കോഴിക്കോട്: ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്കെതിരെ പ്രതികരണവുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സിനിമ ഒ.ടി.ടിയില്‍ കാണുമ്പോള്‍ യഥാര്‍ഥ അര്‍ഥത്തോടെ കാണാന്‍ കഴിയില്ലെന്നും അങ്ങനെയാകുമ്പോള്‍ അത് ആ വര്‍ക്കിനോട് ചെയ്യുന്ന അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.
ഒ.ടി.ടി റിലീസ് മുന്നില്‍ കണ്ട് സിനിമ ചെയ്യുന്നത് നിരാശാജനകമാണ് അത് സിനിമയുടെ അന്ത്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സന്‍സാദ് ടി.വിക്ക് വേണ്ടി ശശി തരൂര്‍ നടത്തിയ അഭിമുഖത്തിലായിരുന്നു അടൂരിന്റെ പ്രതികരണം.
‘തീയേറ്ററില്‍ കാണുന്ന അനുഭവം ഒരു മൊബൈല്‍ സ്‌ക്രീനില്‍ നിന്നോ ലാപ് ടോപ്പില്‍ നിന്നോ കിട്ടില്ല. ഓരോ ഫ്രെയ്മും ഒരു നിശ്ചിത സെക്കന്റ് സമയത്തേക്കാണ് നില്‍ക്കുക. ചെറിയ സ്‌ക്രീനുകളില്‍ സിനിമ കാണുന്നത് എന്നെ സംബന്ധിച്ച് സങ്കടകരമായ കാര്യമാണ്. സിനിമ തീയേറ്ററുകളില്‍ കാണാനുള്ളതാണ്.
ബിഗ് സ്‌ക്രീനില്‍ ആകുമ്പോള്‍ അത് കാണാന്‍ ആവശ്യമായ സമയം പ്രേക്ഷകന് ലഭിക്കും. ചെറിയ സ്‌ക്രീനില്‍ നിങ്ങള്‍ സിനിമ കാണുന്നില്ല, കഥാപാത്രങ്ങള്‍ സംസാരിക്കുന്നത് മാത്രമാണ് കേള്‍ക്കുക. എന്റെ സിനിമ മൊബൈലിലാണ് നിങ്ങള്‍ കാണുന്നതെങ്കില്‍ യഥാര്‍ഥ അര്‍ഥത്തോടെ നിങ്ങള്‍ ആ ചിത്രം കാണുന്നില്ല. അങ്ങനെ കാണുമ്പോള്‍ നിങ്ങള്‍ അത് എന്നോടും വര്‍ക്കിനോടും ചെയ്യുന്ന അനീതിയാണ്,’ അടൂര്‍ പറഞ്ഞു.