| Saturday, 22nd May 2021, 3:40 pm

ഈ മണ്ണ് ഞങ്ങള്‍ ആര്‍ക്കാണ് വിട്ടുകൊടുക്കേണ്ടത്; ഞങ്ങള്‍ക്ക് കേരളത്തിന്റെ സഹായം വേണം; ലക്ഷദ്വീപില്‍ നടക്കുന്നത് ഭരണകൂട ഭീകരതയെന്ന് സംവിധായിക ഐഷ സുല്‍ത്താന

ഡൂള്‍ന്യൂസ് ഡെസ്‌ക്

കവരത്തി: ലക്ഷദ്വീപില്‍ അരങ്ങേറുന്നത് ഭരണകൂട ഭീകരതയാണെന്ന് യുവ സംവിധായിക ഐഷ സുല്‍ത്താന. നൂറ് ശതമാനം മുസ്‌ലിങ്ങള്‍ താമസിക്കുന്ന ഇന്ത്യയിലെ ഏക ദ്വീപായ ലക്ഷദ്വീപിനെ അടിമുടി കാവിവത്ക്കരിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും ഐഷ പറഞ്ഞു.

മലയാളത്തിലെ ഒട്ടേറെ സിനിമകളില്‍ സഹസംവിധായികയായി പ്രവര്‍ത്തിച്ച ഐഷ ലക്ഷദ്വീപ് നിവാസികളുടെ ജീവിതം പശ്ചാത്തലമാക്കി ഫ്‌ളഷ് എന്ന പേരില്‍ ഇപ്പോള്‍ ഒരു സിനിമ സംവിധാനം ചെയ്യുകയാണ്.

ലക്ഷദ്വീപിന്റെ പുതിയ അഡ്മിനിസ്‌ട്രേറ്ററായി പ്രഫുല്‍ പട്ടേല്‍ ചുമതലയേറ്റെടുത്തതോടെയാണ് ദ്വീപ് നിവാസികളുടെ ജീവിതം താളം തെറ്റിയതെന്നും പ്രഫുല്‍ പട്ടേലും സംഘവും ദ്വീപിലെത്തിയതോടെയാണ് ദ്വീപില്‍ കൊവിഡ് പടര്‍ന്നുപിടിച്ചതെന്നും ഐഷ സുല്‍ത്തന പറഞ്ഞു.

അത്യാവശ്യ ആശുപത്രി സംവിധാനം പോലും ലക്ഷദ്വീപില്‍ ഇല്ല. ആ സമയത്താണ് ഈ മഹാമാരിയുടെ കടന്നുവരവ്.

പ്രഫുല്‍ പട്ടേല്‍ ദ്വീപിലെ ജനങ്ങളുടെ പരമ്പരാഗത ജീവിതവും വിശ്വാസവും തൊഴിലും തകര്‍ക്കുകയാണ്. തീരസംരക്ഷണ നിയമത്തിന്റെ മറവില്‍ മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികളും ഷെഡുകളും പൊളിച്ചുനീക്കി. ടൂറിസം വകുപ്പില്‍ നിന്ന് 190 പേരെ പിരിച്ചുവിട്ടു. സ്‌ക്കൂളുകളില്‍ ഉച്ചഭക്ഷണം ഉണ്ടാക്കുന്നവരെയും പുറത്താക്കി, ഐഷ പറയുന്നു.

ദ്വീപിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന താല്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. അംഗനവാടികള്‍ അടച്ചുപൂട്ടി.  ടൂറിസത്തിന്റെ മറവില്‍ മദ്യശാലകള്‍ തുറന്നു. ഗോവധവും മാംസാഹാരവും നിരോധിച്ചു.  വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണത്തിലെ മെനുവില്‍നിന്ന് ബീഫ് ഒഴിവാക്കി.  പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകരുതെന്ന് ചട്ടവും കൊണ്ടുവന്നെന്നും ഐഷ സുല്‍ത്താന പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ നീക്കം ലക്ഷദ്വീപിനെ തകര്‍ക്കുക എന്നതാണ്. സാധാരണക്കാരായ പാവപ്പെട്ട മുസ്‌ലിങ്ങളുടെ സമാധാന ജീവിതം ഇല്ലാതാക്കുക. തീര്‍ത്തും രാഷ്ട്രീയ പകപോക്കലാണ്. മുസ്‌ലിങ്ങളുടെ വിശ്വാസത്തെ തകര്‍ത്ത് ഫാസിസ്റ്റ് നയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. തങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം അത് നേടിയെടുക്കാന്‍ കേരളത്തിലെ സാധാരണക്കാരുടെ സപ്പോര്‍ട്ട് വേണമെന്നും ഐഷ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Director Aisha Sultana says what is happening in Lakshadweep

We use cookies to give you the best possible experience. Learn more