ്ടിക്കുന്നതെന്ന് അന്ന് എനിക്ക് പ്രണവ് കാണിച്ചുതന്നു. ഇത്രയും മനോഹരനായ ഒരു മനുഷ്യനെ സൃഷ്ടിച്ചതിന് മോഹന്‍ലാല്‍ സാറിനും സുചിത്ര മേമിനും ഒരുപാട് നന്ദി,’ അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്ബുക്കിലെഴുതി.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന പുതിയ ചിത്രത്തിലെ പ്രണവിന്റെ ക്യാരക്ടര്‍ പോസ്റ്ററും അല്‍ഫോണ്‍സ് പുത്രന്‍ പങ്കുവെച്ചിരുന്നു.

അതേസമയം പ്രണവിനെ കുറിച്ച് ഒരുപാട് സംസാരിക്കാനുണ്ടെന്നും തല്‍ക്കാലത്തേക്ക് ഈ പോസ്റ്റര്‍ മാത്രം പങ്കുവെക്കുകയാണെന്നും വിനീത് ശ്രീനിവാസന്‍ ഫേസ്ബുക്കിലെഴുതി.

‘അപ്പുവിനെ കുറിച്ച് ഒത്തിരിയേറെ കാര്യങ്ങള്‍ എനിക്ക് പറയാനുണ്ട്. സിനിമ പുറത്തിറങ്ങി ആളുകള്‍ കാണുന്നത് വരെ ഞാന്‍ കാത്തിരിക്കാമെന്ന് വെക്കുകയാണ്. തല്‍ക്കാലത്തേക്ക് ഈ പോസ്റ്റര്‍ മാത്രം ഇവിടെ പങ്കുവെക്കുന്നു. ഏറ്റവും പ്രിയപ്പെട്ട പ്രണവ് മോഹന്‍ലാലിന് ജന്മദിനാശംസകള്‍,’ വിനീത് പറഞ്ഞു.

മകന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു മോഹന്‍ലാല്‍ ഹൃദയത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചത്. ‘പ്രണവിന്റെ പുതിയ ചിത്രമായ ഹൃദയത്തിന്റെ പോസ്റ്റര്‍ എല്ലാവരുമായി പങ്കുവെക്കുകയാണ്. ഹാപ്പി ബര്‍ത്ത്ഡേ അപ്പു. നിനക്കും സിനിമയിലെ മറ്റെല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു.’ എന്നായിരുന്നു മോഹന്‍ലാലിന്റെ പോസ്റ്റ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Director Alphonse Puthren shares experience with Pranav Mohanlal