തിരുവനന്തപുരം: സിനിമകളിലുള്ളത് കാണാതെ ഇല്ലാത്തത് അന്വേഷിക്കുന്നതെന്തിനെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. എന്തുകൊണ്ട് അടൂരിന്റെ സിനിമകളില്‍ ജാതി വ്യവസ്ഥയെക്കുറിച്ച് സംസാരിച്ചില്ലെന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ഉയര്‍ന്ന ചോദ്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ സിനിമയില്‍ ഇല്ലാത്തതിനെക്കുറിച്ച് അന്വേഷിക്കുന്നവര്‍ക്ക് ഉള്ളതിനെക്കുറിച്ച് പറഞ്ഞൂടെയെന്നും ഒരു കാര്യത്തില്‍ പല അഭിപ്രായമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ അഡ്രസ് ചെയ്യാത്ത പ്രശ്‌നങ്ങള്‍ ഇനിയും ബാക്കിയുണ്ട്. ഒരുപാടുണ്ട്(ചിരിക്കുന്നു). സാറിന്റെ പടത്തിലെന്താണ് പാട്ടില്ലാത്തതെന്ന് പലരും ചോദിക്കാറുണ്ട്. അത് മാത്രമല്ല, വേറെ പലതും ഇല്ലാത്തതുണ്ട്.
നിങ്ങളെന്തിനാണ് ഇല്ലാത്തത് പറയുന്നത്. എന്റെ പടത്തില്‍ ഉള്ളതിനെക്കുറിച്ച് പറഞ്ഞൂടെ. എന്തിനാണ് ഇല്ലാത്തത് അന്വേഷിക്കുന്നത്. ഒരു കപ്പ് വെള്ളം കാണുമ്പോള്‍ അത് നോക്കിയിട്ട്, ഇതില്‍ പകുതി ഒഴിഞ്ഞിരിക്കുകയാണെന്ന് ഒരാള്‍ പറയും. മറ്റൊരാള്‍ പകുതി നിറഞ്ഞെന്ന് പറയും. ഒരേ ഗ്ലാസും ഒരേ ക്വാണ്ടിറ്റി വെള്ളവുമാണ്. രണ്ട് അഭിപ്രായങ്ങള്‍ ഉണ്ടായി,’ അടൂര്‍ പറഞ്ഞു.