| Tuesday, 9th February 2021, 2:27 pm

ചുമ്മാ ഒരു രസത്തിനാണ് ആ ശബ്ദം ഞാന്‍ കൊടുത്തത്, കേട്ടപ്പോള്‍ ഭദ്രന് ഇഷ്ടമായി; സ്ഫടികം സിനിമയെ കുറിച്ച് ആലപ്പി അഷറഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികത്തെ കുറിച്ചുള്ള തന്റെ ചില ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ ആലപ്പി അഷറഫ്. ചിത്രവുമായി ചെറുതല്ലാത്ത ഒരു ബന്ധവും ആലപ്പി അഷ്‌റഫിനുണ്ട്.

ചിത്രത്തിലെ തിലകന്റെ കഥാപാത്രമായ ചാക്കോ മാഷിനെ ‘കടുവ’എന്ന വട്ടപ്പേരു വിളിക്കുന്ന മൈനയെ ആരും മറക്കാന്‍ ഇടയില്ല. ചിത്രത്തില്‍ മൈനയ്ക്ക് ശബ്ദം കൊടുത്തിരിക്കുന്നത് ആലപ്പി അഷ്ഫറാണ്.

റീ റിക്കാര്‍ഡിങിന്റെ ആവശ്യത്തിലേയ്ക്കുള്ള ശബ്ദങ്ങള്‍ക്കായ് ആടുതോമക്ക് വേണ്ടി ട്രാക്ക് വോയ്‌സ് ഡബ്ബ് ചെയ്തത് ആലപ്പി അഷ്‌റഫായിരുന്നു. ലാലിന് വേണ്ടി ഡബ്ബ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍, മൈനയുടെ സീക്വന്‍സ് വന്നപ്പോള്‍ വെറുതെ ഒരു രസത്തിന് അദ്ദേഹം മൈനയ്ക്കും ശബ്ദം കൊടുത്തു. ഇതുകേട്ട സംവിധായകന്‍ ഭദ്രന് അത് ഇഷ്ടമാകുകയും സിനിമയില്‍ ആ ശബ്ദം ഉള്‍പ്പെടുത്തുകയുമായിരുന്നു. ആ സംഭവത്തെ കുറിച്ച് ആലപ്പി അഷ്‌റഫിന്റെ വാക്കുകള്‍ ഇങ്ങനെ…

‘സ്ഫടികം സിനിമയുടെ നൂറാംദിവസ ആഘോഷത്തില്‍ എനിക്കും ക്ഷണമുണ്ടായിരുന്നു. അവര്‍ എന്നെ വേദിയിലേക്ക് വിളിച്ച് എന്റെ പേര് ആലേഖനംചെയ്ത ഒരു ഷീല്‍ഡ് നല്‍കി എനിക്ക് ആദരവ് തന്നു. എന്തിനെന്നോ… ആ സിനിമയില്‍ ഞാനും ശബ്ദം നല്‍കിയിട്ടുണ്ട്, സ്ഫടികത്തിലെ നടീനടന്മാര്‍ക്കൊന്നുമല്ല..പിന്നെയോ.. ?

അതിലെ അതികായകനായ ചാക്കോ മാഷിനെ.. ‘ കടുവാ കടുവാ ‘ എന്നു വിളിച്ചു ആക്ഷേപിക്കുന്ന മൈനയ്ക്ക് വേണ്ടി, ആ ശബ്ദം നല്‍കിയിരുന്നത് ഞാനായിരുന്നു. സ്ഫടികം റിലീസ് തിയതി നിശ്ചയിച്ചു കഴിഞ്ഞപ്പോള്‍ മോഹന്‍ലാല്‍ ഒഴിച്ചു എല്ലാവരുടെയും ഡബ്ബിങ് കഴിഞ്ഞിരുന്നു. ആ സമയം ലാല്‍ ഇന്ത്യയില്‍ ഇല്ലായിരുന്നു .

റീ റിക്കാര്‍ഡിങിന്റെ ആവശ്യത്തിലേയ്ക്കുള്ള ശബ്ദങ്ങള്‍ക്കായ് അന്ന് ലാലിന്റെ ആടുതോമക്ക് വേണ്ടി ട്രാക്ക് വോയ്‌സ് ഡബ്ബ് ചെയ്തത് ഞാനായിരുന്നു. ലാലിന് വേണ്ടി ഡബ്ബ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍, മൈനയുടെ സീക്വന്‍സ് വന്നപ്പോള്‍ ഞാന്‍ ഒരു രസത്തിന്, അതിനുംകൂടി ശബ്ദം കൊടുത്തു. അത് കേട്ട സംവിധായകന്‍ ഭദ്രന്‍ ആശ്ചര്യത്തോടെ ഒന്നുകൂടി ചെയ്യാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ആവര്‍ത്തിച്ചു. മൈനയ്ക്ക് വേണ്ടിയുള്ള എന്റെ ആ മിമിക് ശബ്ദം അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടു. മൈനയുടെ ശബ്ദത്തിന്റെ കാര്യത്തില്‍ അങ്ങനെ തീരുമാനമായ്.

സ്ഫടികം സൂപ്പര്‍ ഹിറ്റായപ്പോള്‍ തമിഴിലും മൊഴിമാറ്റം നടത്തി. അവരും എന്നെ വിളിച്ചു. ഈ കിളിയുടെ ശബ്ദം ചെയ്യാന്‍, ‘ഇവിടെ ഇത് ചെയ്യാന്‍ ആളില്ല സാര്‍.. ‘ മലയാളത്തിലെ ശബ്ദം തന്നെ ഉപയോഗിച്ചാല്‍ പോരെയെന്ന് ഞാന്‍ ചോദിച്ചു. ഇല്ല സാര്‍ ഇവിടെ കടുവാ എന്നല്ല പറയുന്നത് കരടി എന്നാണ്. വേറെ മാര്‍ഗ്ഗമൊന്നുമില്ല സഹായിക്കണം.

കൊച്ചിയില്‍ നിന്നും രാവിലെത്തെ വിമാനത്തില്‍ മദിരാശിയില്‍ എത്തി , സ്ഫടികം മോഡല്‍ ശബ്ദത്തില്‍ ‘കരടി കരടി ‘ എന്നു പറഞ്ഞു വൈകിട്ടത്തെ വിമാനത്തില്‍ തിരിച്ചു വന്നു. അതിന് പ്രതിഫലമൊന്നും സ്വീകരിച്ചുമില്ല’, ആലപ്പി അഷ്‌റഫ് പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Director Alappy Asharaf About Sphadikam Movie Dubbing

We use cookies to give you the best possible experience. Learn more