നെൽസൺ സംവിധാനം ചെയ്യുന്ന രജിനികാന്ത് ചിത്രം ‘ജെയ്ലറിന്റെ’ പേര് മാറ്റണമെന്നാവശ്യപ്പെട്ട് സംവിധായകൻ സക്കീർ മഠത്തിൽ. ജെയ്ലർ എന്ന പേര് തന്റെ സിനിമക്കുവേണ്ടി 2021ൽ തന്നെ രജിസ്റ്റർ ചെയ്തതാണെന്നും രജനികാന്തിന്റെ ജെയ്ലർ സിനിമയുടെ ടീസർ റിലീസായപ്പോൾ തന്റെ വക്കീൽ സൺ പിക്‌ചേഴ്‌സിന് നോട്ടീസ് അയച്ചിരുന്നെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ചിത്രം ഓഗസ്റ്റിൽ റിലീസ് ചെയ്യാനിരിക്കുകയാണെന്നും രജിനികാന്തിനെ നായകനാക്കിയുള്ള ജെയ്‌ലറിന്റെ പേര് മാറ്റണമെന്നുമാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്.
സൺ പിക്ചേഴ്‌സ് ഒരു കോർപറേറ്റ് കമ്പനി ആണെന്നും ജെയ്ലർ എന്ന പേരിൽ ചിത്രത്തിൻറെ പ്രൊമോഷൻ ആരംഭിച്ചതിനാൽ പേര് മാറ്റാൻ കഴിയില്ലെന്നും സൺ പിക്ചേഴ്സ് അറിയിച്ചതായി അദ്ദേഹം പറഞ്ഞു.
തന്റെ സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഈ മാസം മദ്രാസ് ഹൈക്കോടതിയിൽ നിന്നും സൺ പിക്ചേഴ്സ് നോട്ടീസ് അയച്ചിരുന്നെന്നും അവരുടെ ചിത്രത്തെ ബ്ലോക്ക് ചെയ്യാൻ പാടില്ലെന്ന് നോട്ടീസിൽ പരാമർശിച്ചിരുന്നെന്നും സക്കീർ മഠത്തിൽ പറഞ്ഞു. സൗത്ത് ഇന്ത്യൻ ഫിലിം ചേമ്പറിൽ രജിസ്റ്റർ ചെയ്ത ചിത്രമായതിനാൽ രജിനികാന്തിന്റെ ജെയ്ലറിനായിരിക്കും മുൻതൂക്കം കൂടുതൽ ഉണ്ടാക്കുക എന്നും സൺ പിക്ചേഴ്സ് അറിയിച്ചതായി അദ്ദേഹം പറഞ്ഞു.
നെൽസൺ തിരക്കഥയും സംവിധാനം നിർവഹിച്ച് സൺപിക്ചേഴ്സ് നിർമിക്കുന്ന ചിത്രമാണ് ജെയ്ലർ. വിജയ് കാർത്തിക്ക് കണ്ണൻ ഛായാഗ്രഹണവും അനിരുദ്ധ് രവിചന്ദർ സംഗീതസംവിധാനവും നിർവഹിക്കും. രജിനികാന്തിനെ കൂടാതെ ജാക്കി ഷ്‌റോഫ്, ശിവ രാജ്‌കുമാർ, രമ്യ കൃഷ്ണകുമാർ, തമന്ന ഭാട്ടിയ, സുനി, വസന്ത് രവി, വിനായകൻ, യോഗി ബാബു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൽ മോഹൻലാൽ കാമിയോ റോളിൽ എത്തും. ചിത്രം ഓഗസ്റ്റ് 10 ന് റിലീസ് ചെയ്യും.