തമിഴ് സിനിമ ഇന്നേവരെ കാണാത്ത തരത്തിലുള്ള ഹൊറര്‍ സിനിമയായിരുന്നു 2015ല്‍ പുറത്തിറങ്ങിയ ഡിമോണ്ടി കോളനി. അജയ് ജ്ഞാനമുത്തു എന്ന സംവിധായകന്റെ തമിഴ് ഇന്‍ഡസ്ട്രിയിലേക്കുള്ള വരവറിയിച്ച സിനിമയായിരുന്നു ഡിമോണ്ടി കോളനി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം നയന്‍താര, അനുരാഗ് കശ്യപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഇമൈക്ക നൊടികള്‍ എന്ന ത്രില്ലറും അജയ് അണിയിച്ചൊരുക്കി.
എന്നാല്‍ വന്‍ ഹൈപ്പില്‍ വന്ന മൂന്നാമത്തെ ചിത്രം കോബ്ര ബോക്‌സ് ഓഫീസില്‍ പരാജയമായി. അഞ്ചോളം ഗെറ്റപ്പില്‍ വിക്രം പ്രത്യക്ഷപ്പെട്ട ചിത്രം ആദ്യദിനം തന്നെ പ്രേക്ഷകര്‍ കൈയൊഴിഞ്ഞു. 2020ല്‍ ചിത്രീകരണമാരംഭിച്ച കോബ്ര കൊവിഡ് കാരണം ഷൂട്ട് നീണ്ടുപോവുകയായിരുന്നു. ചിത്രത്തിന്റെ പരാജയകാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ അജയ് ജ്ഞാനമുത്തു.
സിനിമ സക്‌സസായാല്‍ അതിനെപ്പറ്റി പറയുന്നത് മുഴുവന്‍ പോസിറ്റീവ് കഥകളും പരാജയമാകുമ്പോള്‍ നമ്മള്‍ പറയുന്നത് മുഴുവന്‍ എക്‌സ്‌ക്യൂസുകളുമാണെന്ന് അജയ് പറഞ്ഞു. സ്‌ക്രിപ്റ്റ് എഴുതുന്നത് തൊട്ട് പ്രശ്‌നങ്ങളായിരുന്നെന്നും പറഞ്ഞുവെച്ച ബജറ്റില്‍ സിനിമ തീര്‍ക്കുക എന്ന വലിയ ടാസ്‌കും പ്രശ്‌നമായി വന്നെന്നും അജയ് പറഞ്ഞു.
സ്‌ക്രിപ്റ്റില്‍ നിന്ന് ആവശ്യമില്ലാതെ എടുത്തുകളഞ്ഞ സീനുകള്‍ കഥയില്‍ പ്രധാനമായിരുന്നുവെന്ന് പിന്നീടാണ് മനസിലായതെന്നും അജയ് കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് അജയ് ഇക്കാര്യം പറഞ്ഞത്.
‘കോബ്ര വലിയൊരു പരാജയമായിരുന്നു. എന്തുകൊണ്ട് പരാജയമായി എന്ന് പറയണമെന്നുണ്ട്. പക്ഷേ സിനിമ വിജയമായാല്‍ നമ്മള്‍ പറയുന്ന കാര്യങ്ങള്‍ സക്‌സസിന്റെ കഥകളാണ്. പരാജയമായതിന് നമ്മള്‍ പറയുന്നത് മുഴുവന്‍ എക്‌സ്‌ക്യൂസുകളാണ്. ഈ സിനിമയുടെ സ്‌ക്രിപ്റ്റ് ലോക്ക് ചെയ്തത് തൊട്ട് പ്രശ്‌നങ്ങളായിരുന്നു. വലിയ സിനിമകള്‍ എടുക്കുന്ന സമയത്ത് നമ്മള്‍ ആദ്യമേ ബജറ്റ് ലോക്ക് ചെയ്ത് വെച്ചതാണ് അടുത്ത പ്രശ്‌നമായി വന്നത്.
ഈ സിനിമയുടെ ഷൂട്ട് തീര്‍ക്കുന്നതിനിടയില്‍ രണ്ട് തവണ കൊവിഡ് കാരണം ലോക്ക്ഡൗണ്‍ വന്നു. സ്വാഭാവികമായും നമ്മള്‍ പറഞ്ഞുവെച്ച ബജറ്റ് തീരാറായി. അതുപോലെ സ്‌ക്രിപ്റ്റില്‍ നിന്ന് നമ്മള്‍ പലപ്പോഴും ആവശ്യമില്ലെന്ന് വിചാരിച്ച് ചില കാര്യങ്ങള്‍ എടുത്തുകളായും. സാധാരണ സിനിമയാണെങ്കില്‍ നമുക്ക് പിന്നീട് അത് കൂട്ടിച്ചേര്‍ക്കാം. ഇവിടെ എനിക്കതിന് സാധിച്ചില്ല. എന്നിരുന്നാലും പരാജയത്തിന്റെ ഉത്തരവാദിത്തം മറ്റുള്ളവരില്‍ ഇടാന്‍ ഞാന്‍ തയാറല്ല,’ അജയ് ജ്ഞാനമുത്തു പറഞ്ഞു.
Content Highlight: Director Ajay Gnanamuthu about the failure of Cobra movie