| Friday, 16th July 2021, 12:04 pm

വിദേശത്താണെങ്കില്‍ ഇതൊക്കെ പത്ത് പേര്‍ ചെയ്‌തേനേ; ഇവിടെ അച്ഛനും അമ്മയും ദശാവതാരങ്ങളാകണം: അല്‍ഫോണ്‍സ് പുത്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിദേശത്തും ഇന്ത്യയിലും കുടുംബങ്ങളും കുട്ടികളെ വളര്‍ത്തലുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന വ്യവസ്ഥകളെ താരതമ്യം ചെയ്ത് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. രസകരമായ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇന്ത്യന്‍ മാതാപിതാക്കളുടെ കഷ്ടപ്പാടുകളെ കുറിച്ച് അല്‍ഫോണ്‍സ് പുത്രന്‍ സംസാരിച്ചത്.

അച്ഛന്‍ + അമ്മ = എന്ന് പറഞ്ഞുകൊണ്ടാണ് അല്‍ഫോണ്‍സിന്റെ കുറിപ്പ് തുടങ്ങുന്നത്. ഹോം മേക്കര്‍, പാചകക്കാരന്‍, കുട്ടികളെ നോക്കുന്ന ആയ, അധ്യാപകന്‍/അധ്യാപിക, സാധനങ്ങള്‍ വാങ്ങുന്നയാള്‍, ശുചീകരണ തൊഴിലാളി, അലക്കുകാര്‍, കാവല്‍ക്കാരന്‍, അക്കൗണ്ട് മാനേജര്‍, നികുതിയടക്കുന്നയാള്‍ എന്നിങ്ങനെ 10 ജോലികളാണ് സമം ചിഹ്നത്തിന് ശേഷം നല്‍കിയിരിക്കുന്നത്.

‘ഒട്ടുമിക്ക വിദേശരാജ്യങ്ങളിലും വെവ്വേറ ആളുകളായിരിക്കും ഈ ഓരോ ജോലിയും ചെയ്യുക. എന്നാല്‍ ഇന്ത്യയില്‍ മാത്രം മാതാപിതാക്കള്‍ ദശാവതാരങ്ങളാകണം,’ അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു.

അല്‍ഫോണ്‍സ് പുത്രന്റെ അഭിപ്രായത്തോട് യോജിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ചിലപ്പോള്‍ പത്തൊന്നുമല്ല, 25 ജോലി വരെ ഒന്നിച്ചു ചെയ്യേണ്ടി വരുമെന്നാണ് ഒരാളുടെ കമന്റ്.

ഇതിന് മറുപടിയായി തന്റെ മുത്തശ്ശി ഇത്തരത്തില്‍ കാര്യങ്ങള്‍ നോക്കിയിരുന്ന ആളായിരുന്നു എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ എഴുതിയത്.

അതേസമയം ഇന്ത്യയിലെ പോലെ തന്നെയാണ് വിദേശരാജ്യങ്ങളിലെന്നും അവിടെയും മാതാപിതാക്കള്‍ക്ക് ഇത്തരത്തിലുള്ള നിരവധി കടമകളും ജോലികളും ഒന്നിച്ചു ചെയ്യേണ്ടി വരാറുണ്ടെന്നുമാണ് ഒരു കമന്റ്.

അല്‍ഫോണ്‍സിന്റെ പോസ്റ്റില്‍ പറയുന്നത് പോലെ ഓരോ ജോലിക്കും ഓരോരുത്തരെ എടുക്കണമെങ്കില്‍ അവിടെയുള്ളവരെല്ലാം അതിസമ്പന്നരായിരിക്കണമെന്നാണ് ഈ കമന്റില്‍ പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Director Alphonse Puthren about struggles of parents

We use cookies to give you the best possible experience. Learn more