തീവ്രവാദികളോ, മാഫിയകളോ പിടിക്കപ്പെട്ടാല്‍ പാവം ലക്ഷദ്വീപുകാരുടെ തലക്ക് കെട്ടിവെക്കുന്നത് നിര്‍ത്തണം; ഏഷ്യാനെറ്റ് വാര്‍ത്തക്കെതിരെ ഐഷ സുല്‍ത്താന
Kerala News
തീവ്രവാദികളോ, മാഫിയകളോ പിടിക്കപ്പെട്ടാല്‍ പാവം ലക്ഷദ്വീപുകാരുടെ തലക്ക് കെട്ടിവെക്കുന്നത് നിര്‍ത്തണം; ഏഷ്യാനെറ്റ് വാര്‍ത്തക്കെതിരെ ഐഷ സുല്‍ത്താന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th May 2023, 2:13 pm

കോഴിക്കോട്: കൊച്ചി പുറംകടലിലെ ലഹരി മരുന്ന് വേട്ടയുടെ പേരില്‍ വ്യാജ വാര്‍ത്ത
നല്‍കുന്നുവെന്ന് സംവിധായിക ഐഷ സുല്‍ത്താന. ‘മയക്കുമരുന്ന് കടത്തിയ ബോട്ട് ശ്രീലങ്കയേയും ലക്ഷദ്വീപിനെയും ലക്ഷ്യമാക്കിയെന്ന’ ചോദ്യ ചിഹ്നത്തില്‍ നല്‍കിയ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഐഷയുടെ പ്രതികരണം.

ഇത്തരം വാര്‍ത്തകള്‍ക്കെതിരെ ലക്ഷദ്വീപ് കലക്ടര്‍ അര്‍ജുന്‍ ഇടപെടണമെന്നും ഇതിനോട് ശക്തമായി പ്രതിഷേധം അറിയിക്കുന്നതായും ഐഷ പറഞ്ഞു. തീവ്രവാദികളോ, മാഫിയകളോ പിടിക്കപ്പെട്ടാല്‍ പാവം ലക്ഷദ്വീപുകാരുടെ തലക്ക് കെട്ടിവെക്കുന്നത് നിര്‍ത്തണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ലക്ഷക്കണക്കിന് മൈല്‍ വിസ്തീര്‍ണമുള്ള അറബിക്കടലിലൂടെ ദിവസവും ആയിരക്കണക്കിന് കപ്പലുകള്‍ വിവിധ രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്ന അന്താരാഷ്ട്ര കപ്പല്‍ പാതയിലാണ് ലക്ഷദ്വീപ് സ്ഥിതി ചെയ്യുന്നത്.

ഏതെങ്കിലും തീവ്രവാദികളോ, മാഫിയകളോ പിടിക്കപ്പെട്ടാല്‍ പാവം ഞങ്ങള്‍ ലക്ഷദ്വീപുകാരുടെ തലക്ക് കെട്ടിവെക്കുന്ന സമ്പ്രദായം നിര്‍ത്തിവെക്കണം. കാരണം ഇന്നേവരെ ഈ നിമിഷം വരെ ലക്ഷദ്വീപില്‍ നിന്നോ ലക്ഷദ്വീപുകളുടെ ബോട്ടുകളില്‍ നിന്നോ ഇത്തരത്തിലുള്ള കാര്യങ്ങള്‍ പിടിക്കപ്പെട്ടിട്ടില്ല.

മുമ്പൊരിക്കല്‍ ലക്ഷദ്വീപില്‍ നിന്നും 90 നോട്ടിക്കല്‍ മൈല്‍ ദൂരെന്നു പിടിച്ച AK 47നും, 3000 കോടിയുടെ മയക്കുമരുന്നും ഞങളുടെ മുകളില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചപ്പോള്‍ ആ ബോട്ടിന്റെ പേര് ജീസസ് എന്നും ആ ബോട്ടിലുള്ളവര്‍ ശ്രീലങ്കകാരെന്നും അവര്‍ ലക്ഷ്യംവെച്ചത് എങ്ങോട്ടാണെന്നുമുള്ളത് ഞങ്ങള്‍ വ്യക്തമായി തെളിയിച്ചതാണ്.

അതുകൊണ്ട് സംഘികളുടെ രീതിയില്‍ ഇത്തരത്തിലുള്ള ഫേക്ക് വാര്‍ത്തകള്‍ ലക്ഷദ്വീപിന്റെ പേരില്‍ കൊടുക്കരുത്. ഗുജറാത്തിലെ അദാനി പോര്‍ട്ടില്‍ നിന്നും 26,000 കോടിയുടെ മയക്കുമരുന്ന് പിടിച്ചിരുന്നുവല്ലോ. എന്തേ കൊച്ചിയില്‍ നിന്നും പിടിച്ചവര്‍ ഗുജറാത്ത് ലക്ഷ്യം വെച്ചു എന്ന് എഴുതാന്‍ മടിച്ചത്?

ബഹുമാനപെട്ട ലക്ഷദ്വീപിന്റെ കലക്ടര്‍ അര്‍ജുന്‍ സാറിന്റെ ശ്രദ്ധക്ക്.
ലക്ഷദ്വീപിന്റെ പേരില്‍ വരുന്ന ഇത്തരം ഫേക്ക് വാര്‍ത്തകളോട് മറുപടി പറയണം.
കാരണം നമ്മുടെ നാടിന്റെ ശാന്തിയും സമാധാനവും കെടുത്തുന്ന തരത്തിലുള്ള ഫേക്ക് വാര്‍ത്തകളാണ് ഇന്ന് ചിലര്‍ പടച്ച് വിടുന്നത്.

ഇനി കൊച്ചിയില്‍ നിന്നും പിടിച്ച പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ വാര്‍ത്തയെങ്കില്‍ ലക്ഷദ്വീപ് അതിര്‍ത്തിയില്‍ ശക്തമായ അന്വേഷണം ഏര്‍പ്പെടുത്തണമെന്ന് കൂടി ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇതിനോട് ശക്തമായി ഞാന്‍ എന്റെ പ്രതിഷേധം അറിയിച്ചുകൊള്ളുന്നു,’ ഐഷ ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ മെയ് 13നാണ് കൊച്ചിയുടെ പുറങ്കടലില്‍ വന്‍ ലഹരിമരുന്ന് വേട്ട നടന്നത്. നാവിക സേനയുടെ സഹായത്തോടെ കേന്ദ്ര നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് മയക്കുമരുന്ന് പിടികൂടിയത്.

രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ലഹരിമരുന്ന് വേട്ടയാണ് പുറങ്കടലില്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ നടന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ലഹരിമരുന്ന് കൊണ്ടുവന്ന കപ്പല്‍ കസ്റ്റഡിയിലെടുത്തിരുന്നു.

Content Highlight: Director Aisha Sultana says Fake news in the name of drug hunting in the Kochi sea