ഫ്‌ളഷ് എന്ന തന്റെ പുതിയ സിനിമയുടെ റിലീസിങ്ങുമായ് ബന്ധപ്പെട്ടുള്ള വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കുകയാണ് സംവിധായിക ഐഷ സുല്‍ത്താന.
നിയമം പറഞ്ഞുകൊണ്ട് തന്റെ ശബ്ദം ഇല്ലാതാക്കാന്‍ ഭരണകൂടം മുമ്പേ ശ്രമിച്ചതാണെന്നും ഏതുവിധേനെയും സിനിമ റിലീസ് ചെയ്യുമെന്നും ഐഷ പറഞ്ഞു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘എന്റെ ഫ്‌ളഷ് എന്ന സിനിമ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്യുന്നതിനെതിരെ നിര്‍മാതാവ് നിയമപരമായി നീങ്ങിയാല്‍ ഞാനതിനെ കൂളായിട്ട് നേരിടും. കാരണം, നിയമം പറഞ്ഞുകൊണ്ട് എന്റെ ശബ്ദം ഇല്ലാതാക്കാന്‍ അവര്‍ മുമ്പേ ശ്രമിച്ചതാണ്.
ഇക്കൂട്ടരെന്നെ ഇതിന് മുമ്പേ രാജ്യദ്രോഹിയാക്കിയതാണ്. അത് കഴിഞ്ഞിട്ടാണ് ഇപ്പോള്‍ അടുത്തത്. എനിക്കതിനോട് യാതൊരു തരത്തിലുള്ള പേടിയുമില്ല. എന്ത് സംഭവിച്ചാലും നേരിടാന്‍ തയ്യാറാണ്.
ഞാന്‍ കുറച്ച് ആര്‍ട്ടിസ്റ്റുകളെ പുറത്ത് നിന്നും കാസ്റ്റ് ചെയ്തിരുന്നു. ലൊക്കേഷനില്‍ ഒരു സീന്‍ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഇവര്‍ മൂന്ന് പേര്‍ എന്നോട് പറഞ്ഞു, അവര്‍ക്കൊന്ന് ബാത്ത്‌റൂമില്‍ പോകണമെന്ന്. ബാത്ത്‌റൂമിലേക്ക് ഞങ്ങള്‍ ഷൂട്ട് ചെയ്യുന്നിടത്ത് നിന്ന് ഒരുപാട് ദൂരമുണ്ട്. പ്രൊഡ്യൂസറായ ബീന കാസിമിന്റെ റിസോര്‍ട്ടിലാണ് ഞങ്ങള്‍ താമസിക്കുന്നത്.
ഞാന്‍ അവര്‍ക്ക് പോവാന്‍ വേണ്ടി വണ്ടി റെഡിയാക്കി കൊടുത്തു. ഇവര്‍ പോയിട്ട് പിന്നെ തിരിച്ചുവന്നില്ല. ഫോണ്‍ ചെയ്തപ്പോള്‍ സ്വിച്ച് ഓഫായിരുന്നു. അങ്ങനെ കൂടെയുള്ള രണ്ടുപേര്‍ പോയി അന്വേഷിച്ചപ്പോഴാണ് അറിയാന്‍ കഴിഞ്ഞത് അന്ന് വന്ന കപ്പലില്‍ അവര്‍ കയറിപോയെന്ന്.
കാരണം, പ്രൊഡ്യൂസറിന്റെ ഭര്‍ത്താവ് അവരെ പൈസയും കൊടുത്ത് പറഞ്ഞുവിട്ടിരുന്നു. ഇതൊന്നുമറിയാതെ സീന്‍ ഷൂട്ട് ചെയ്യാന്‍ വേണ്ടി അവരെയും കാത്തിരിക്കുകയായിരുന്നു ഞങ്ങള്‍. നാല് ദ്വീപില്‍ ഷൂട്ട് ചെയ്ത സീനുകള്‍ വെട്ടിക്കുറയ്‌ക്കേണ്ടി വന്നത് കൂടാതെ ഈ സീനുകളും വെട്ടിക്കുറക്കേണ്ടി വന്നു, ‘ ഐഷ സുല്‍ത്താന പറഞ്ഞു.
ലഗൂണ്‍ വില്ല പ്രൊജക്ടിനെപ്പറ്റി സിനിമയില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും സിനിമ റിലീസായാലും ഇല്ലെങ്കിലും ആ പ്രൊജക്ട് നടത്താന്‍ സമ്മതിക്കില്ലെന്നും ഐഷ പറഞ്ഞു. ലക്ഷദ്വീപിന്റെ ഭൂമിശാസ്ത്രം അറിയുന്നവരാണെങ്കില്‍ ഒരിക്കലും ലഗൂണ്‍ വില്ല വരാന്‍ അനുവദിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ ലഗൂണ്‍ വില്ല പ്രൊജക്ടിനെപ്പറ്റി സിനിമയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഈ സിനിമ റിലീസായാലും ഇല്ലെങ്കിലും ആ പ്രൊജക്ട് നടത്താന്‍ ഞങ്ങള്‍ സമ്മതിക്കില്ല. ഇത് തന്നെയാണ് ഞാന്‍ സിനിമയിലൂടെയും പറഞ്ഞത്.
കടലിലാണ് കൂടുതലും ഷൂട്ട് നടന്നത്. കടലിനെ നമ്മള്‍ പ്രൊട്ടക്ട് ചെയ്യണം. കാരണം, കടലുണ്ടെങ്കില്‍ മാത്രമേ ഞങ്ങളുള്ളൂ.
ലക്ഷദ്വീപിന്റെ ഭൂമിശാസ്ത്രം അറിയുന്നവരാണെങ്കില്‍ ഒരിക്കലും ലഗൂണ്‍ വില്ല വരാന്‍ അനുവദിക്കില്ല. അതറിയുന്നത് കൊണ്ടാണ് ഞാനതിനെ എതിര്‍ത്തത്.
എന്റെ നാട് നേരിടുന്ന പ്രശ്‌നം അഡ്രസ് ചെയ്യാന്‍ ഞാന്‍ തെരഞ്ഞെടുത്ത മീഡിയം സിനിമയാണ്. പക്ഷേ ഇവരിപ്പോള്‍ പറയുന്നു, ഇവരോട് ഞാന്‍ പറഞ്ഞ കഥയല്ല ഇപ്പോള്‍ സിനിമയാക്കുന്നതെന്ന്, ‘ ഐഷ പറഞ്ഞു.
Content Highlights: Director Aisha Sulthana about her movie Flush and Lagoon Villa project