ഞങ്ങളുടെ കുട്ടികള്‍ക്കും ഭക്ഷണം കഴിക്കേണ്ടേ; മറ്റെല്ലാവര്‍ക്കും ജോലി ചെയ്യാനാകുമ്പോള്‍ സിനിമാക്കാര്‍ക്ക് മാത്രം നിയന്ത്രണമെന്തിനെന്ന് അല്‍ഫോണ്‍സ് പുത്രന്‍
കൊച്ചി: സിനിമാ പ്രവര്‍ത്തകരെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് സംവിധായകന് അല്‍ഫോണ്‍സ് പുത്രന്‍. ഭക്ഷണം വില്‍ക്കുന്നവരെയും പാല്‍ വില്‍ക്കുന്നവരെയും ജോലി ചെയ്യാന്‍ അനുവദിക്കുന്നുണ്ടെന്നും എന്തുകൊണ്ടാണ് സിനിമ ഷൂട്ടിംഗ് അനുവദിക്കാത്തതെന്നും അല്‍ഫോണ്‍സ് പറഞ്ഞു.
സിനിമാ പ്രവര്‍ത്തകരെ ജോലി ചെയ്യാന്‍ അനുവദിക്കാത്തത് എന്തുകൊണ്ടാണ്. ഞങ്ങള്‍ എങ്ങിനെ ഭക്ഷണം കഴിക്കും, എങ്ങിനെ പാല്‍ വാങ്ങും, കുട്ടികളെ എങ്ങിനെ പഠിപ്പിക്കും, എങ്ങനെ ഒരു പെന്‍സില്‍ ബോക്‌സ് വാങ്ങും, ഞങ്ങള്‍ എങ്ങനെ പണം സമ്പാദിക്കും എന്നും അല്‍ഫോണ്‍സ് ചോദിക്കുന്നു.
തിയേറ്ററുകള്‍ എന്ന പോലെ തന്നെ സിനിമാ ഷൂട്ടിംഗും നടക്കുന്നില്ല. സിനിമയില്‍ ഒരു ക്ലോസ് അപ്പ് അല്ലെങ്കില്‍ വൈഡ് ഷോട്ട് ഷൂട്ട് ചെയ്യേണ്ടിവന്നാലും രണ്ട് മീറ്ററോ അതില്‍ കൂടുതലോ നില്‍ക്കണം. അപ്പോള്‍ നിങ്ങള്‍ ഇവിടെ എന്ത് യുക്തിയാണ് പറയുന്നത്? എന്നും അല്‍ഫോണ്‍സ് ചോദിച്ചു.
ദയവായി ചിന്തിച്ച് ഒരു പരിഹാരം പറയണമെന്നും അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്ബുക്കില്‍ അഭ്യര്‍ത്ഥിച്ചു. അല്‍ഫോണ്‍സിന്റെ പോസ്റ്റിനെ പിന്തുണച്ചും എതിര്‍ത്തും നിരവധിപേര്‍ രംഗത്ത് എത്തി.
ഭക്ഷണവും പാലും അത്യാവശ്യമാണെന്നും സിനിമ പോലുള്ള ലക്ഷ്വറി അല്ല വേണ്ടതെന്നും ഒരാള്‍ കമന്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായും അല്‍ഫോണ്‍സ് രംഗത്ത് എത്തി.
നിങ്ങള്‍ക്ക് സിനിമ ആവശ്യമായിരിക്കില്ല. പക്ഷേ എന്റെ പ്രൊഫഷനാണ് സിനിമ. എന്റെ ആവശ്യകത ചോദിക്കാനുള്ള അവകാശം എനിക്കുണ്ടെന്നും അല്‍ഫോണ്‍സ് പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം ഏകദേശം നിയന്ത്രണവിധേയമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 17 മുതല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞു.
എന്നാല്‍ ജാഗ്രത കൈവിടരുതെന്നും ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണായിരിക്കും. അക്ഷയകേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കാം. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ എല്ലാ ദിവസവും രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ തുറക്കാം.
ബെവ്കോ ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കും. ബെവ്ക്യൂ ആപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവ പ്രവര്‍ത്തിക്കുക. പ്രവൃത്തി സമയം രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെയായിരിക്കും. ബാറുകളില്‍ പാര്‍സല്‍ മാത്രമെ അനുവദിക്കൂ
ഷോപ്പിങ് മാളുകള്‍ തുറക്കില്ല. ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാന്‍ അനുവദിക്കില്ല. സെക്രട്ടേറിയറ്റില്‍ 50 ജീവനക്കാര്‍ ഹാജരാകണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അല്‍ഫോണ്‍സിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,
സിനിമാ ഷൂട്ടിംഗ് അനുവദിക്കാത്തത് എന്തുകൊണ്ട്? പാല്‍ വില്‍ക്കുന്നവരെ ജോലിചെയ്യാന്‍ അനുവദിക്കുകയും ഭക്ഷണം വില്‍ക്കുന്നവരെ ജോലി ചെയ്യാന്‍ അനുവദിക്കുകയും ചെയ്യുന്നുവെങ്കില്‍ .. എന്തുകൊണ്ടാണ് സിനിമാ ആളുകള്‍ക്ക് ജോലി ചെയ്യാന്‍ അനുവദിക്കാത്തത്?.
നമ്മള്‍ എങ്ങനെ ഭക്ഷണം കഴിക്കും? ഞങ്ങള്‍ എങ്ങനെ പാല്‍ വാങ്ങും? നമ്മുടെ കുട്ടികളെ എങ്ങനെ പഠിപ്പിക്കും? ഞങ്ങളുടെ കുട്ടികള്‍ക്കായി ഞങ്ങള്‍ എങ്ങനെ ഒരു പെന്‍സില്‍ ബോക്‌സ് വാങ്ങും. ഞങ്ങള്‍ എങ്ങനെ പണം സമ്പാദിക്കും? സിനിമാ തിയേറ്ററുകളിലെന്നപോലെ സിനിമാ ഷൂട്ടിംഗ് നടക്കുന്നില്ല.
നമുക്ക് ഒരു ക്ലോസ് അപ്പ് അല്ലെങ്കില്‍ വൈഡ് ഷോട്ട് ഷൂട്ട് ചെയ്യേണ്ടിവന്നാലും രണ്ട് മീറ്ററോ അതില്‍ കൂടുതലോ നില്‍ക്കണം. അപ്പോള്‍ നിങ്ങള്‍ ഇവിടെ എന്ത് യുക്തിയാണ് പറയുന്നത്? ദയവായി ചിന്തിച്ച് എന്നോട് ഒരു പരിഹാരം പറയുക. നന്ദി… അല്‍ഫോണ്‍സ് പുത്രന്‍.