തിരുവനന്തപുരം: മലയാളി സംവിധായകനും തീവ്ര ഹിന്ദുത്വവാദിയുമായ രാമസിംഹന്‍ അബൂബക്കര്‍ ബി.ജെ.പി വിട്ടു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഇമെയില്‍ വഴിയാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. ദേശീയ നേതൃത്വത്തിന് കേരളത്തിലെ പ്രശ്നങ്ങള്‍ അറിയാമെന്നും സംവിധായകന്‍ പറഞ്ഞു.
ബി.ജെ.പി കലാകാരന്മാര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അലി അക്ബര്‍ പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചത്. തെരഞ്ഞെടുപ്പുകളിലെ പ്രദര്‍ശന വസ്തുക്കളല്ല കലാകാരന്മാരെന്നും, അവരാണ് ലോകത്തെ മുന്നോട്ട് നയിച്ചതെന്ന ബോധം ബി.ജെ.പിക്ക് ഉണ്ടാകണമെന്നും അലി അക്ബര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2022 ജനുവരിയില്‍ ഇസ്‌ലാം മതം വിട്ട് അലി അക്ബര്‍ ഹിന്ദുമതം സ്വീകരിച്ചിരുന്നു. ജനറല്‍ ബിപിന്‍ റാവത്ത് ഹെലികോപ്ടര്‍ അപകടത്തെ തുടര്‍ന്ന് മരിച്ച വാര്‍ത്തയ്ക്ക് താഴെ ഏതാനും ആളുകള്‍ ചിരിക്കുന്ന ഇമോജി ഇട്ടതിനെ തുടര്‍ന്നാണ് താന്‍ മതം മാറുന്നതെന്നാണ് രാമസിംഹന്‍ അന്ന് പറഞ്ഞത്. അങ്ങനെയാണ് രാമസിംഹന്‍ അബൂബക്കര്‍ എന്ന പേര് സ്വീകരിച്ചത്.
രാഷ്ട്രീയ പാര്‍ട്ടികളോടുള്ള അടിമത്തം അവസാനിപ്പിക്കുകയാണെന്ന് ഫേസ്ബുക്കിലൂടെയും അദ്ദേഹം വിവരം പങ്കുവെച്ചു. ഒരു സന്തോഷം പങ്ക് വെക്കുകയാണെന്നും താനിപ്പോള്‍ ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം.
‘പണ്ട് പണ്ട് (ചിരി) കുമ്മനം രാജേട്ടന്‍ തോറ്റപ്പോള്‍ വാക്ക് പാലിച്ചു മൊട്ടയടിച്ചു, ഇനി ആര്‍ക്കും വേണ്ടി മൊട്ടയടിക്കില്ല എനിക്ക് വേണ്ടിയല്ലാതെ.. ഒപ്പം ഒരു സന്തോഷം പങ്കുവെക്കട്ടെ ഇപ്പോള്‍ ഞാന്‍ ഒരു രാഷ്ട്രീയത്തിനും അടിമയല്ല.. തികച്ചും സ്വതന്ത്രന്‍…. എല്ലാത്തില്‍ നിന്നും മോചിതനായി.. ഒന്നിന്റെ കൂടെ മാത്രം, ധര്‍മ്മത്തോടൊപ്പം.. ഹരി ഓം,’ രാമസിംഹന്‍ അബൂബക്കര്‍ കുറിച്ചു.