| Sunday, 31st July 2022, 7:25 pm

'വന്‍ പരാജയം' ;കേരള ബി.ജെ.പിയെ വിമര്‍ശിച്ച് രാമസിംഹന്‍ അബൂബക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലെ ബി.ജെ.പിയെ വിമര്‍ശിച്ച് സംവിധായകന്‍ അലി അക്ബര്‍ എന്ന രാമസിംഹന്‍. കേരള ബി.ജെ.പി വന്‍ പരാജയമെന്നാണ് കേരള നേതൃത്വത്തെ ഉന്നമിട്ടുകൊണ്ട് രാമ സിംഹന്‍ അബൂബക്കര്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അലി അക്ബര്‍ കുറിച്ചത്.

ഇതിന് പിന്നാലെ അലി അക്ബറിനെ പിന്തുണച്ചും വിമര്‍ശിച്ചും പ്രവര്‍ത്തകരടക്കം നിരവധിപേര്‍ രംഗത്തെത്തി. ‘കെ.ജെ.പി ഒരു വന്‍പരാജയം. അങ്ങനെ തോന്നുന്നവര്‍ക്ക് ലൈക്ക് അടിക്കാം’ എന്ന് പറഞ്ഞാണ് രാമസിംഹന്‍ എന്ന അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

‘വേദന കൂടുമ്പോള്‍ പ്രതികരിക്കും, അതാണ് മനുഷ്യരെന്ന്’ വിമര്‍ശിക്കുന്നവര്‍ക്ക് അലി അക്ബര്‍ മറുപടിയും നല്‍കി. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചതിലെ നീരസം ചിലര്‍ പ്രകടിപ്പിച്ചപ്പോള്‍ എനിക്ക് ഈ മീഡിയ മാത്രേ ഉള്ളു അതാണ് എനിക്ക് സത്യം ലോകത്തോട് പറയാനുള്ള മാധ്യമം എന്നായിരുന്നു രാമസിംഹന്റെ മറുപടി.

പരാതിയുണ്ടെങ്കില്‍ അത് പറയാനുള്ള വേദിയും പരിഹാരം ഉണ്ടാകും എന്നു സാധാരണ പ്രവര്‍ത്തകര്‍ വിശ്വസിക്കുന്ന സംഘടനയുമാണ് സംഘ പരിവാര്‍ എന്നൊരാളുടെ കമന്റിന് ബി.ജെ.പിക്ക് അങ്ങനെ ഒരു അവസ്ഥ ഇല്ല എന്നും മറുപടി കൊടുത്തു.

ബി.ജെ.പിയുടെ സംസ്ഥാന സമിതി അംഗമായിരുന്നു രാമസിംഹന്‍ അബൂബക്കര്‍. ബി.ജെ.പിയോടും സംഘപരിവാറിനോടും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.

കുറച്ച് കാലം മുമ്പാണ് ബി.ജെ.പി സംസ്ഥാന സമിതി അംഗത്വം രാമസിംഹന്‍ അബൂബക്കര്‍ രാജിവെച്ചത്. എന്നാല്‍ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചെങ്കിലും സംഘപരിവാര്‍ സംഘടനകളോട് രാമസിംഹന്‍ അബൂബക്കര്‍ കടുത്ത ആഭിമുഖ്യം പുലര്‍ത്തിയിരുന്നു.

സമൂഹമാധ്യമങ്ങളില്‍ ഇതിന് മുന്‍പും ബി.ജെ.പിയിലെ തിരുത്തല്‍ ശക്തികള്‍ കെ.ജെ.പി എന്ന് വിളിച്ച് കേരള ഘടകത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. ദേശീയ നേതൃത്വത്തില്‍ നിന്നും വിഭിന്നമായി വിഷയങ്ങളില്‍ ഇടപെടുന്നതിനാലാണ് ഇത്. ദേശീയ നേതൃത്വം ചിട്ടയോടെ പ്രവര്‍ത്തിക്കുമ്പോള്‍ അതിന് വിഭിന്നമായി ഗ്രൂപ്പ് പോരുമായി നടക്കുകയാണ് കേരള ഘടകം എന്നാണ് ഇവരുടെ വിമര്‍ശനം.

ഇതിനെ പ്രതിധ്വനിക്കുന്നതാണ് രാമസിംഹന്‍ അബൂബക്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിന് താഴെ അതിനെ അനുകൂലിച്ചാണ് കൂടുതല്‍ പേരും കമന്റ് ചെയ്യുന്നത്. വത്സന്‍ തില്ലങ്കേരിയെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് പലരും പറയുന്നത്.

‘ശ്രീധരന്‍ ജി വന്നപ്പോള്‍ എല്ലാര്‍ക്കും കുമ്മനം ജി വന്നാല്‍ മതി പൊളിക്കും എന്നായിരുന്നു, കുമ്മനം ജി വന്നപ്പോള്‍ കെ.എസ് വേണം. എന്തൊരു ഓളം ആയിരുന്നു എന്നിട്ട് സുരേന്ദ്രന്‍ ജി വന്നപ്പോള്‍ ഇപ്പോള്‍ വത്സന്‍ തില്ലങ്കേരി വേണം ഇനി തില്ലങ്കേരി വന്നാ അടുത്തയാള്‍. നേതാക്കളല്ല പ്രശ്നം ചിലരുടെ കാഴ്ചപ്പാടിന്റേതാണ്’ എന്നാണ് മറ്റൊരാള്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്.

അതേസമയം, ഞാന്‍ ഒരു ഹിന്ദുവാണ് ഹിന്ദുത്വം എന്റെ സത്വമാണ്. അതിന്റെ കൂടെ നില്‍ക്കാവുന്നവര്‍ മാത്രം മതി എന്ന് മറ്റൊരു പോസ്റ്റും രാമസിംഹന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു. ‘ഒരു രാഷ്ട്രീയ പിന്‍ബലവും വേണ്ട, എന്റെ കൃഷ്ണന്‍ മാത്രം മതി, ഹരേ കൃഷ്ണ’ എന്നുമായിരുന്നു കുറിച്ചത്.

Content Highlight: Director Ali Akbar against kerala BJP

We use cookies to give you the best possible experience. Learn more