മോഷ്ടിക്കാന്‍ നീ ആര് മധുവോ; വിവാദ പരാമര്‍ശം; അഖില്‍ മാരാര്‍ക്കെതിരെ പ്രതിഷേധം
Movie Day
മോഷ്ടിക്കാന്‍ നീ ആര് മധുവോ; വിവാദ പരാമര്‍ശം; അഖില്‍ മാരാര്‍ക്കെതിരെ പ്രതിഷേധം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 7th April 2023, 12:20 pm

മോഷണം ആരോപിച്ച് ആള്‍ക്കൂട്ട കൊലപാതകത്തിനിരയായ ആദിവാസി യുവാവ് മധുവിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി സംവിധായകന്‍ അഖില്‍ മാരാര്‍. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ടാസ്‌കിനിടയിലാണ് അഖിലിന്റെ വിവാദ പരാമര്‍ശം.

സിനിമയിലെ പ്രശസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടാസ്‌കിനിടയിലാണ് അഖിലിന്റെ പരാമര്‍ശം. മീശമാധവനായി ഒരുങ്ങിനില്‍ക്കുന്ന സാഗര്‍ സൂര്യയോട് ‘നിന്നോട് അരിയാഹാരങ്ങള്‍ മോഷ്ടിക്കാന്‍ ആണോടാ പറഞ്ഞത്. നീയാരാ മധുവോ? ബാക്കിയുള്ള സാധനങ്ങള്‍ മോഷ്ടിക്കെടാ. ഭക്ഷണം മോഷ്ടിച്ചാല്‍ ഒടുക്കം മധുവിന്റെ അവസ്ഥ വരും’ എന്നായിരുന്നു അഖില്‍ തമാശയായി പറഞ്ഞത്. ഇത് കേട്ട് ചില മത്സരാര്‍ത്ഥികള്‍ ചിരിക്കുന്നതും കേള്‍ക്കാം.

വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് അഖിലിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാവുകയാണ്.

മാര്‍ച്ച് നാലിനായിരുന്നു മധു കൊലക്കേസിലെ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി ഹുസൈന്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് ഏഴ് വര്‍ഷം കഠിന തടവാണ് മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടിക വര്‍ഗ കോടതി വിധിച്ചത്. പതിമൂന്നുപേര്‍ക്കും ഒരു ലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചിട്ടുണ്ട്. പതിനാറാം പ്രതി മുനീറിന് മൂന്ന് മാസം തടവും 500 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

നേരത്തെയും അഖിലിന്റെ ബിഗ് ബോസിലെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. സ്ത്രീകള്‍ ശാരീരികമായി ദുര്‍ബലരായതുകൊണ്ടാണ് ഭരണ ഘടനയില്‍ അവര്‍ക്ക് അനുകൂലമായി നിയമങ്ങള്‍ ചേര്‍ത്തിരിക്കുന്നത് എന്നാണ് അഖില്‍ മാരാര്‍ പറഞ്ഞത്.

‘ഇന്ത്യന്‍ ഭരണ ഘടന പ്രകാരം സ്ത്രീയും പുരുഷ്യനും തുല്യരാണോ? അല്ല. ഇവളെന്റെ പുറത്ത് തൊട്ടാല്‍ എടുക്കുന്ന കേസാണോ ഞാന്‍ ഇവളുടെ പുറത്ത് തൊട്ടാല്‍ എടുക്കുന്നത്. എന്തുകൊണ്ടാണത്. സ്ത്രീ ശാരീരികമയായി പുരുഷനെക്കാള്‍ ദുര്‍ബലയാണ്,’ അഖില്‍ മാരാര്‍ പറഞ്ഞു.

നിങ്ങളിത് വളച്ചൊടിക്കുകയാണെന്നാണ് അഖില്‍ മാരാറിന്റെ പരാമര്‍ശത്തിന് യൂട്യൂബറായ ജുനൈസ് മറുപടി നല്‍കിയത്. നമ്മുടേത് ഒരു പുരുഷ കേന്ദ്രീകൃത ലോകമായതുകൊണ്ടാണ് സ്ത്രീകള്‍ക്ക് അനുകൂലമായി നിയമങ്ങള്‍ ഉണ്ടായതെന്നും ജുനൈസ് പറഞ്ഞു.

നിങ്ങള്‍ക്ക് അറിയില്ലെന്നാണ് ഇതിനോട് അഖില്‍ മാരാര്‍ പ്രതികരിച്ചത്. ‘ഒരു ബസില്‍ ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെടുന്നു. അവിടെ കുറെ പുരുഷന്മാര്‍ നോക്കിക്കൊണ്ടിരിക്കുകയാണ്. ഒരു പുരുഷന്‍ ഒരു സ്ത്രീയെ ആക്രമിക്കുമ്പോള്‍ എന്തുകൊണ്ടാണ് മറ്റ് പുരുഷന്മാര്‍ അവിടെ ഇടപെടണമെന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നത്? അഖില്‍ മാരാര്‍ ചോദിച്ചു.

Content Highlight: Director Akhil Marar made abusive remarks against Madhu