തന്റെ സിനിമ മോശമാണെന്ന് പറയാന്‍ ഇന്ത്യയില്‍ യോഗ്യതയുള്ളത് കമല്‍ ഹാസന് മാത്രമാണെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. അദ്ദേഹം മാത്രമാണ് തന്നെക്കാള്‍ കൂടുതല്‍ സിനിമയില്‍ പണി അറിയാവുന്ന വ്യക്തിയെന്നും അല്‍ഫോണ്‍സ് പറഞ്ഞു. ഒരു കമന്റിന് കൊടുത്ത മറുപടിയുടെ സ്‌ക്രീന്‍ ഷോട്ടാണ് അല്‍ഫോണ്‍സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
ഗോള്‍ഡ് ഒരു മോശം സിനിമ തന്നെ ആണ്, അത് സ്വീകരിച്ച് അടുത്ത പടം ഇറക്ക് എന്ന് പറഞ്ഞ കമന്റിനായിരുന്നു അല്‍ഫോണ്‍സ് മറുപടി നല്‍കിയത്.
‘ഇത് തെറ്റാണ് ബ്രോ. നിങ്ങള്‍ക്ക് എന്റെ സിനിമ ഇഷ്ടപ്പെട്ടില്ല എന്ന് പറയാം. എന്റെ സിനിമ മോശമാണെന്ന് പറയാനുള്ള യോഗ്യത ഇന്ത്യയില്‍ ഞാന്‍ ആകെ കണ്ടത് കമല്‍ ഹാസന്‍ സാറില്‍ മാത്രമാണ്. അദ്ദേഹം മാത്രമാണ് എന്നെക്കാള്‍ കൂടുതല്‍ സിനിമയില്‍ പണി അറിയാവുന്ന വ്യക്തി. അപ്പോള്‍ ബ്രോ ഇനി പറയുമ്പോള്‍ ബ്രോക്ക് ഇഷ്ടപ്പെട്ടില്ല എന്ന് തറപ്പിച്ച് പറഞ്ഞോ,’ അല്‍ഫോണ്‍സ് പറഞ്ഞു. ഇതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിലെ സകല പോസ്റ്റുകളും അല്‍ഫോണ്‍സ് പിന്‍വലിച്ചിട്ടുണ്ട്.
അല്‍ഫോണ്‍സിന്റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്ത് വന്ന ഗോള്‍ഡ് ചിത്രത്തിന് വരുന്ന ട്രോളുകള്‍ക്കുള്ള മറുപടിയും അല്‍ഫോണ്‍സ് മറ്റൊരു പോസ്റ്റില്‍ പറഞ്ഞിരുന്നു.
‘നിങ്ങളുടെ സംതൃപ്തിക്ക് വേണ്ടി എന്നെ ട്രോളുകയും എന്നെയും എന്റെ ഗോള്‍ഡ് സിനിമയെയും കുറിച്ച് മോശമായ കാര്യങ്ങള്‍ പറയുകയും ചെയ്താല്‍ അത് നിങ്ങള്‍ക്ക് നല്ലതായിരിക്കും, എനിക്കങ്ങനെയല്ല. അതുകൊണ്ട് പ്രതിഷേധ സൂചകമായി സമൂഹ മാധ്യമങ്ങളില്‍ ഞാന്‍ എന്റെ മുഖം കാണിക്കില്ല.
ഞാന്‍ നിങ്ങളുടെ അടിമയല്ല. എന്നെ പരിഹസിക്കാനും അധിക്ഷേപിക്കാനുമുള്ള അവകാശം ആര്‍ക്കും നല്‍കിയിട്ടില്ല.
ഇഷ്ടമുണ്ടെങ്കില്‍ എന്റെ സിനിമ കാണുക. അല്ലാതെ എന്റെ പേജില്‍ വന്ന് നിങ്ങളുടെ ദേഷ്യം കാണിക്കരുത്. അങ്ങനെ ചെയ്താല്‍ ഇന്റര്‍നെറ്റില്‍ നിന്നും അപ്രത്യക്ഷനാവും. പഴയതുപോലെയല്ല. ഞാന്‍ എന്നോടും എന്റെ പങ്കാളിയോടും കുട്ടികളോടും യഥാര്‍ത്ഥത്തില്‍ എന്നെ ഇഷ്ടപ്പെടുന്നവരോടും വീഴ്ചയില്‍ ഒപ്പം നില്‍ക്കുന്നവരോടും സത്യസന്ധമായി നില്‍ക്കും. ഞാന്‍ വീണപ്പോള്‍ നിങ്ങളുടെ മുഖത്തുണ്ടായിരുന്ന ചിരി മറക്കില്ല. അത് പ്രകൃതിദത്തമായി, സ്വാഭാവികമായി സംഭവിക്കുന്നതാണ്. അതിനാല്‍ അതേ പ്രകൃതി എന്നെ പിന്തുണയോടെ സംരക്ഷിക്കും. നല്ലൊരു ദിനം ആശംസിക്കുന്നു,’ അല്‍ഫോണ്‍സ് കുറിച്ചു.
പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായ ഗോള്‍ഡിന് വലിയ വിമര്‍ശനങ്ങളാണ് റിലീസിന് പിന്നാലെ വന്നത്. തിരക്കഥയിലെയും മേക്കിങ്ങിലെയും പാളിച്ചകളാണ് പ്രേക്ഷകര്‍ ചൂണ്ടിക്കാണിച്ചത്. നയന്‍താരയെ പോലെയൊരു താരത്തിന് ചെറിയ റോള്‍ നല്‍കിയതിലും വിമര്‍ശനം ഉയര്‍ന്നിരുന്നു.
Content Highlight: Director Alphonse Puthren says that only Kamal Haasan is qualified to say that his film is bad