പ്രേക്ഷകര്‍ കണ്ട ഗോള്‍ഡ് തന്റെ ഗോള്‍ഡല്ലെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. കൈതപ്രം ദാമോദരന്‍ നമ്പൂതിരി എഴുതി വിജയ് യേശുദാസും ശ്വേത മോഹനും പാടിയ പാട്ട് ചിത്രത്തിലുണ്ടായിരുന്നെന്നും എന്നാല്‍ അത് ഷൂട്ട് ചെയ്യാനായില്ലെന്നും അല്‍ഫോണ്‍സ് പറഞ്ഞു. പല ഉപകരണങ്ങളും സൗകര്യങ്ങളും തിരക്കഥയിലുണ്ടായിരുന്നത് പോലെയായിരുന്നില്ലെന്നും ഗോള്‍ഡ് മറന്നേക്കൂവെന്നും അല്‍ഫോണ്‍സ് പറഞ്ഞു.
പ്രേമത്തിലെ ഡിലീറ്റഡ് സീന്‍ താന്‍ ഡിലീറ്റ് ചെയ്തുവെന്നും അത് കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായിരുന്നില്ല എന്നും അല്‍ഫോണ്‍സ് പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പ്രേമം ഡിലീറ്റ്ഡ് സീന്‍സ് പുറത്ത് വിടുമോ വന്ന കമന്റിന് മറുപടിയായാണ് അല്‍ഫോണ്‍സ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ഞാനത് ഡിലീറ്റ് ചെയ്തു. കാരണം ഞാന്‍ എഴുതിയ ജോര്‍ജ് എന്ന കഥാപാത്രത്തോട് ആ രംഗങ്ങളൊന്നും യോജിക്കുന്നില്ല. തിരക്കഥയില്‍ ജോര്‍ജ് അനുയോജ്യമല്ലെങ്കില്‍ മലരും അനുയോജ്യയല്ല. അതിനാല്‍ ഇതിനി എന്നോട് ചോദിക്കരുത്. കാരണം ഞാന്‍ തിരക്കഥയെ ബഹുമാനിക്കുന്നു.
പിന്നെ നിങ്ങള്‍ കണ്ട ഗോള്‍ഡ് എന്റെ ഗോള്‍ഡല്ല. കൊവിഡിന്റെ സമയത്ത് ചെയ്ത ലിസ്റ്റിന്‍ സ്റ്റീഫന്റേയും പൃഥ്വിരാജിന്റെയും സംരഭത്തിലേക്ക് എന്റെ ലോഗോ ചേര്‍ത്തതാണ്. കൈതപ്രം സാര്‍ എഴുതി വിജയ് യേശുദാസും ശ്വേത മോഹനും പാടിയ പാട്ട് എനിക്ക് ഷൂട്ട് ചെയ്യാനായില്ല. എനിക്ക് ആ പാട്ട് വളരെ ഇഷ്ടമായിരുന്നു. ആ പാട്ടിന്റെ ഷൂട്ടിനായി എന്റെ സിനിമയിലെ എല്ലാ താരങ്ങളോടും രണ്ട് ദിവസത്തെ ഡേറ്റ് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ല.
അതുപോലെ പല ഉപകരണങ്ങളും സൗകര്യങ്ങളും തിരക്കഥയിലുണ്ടായിരുന്നത് പോലെയായിരുന്നില്ല. ക്രോണിക് പാന്‍ക്രിയാറ്റിസ് ബാധിച്ചത് മുതല്‍ ഞാന്‍ മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. തിരക്കഥയും സംവിധാനവും കളറിങ്ങും എഡിറ്റിങ്ങും മാത്രമേ എനിക്ക് ചെയ്യാന്‍ സാധിച്ചുള്ളൂ. അതുകൊണ്ട് ഗോള്‍ഡ് മറന്നേക്കൂ,’ അല്‍ഫോണ്‍സ് കുറിച്ചു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ രണ്ടിനാണ് ഗോള്‍ഡ് റിലീസ് ചെയ്തത്. പൃഥ്വിരാജ് നായകനായ ചിത്രത്തില്‍ നയന്‍താരയായിരുന്നു നായിക. പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് സംവിധാനം ചെയ്ത ചിത്രത്തിന് വലിയ ഹൈപ്പായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ നിശിത വിമര്‍ശനമേറ്റ ഗോള്‍ഡ് തിയേറ്ററില്‍ പരാജയപ്പെട്ടിരുന്നു.
Content Highlight: Director Alphonse Puthren says that the gold seen by the audience is not his gold