അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തിലൊരുങ്ങി ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറിയ ചിത്രമായിരുന്നു പ്രേമം. നിവിന്‍ പോളിയെന്ന നടന്റെ കരിയര്‍ മാറ്റിമറിച്ച ചിത്രം കൂടിയായിരുന്നു ഇത്. സായ് പല്ലവിയെന്ന താരത്തിന് മലയാളത്തില്‍ സ്വീകാര്യത ലഭിച്ചതും പ്രേമത്തിലൂടെയായിരുന്നു.
ക്യാമ്പസ് പ്രണയവും വിരഹവും മനോഹരമായി വരച്ചിട്ട ചിത്രം കുടുംബപ്രേക്ഷകരും യുവതലമുറയും ഒരുപോലെ ഏറ്റെടുക്കുകയായിരുന്നു. ഉത്തരം ലഭിക്കാത്ത ചില ചോദ്യങ്ങള്‍ ബാക്കി നിര്‍ത്തിയായിരുന്നു പ്രേമം സിനിമ അവസാനിച്ചത്. അതില്‍ പ്രധാനപ്പെട്ട ഒരു സംശയം ആയിരുന്നു മലരിന് ഓര്‍മ തിരിച്ചു കിട്ടിയോ എന്നത്.
സിനിമ റിലീസ് ചെയ്ത് ആറു വര്‍ഷങ്ങള്‍ക്ക് ശേഷം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ആ ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ അല്‍ഫോണ്‍സ് പുത്രന്‍.
സോഷ്യല്‍ മീഡിയയില്‍ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് അല്‍ഫോണ്‍സ് പുത്രന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
വെള്ളിയാഴ്ച രാത്രി ആയിരുന്നു അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചത്. ‘സിനിമയെക്കുറിച്ച് എന്നോട് ചോദിക്കുക. എനിക്ക് അറിയാമെങ്കില്‍ ഞാന്‍ അതിന് ഉത്തരം നല്‍കാം. എനിക്കറിയില്ലെങ്കില്‍ മറുപടി നല്‍കാനുള്ള ഒരു മാര്‍ഗം കണ്ടെത്താം. ആരംഭിക്കാം’ – ഇതായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍ പങ്കുവെച്ച കുറിപ്പ്.
ഇതിന് പിന്നാലെ നൂറുകണക്കിന് ചോദ്യങ്ങളാണ് അല്‍ഫോണ്‍സിനെ തേടി എത്തിയത്. മിക്ക ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കുന്നുമുണ്ട്. അത്തരത്തിലൊരു ചോദ്യത്തിലാണ് മലര്‍ മിസ്സിന് ശരിക്കും ഓര്‍മ തിരിച്ചു കിട്ടിയോ എന്ന ഒരു ആരാധകന്റെ ചോദ്യവും എത്തിയത്.
സ്റ്റീവന്‍ മാത്യു എന്നയാളാണ് ചോദ്യം ചോദിച്ചത്. ‘പ്രേമത്തില്‍, ജോര്‍ജിനോട് ഒന്നും വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് മലര്‍ ഒടുവില്‍ പറയുന്നുണ്ട്. അവര്‍ക്ക് ശരിക്കും ഓര്‍മ്മ നഷ്ടപ്പെട്ടോ? അതോ മനപൂര്‍വം അവനെ ഒഴിവാക്കാന്‍ അവള്‍ ആഗ്രഹിച്ചതാണോ? അതോ അടുത്തിടെ ഓര്‍മ തിരികെ ലഭിച്ച അവള്‍ ജോര്‍ജ് വിവാഹിതനാകുന്ന കാരണത്തില്‍ അത് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലേ? മൂന്നു തവണ സിനിമ കണ്ടതിനു ശേഷവും ഞങ്ങള്‍ ആശയക്കുഴപ്പത്തിലാണ്. ഉത്തരത്തിനായി എന്റെ സുഹൃത്തുമായി ഞാന്‍ 100 രൂപയുടെ പന്തയം വെച്ചിരിക്കുകയാണ്,’ എന്നായിരുന്നു ഇയാളുടെ കമന്റ്.
തൊട്ടുപിന്നാലെ ചോദ്യത്തിന് മറുപടിയായി അല്‍ഫോണ്‍സ് പുത്രന്‍ രംഗത്തെത്തി. ‘അവളുടെ ഓര്‍മ നഷ്ടപ്പെട്ടു. ഓര്‍മ തിരിച്ചു കിട്ടിയപ്പോള്‍ അവള്‍ അറിവഴകനുമായി സംസാരിച്ചിരിക്കും. അവിടെ എത്തിയപ്പോള്‍ സെലിനൊപ്പം ജോര്‍ജ് സന്തോഷവാനാണെന്ന് അവള്‍ക്ക് തോന്നിയിരിക്കും. ‘സൂപ്പര്‍’ എന്ന് പറഞ്ഞതില്‍ നിന്ന് മലരിന് ഓര്‍മ തിരിച്ചു കിട്ടിയെന്ന് ജോര്‍ജിനും മനസിലായി.
എന്നാല്‍ ഇതൊന്നും സംഭാഷണങ്ങളിലൂടെ പറയുന്നില്ല. പകരം വയലിനും ഹാര്‍മോണിയത്തിന്റെ സംഗീതവും ഉപയോഗിച്ചാണ് ഇത് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്. നിങ്ങളുടെ സംശയം മാറിയെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള അവസാന ഉത്തരം ഇതാണ്, അടുത്തിടെ മലരിന് ഓര്‍മ തിരികെ ലഭിച്ചു,’എന്നായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍ നല്‍കിയ മറുപടി.