Kerala
ഞാന്‍ ഉണ്ണിത്താനാണ്, 20ാം വയസില്‍ ആ വാല്‍ മുറിച്ച് കളഞ്ഞു, എന്നെ ജാതി പഠിപ്പിക്കാന്‍ വരരുത്: അടൂര്‍ ഗോപാലകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jan 15, 08:02 am
Sunday, 15th January 2023, 1:32 pm

കോഴിക്കോട്: മാനസിക പ്രശ്‌നമുള്ളവരാണ് തനിക്ക് ജാതിവെറി ഉണ്ടെന്ന് പറയുന്നതെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. 20 വയസിന് മുമ്പ് താന്‍ വാല് മുറിച്ചയാളാണെന്നും തന്നെ ജാതി പഠിപ്പിക്കാന്‍ വരരുതെന്നും അടൂര്‍ പറഞ്ഞു. ടി.എന്‍.ഐ.ഇ കേരളക്ക് നല്‍കിയ അഭിമുഖത്തിലാണ് അടൂരിന്റെ പരാമര്‍ശങ്ങള്‍.

‘ഞാന്‍ ജാതി നിന്ദ നടത്തുകയാണെന്ന് ആര്‍ക്കും പറയാമല്ലോ. എന്നെ കണ്ടാല്‍ കിണ്ണം കട്ടെന്ന് തോന്നുമോ എന്ന് ചോദിക്കുന്നത് പോലെയാണത്. അതിന്റെ അടിസ്ഥാനം എന്താണ്? ആരെ പറ്റിയും ഇങ്ങനെ പറയാവുന്നതാണ്.

20 വയസാവുന്നതിനെ മുമ്പ് വാല് മുറിച്ച ആളാണ് ഞാന്‍. ഞാന്‍ ഉണ്ണിത്താനാണ്, അടൂര്‍ ഗോപാലകൃഷ്ണന്‍ ഉണ്ണിത്താനാണ്. ജാതിയും മതവും അന്ന് കളഞ്ഞതാണ്. എന്നെ ഇനി ജാതി പഠിപ്പിക്കാന്‍ വന്നാല്‍, ഞാന്‍ ജാതി വെറി പിടിച്ചവനാണെന്ന് പറഞ്ഞാല്‍ അതില്‍ തെറ്റുണ്ട്. അത് മാനസിക പ്രശ്‌നമാണ്.

പുതിയ തലമുറ എന്റെ പ്രസ്താവാനകളെ വിമര്‍ശിക്കുന്നുണ്ടെങ്കില്‍ അത് ശ്രദ്ധ കിട്ടാന്‍ വേണ്ടിയാണ്. ആഷിഖ് അബുവൊക്കെയാണ് ഇപ്പോള്‍ പഠിപ്പിക്കാന്‍ വരുന്നത്. മെഡിറ്റേഷനിലൂടെ ഉണ്ടാവേണ്ടതാണ് സിനിമ. അല്ലാതെ ഹോട്ടല്‍ മുറി ബുക്ക് ചെയ്ത് തമ്മില്‍ തമ്മില്‍ പറഞ്ഞ് ഉണ്ടാവേണ്ടതല്ല. ആഷിഖ് അബുവില്‍ നിന്ന് അവര്‍ എന്താണ് പഠിക്കാന്‍ പോകുന്നത്,’ അടൂര്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപിനെ പിന്തുണച്ചും അടൂര്‍ സംസാരിച്ചു. ഒരു തെളിവും ഇല്ലാതെ മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നതിന് താന്‍ എതിരാണ് എന്ന് അടൂര്‍ പറഞ്ഞു.

‘ഒരു തെളിവും ഇല്ലാതെ മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നതിന് ഞാന്‍ എതിരാണ്. ദിലീപ് നിരപരാധിയാണെന്ന് താന്‍ വിശ്വസിക്കുന്നു. ഒരു തെളിവും ഇല്ലാതെ ഒരാളെ മുദ്രകുത്തുന്നതിന് ഞാന്‍ എതിരാണ്.

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കെ. കരുണാകരനെ ചീത്തവിളിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് താന്‍ കണ്ടിട്ടുണ്ട്. പിന്നീട് അദ്ദേഹം നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ടു. അതുപോലെ ഇപ്പോള്‍ അടിസ്ഥാനരഹിതമായ കഥകളാണ് പ്രചരിക്കുന്നത. കെ.എര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന സമരവും ഇതുപോലെ ആണ്,’ അടൂര്‍ പറഞ്ഞു.

Content Highlight: Director Adoor Gopalakrishnan says that people with psychological problems say that he has caste hatred