| Friday, 10th June 2022, 1:11 pm

ജനനശേഷം കുഞ്ഞിനെ പരിപാലിക്കാന്‍ ആറ് വര്‍ഷത്തേക്ക് അമ്മമാര്‍ക്ക് നിര്‍ബന്ധിത അവധി നല്‍കണം; സുപ്രീം കോടതിയോട് അല്‍ഫോണ്‍സ് പുത്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാതൃത്വത്തില്‍ പ്രവേശിക്കുന്ന എല്ലാ അമ്മമാര്‍ക്കും അവധി നല്‍കണമെന്ന് സുപ്രീം കോടതിയോട് അഭ്യര്‍ത്ഥനയുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. കോടതികളുടെ അവധി അമ്മമാര്‍ക്ക് നല്‍കണം കുഞ്ഞിന് വേണ്ട പരിഗണന അമ്മമാര്‍ക്കല്ലാതെ മറ്റാര്‍ക്കും നല്‍കാനാവില്ലെന്നും അല്‍ഫോണ്‍സ് പറഞ്ഞു.

രാജ്യത്തിന്റെ ഭാവിയായ കുഞ്ഞുങ്ങളെ നോക്കുന്നത് വരെയുള്ള എല്ലാ അടിസ്ഥാന ആവശ്യങ്ങളും എത്തിക്കേണ്ടത് സര്‍ക്കാറിന്റെ കടമയാണെന്നും അല്‍ഫോണ്‍സ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

നേരത്തേയും കോടതികള്‍ക്ക് ദീര്‍ഘകാല അവധി നല്‍കുന്നതിനെതിരെ അല്‍ഫോണ്‍സ് പുത്രന്‍ പ്രതികരിച്ചിരുന്നു. സാധാരണ പൗരന്മാര്‍ക്കില്ലാത്ത അവധി കോടതികള്‍ക്ക് ആവശ്യമാണോ എന്നായിരുന്നു അല്‍ഫോണ്‍സിന്റെ പ്രതികരണം. സാമൂഹിക വിഷയങ്ങളില്‍ ഫേസ്ബുക്കിലൂടെ പലപ്പോഴും പ്രതികരിക്കാറുണ്ട് അല്‍ഫോണ്‍സ് പുത്രന്‍.

അല്‍ഫോണ്‍സിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സുപ്രീം കോടതിയോട് ഒരു അഭ്യര്‍ത്ഥന… മാതൃത്വത്തില്‍ പ്രവേശിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും കുഞ്ഞിനെ പരിപാലിക്കാന്‍ ആറ് വര്‍ഷത്തേക്ക് നിര്‍ബന്ധിത അവധി നല്‍കണം. ആ സമയത്ത് അമ്മയ്ക്ക് ആവശ്യമായ എല്ലാ അടിസ്ഥാന ആവശ്യങ്ങളും എത്തിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. ഒരുപക്ഷേ അമ്മ ഒരു നല്ല ജോലിക്കാരിയോ അല്ലെങ്കില്‍ പണം സമ്പാദിക്കാന്‍ കഴിവുള്ള ഒരു നല്ല ബിസിനസുകാരിയോ ആവാം. അതിനാല്‍ ദയവായി കോടതിയുടെ അവധി എടുത്ത് അമ്മമാര്‍ക്ക് നല്‍കുക. ആറ് വര്‍ഷത്തെ ലീവ് ഏതൊരു രാജ്യത്തിന്റെയും ഭാവിയായ തന്റെ കുഞ്ഞിനെ നോക്കാനുള്ളതാണ്. കാരണം ഒരു കുഞ്ഞിന് വേണ്ട ചൂരും ചൂടും അമ്മയ്ക്കല്ലാതെ മറ്റാര്‍ക്കും നല്‍കാനാവില്ല.

ഔദ്യോഗികമായി അവധി നല്‍കിയാല്‍ അത് രാജ്യത്തിന് ഗുണം ചെയ്യും. സുപ്രീം കോടതിയോ സര്‍ക്കാരോ ആശുപത്രികളോ മാധ്യമങ്ങളോ ജോലി ചെയ്യുന്ന രക്ഷിതാക്കളോ കുട്ടികളെ നോക്കുമെന്ന് ഞാന്‍ കരുതുന്നില്ല. അതിനാല്‍ എല്ലാ അമ്മമാര്‍ക്കും സമയം നല്‍കുക. അടിമകളായിരുന്ന ഇന്ത്യന്‍ അമ്മമാര്‍ക്ക് അവധി വേണമെന്ന് ബ്രിട്ടീഷുകാര്‍ ആഗ്രഹിച്ചിരുന്നില്ലായിരിക്കാം. എന്നാല്‍ ഇന്ന് ഇന്ത്യയില്‍ എല്ലാ അമ്മമാരും സര്‍ക്കാരില്‍ നിന്നും യാതൊരു ഗുണവും ലഭിക്കാത്ത രാജ്ഞിമാരാണ്. അതിനാല്‍ സുപ്രീം കോടതി ഇക്കാര്യം പരിശോധിക്കേണ്ട സമയമാണിത്.

ഒരു കുട്ടിക്ക് സ്വന്തമായി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ പ്രായമാണ് ആറ് വയസ്സ്. അതുവരെ കുട്ടികളെ ആര് സഹായിക്കും? കുട്ടികളെ സഹായിക്കാന്‍ ആരുമില്ല. കുട്ടികളെ സഹായിക്കാന്‍ മാതാപിതാക്കളും മറ്റ് ബന്ധുക്കളും ഉണ്ടെന്ന് സങ്കല്‍പ്പക്കാന്‍ ഇത് കെട്ടുകഥയൊന്നുമല്ല. മാതാപിതാക്കളല്ലാതെ മറ്റാരും കുട്ടികളെ നോക്കില്ല എന്നതാണ് വസ്തുത. വസ്തുതകള്‍ കയ്‌പേറിയതാണ്.

അതുകൊണ്ട് ഓരോ സമൂഹവും കെട്ടിപ്പടുക്കുന്നത് ഒരു കുടുംബമാണ്, അമ്മയുണ്ടെങ്കില്‍ ഓരോ കുടുംബവും പുഞ്ചിരിക്കും. മതിയായ സമയമുണ്ടെങ്കില്‍ മാത്രമേ അമ്മയ്ക്ക് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയൂ. സമയം= പണം എന്നാണ് ഇന്ന്. ചുരുക്കത്തില്‍ രാജ്യത്തെ സഹായിക്കാന്‍, കുട്ടികളെ സഹായിക്കാന്‍, അമ്മമാരെ സഹായിക്കൂ.

Content Highlight: Director Alphonse puthren appealed to the Supreme Court to grant leave to all mothers entering motherhood

We use cookies to give you the best possible experience. Learn more