| Thursday, 1st June 2023, 7:14 pm

ഫഹദിന്റെ ഉള്ളില്‍ ഒരു കുഞ്ഞ് ഡയറക്ടറുണ്ട്: അഖില്‍ സത്യന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫഹദ് ഫാസിലിന്റെയുള്ളില്‍ ഒരു കുഞ്ഞ് ഡയറക്ടറുണ്ടെന്ന് അഖില്‍ സത്യന്‍. ഫഹദ് നല്ല ബുദ്ധിയുള്ള നടനാണെന്നും അദ്ദേഹത്തെപോലൊരു നടനെ പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയില്‍ ലഭിച്ചതില്‍ ഡയറക്ടറെന്ന രീതിയില്‍ താന്‍ വളരെ ലക്കിയാണെന്നും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ അഖില്‍ പറഞ്ഞു.

‘ഫഹദിന്റെ ഉള്ളില്‍ ഒരു കുഞ്ഞ് ഡയറക്ടറുണ്ട്. ബേസിക്കലി ഇത്രയും നല്ലൊരു ആക്ടറായതുകൊണ്ടും നല്ല ബുദ്ധിയുള്ളതുകൊണ്ടും നമ്മളെ സര്‍പ്രൈസ് ചെയ്തുകളയും.

പുള്ളിയുടെ മൈല്‍ഡായിട്ടുള്ള ഇമ്പ്രൊവൈസേഷന്‍സൊക്കെ ഭയങ്കര രസമാണ്. ഒരു ഡയറക്ടറെന്ന രീതിയില്‍ വളരെ ലക്കിയാണ് ഞാന്‍, ‘ അഖില്‍ പറഞ്ഞു.

ഞാന്‍ പ്രകാശന്‍ എന്ന സിനിമ തനിക്ക് വളരെ സ്‌പെഷ്യല്‍ ആണെന്നും വളരെ സ്വാതന്ത്ര്യത്തോടെയാണ് ആ സിനിമയില്‍ വര്‍ക്ക് ചെയ്തതെന്നും അഖില്‍ പറഞ്ഞു. ഒറ്റ വരിയില്‍ മുപ്പത് സെക്കന്‍ഡില്‍ പറയാന്‍ പറ്റുന്ന ത്രെഡ് കൊണ്ട് ആളുകളെ ഇംപ്രസ് ചെയ്യാന്‍ കഴിയുമെങ്കില്‍ അതില്‍ സ്‌കോപുണ്ടെന്നും അഖില്‍ പറഞ്ഞു.

‘ഞാന്‍ പ്രകാശന്‍’ എനിക്ക് വളരെ സ്‌പെഷ്യല്‍ ആയ സിനിമയണ്. ആ സിനിമയില്‍ നല്ല സ്വാതന്ത്ര്യത്തോടെയാണ് വര്‍ക്ക് ചെയ്തത്. അച്ഛന്റെ കൂടെ പത്ത് വര്‍ഷത്തോളം വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും ആ സിനിമ വളരെ പേഴ്‌സണലാണ്.

അതില്‍ വര്‍ക്ക് ചെയ്തു കഴിഞ്ഞപ്പോഴാണ് ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പ്രാപ്തനായെന്ന് മനസിലായത്. അതിന് മുമ്പ് എനിക്ക് മനസില്‍ വന്ന ചിന്തയാണ് പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമ. ഞാനത് ഷെയര്‍ ചെയ്തപ്പോഴും ആളുകള്‍ക്കത് ഇഷ്ടപ്പെട്ടിരുന്നു.

ഒറ്റ വരിയില്‍ മുപ്പത് സെക്കന്‍ഡില്‍ പറയാന്‍ പറ്റുന്ന ത്രെഡ് പറഞ്ഞുകൊണ്ട് ആളുകളെ ഇംപ്രസ് ചെയ്യാന്‍ കഴിയുമെങ്കില്‍ അതില്‍ സ്‌കോപുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സ്‌ക്രിപ്റ്റ് എങ്ങനെയാണ് എഴുതേണ്ടതെന്നതിനെക്കുറിച്ച് എനിക്കൊരു ധാരണയും ഇല്ലായിരുന്നു.

അച്ഛന്റെയും ശ്രീനിയങ്കിളിന്റെയും സ്‌ക്രിപ്റ്റ് വായിച്ചുള്ള പരിചയം മാത്രമേ എനിക്കുണ്ടായിരുന്നുള്ളു. പക്ഷേ പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമ പ്രോപ്പറായി വര്‍ക്കാവണമെന്നുണ്ടായിരുന്നു.

വളരെ കഷ്ടപ്പെട്ടുണ്ടാക്കിയ സ്‌ക്രിപ്റ്റ് തന്നെയാണ് അത്. ഞാന്‍ പൊതുവേ നല്ല മടിയുള്ളയാളാണ്. പക്ഷേ ഈ കാര്യത്തില്‍ അതുണ്ടായിരുന്നില്ല, ‘ അഖില്‍ പറഞ്ഞു.


Content Highlights: Director Akhil Sathyan about Fahadh Fasil

We use cookies to give you the best possible experience. Learn more