വ്യക്തിപരമായി ഏറെ സവിശേഷതകള്‍ ഉള്ള ഒരു താരമാണ് നടന്‍ മമ്മൂട്ടിയെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. എത്ര തിരക്കുള്ള ഷൂട്ടിങ്ങായാലും കൃത്യമായ ഇടവേളകളില്‍ അദ്ദേഹം നിസ്‌കാരത്തിനുള്ള സമയം കണ്ടെത്തുമെന്നും അതുപോലെ റോളുകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലും സംവിധായകരെ തീരുമാനിക്കുന്ന കാര്യത്തിലും കൂടെക്കൂടുന്ന പപ്രാച്ചികളെ അദ്ദേഹം ഇടപെടുത്തില്ലെന്നും അടൂര്‍ കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
” റോളുകള്‍ തിരഞ്ഞെടുക്കുന്നതിലും സംരംഭകരെയും സംവിധായകരേയും തീരുമാനിക്കുന്നതിലുമൊന്നും കൂടെക്കൂടുന്ന പപ്രാച്ചികളെ മമ്മൂട്ടി ഇടപെടുത്തുകയില്ല. മമ്മൂട്ടിയുടെ വാക്ക് വാക്കാണ്. ഒരിക്കലും അതിന് മാറ്റമുണ്ടാകാറില്ല. എല്ലാ തിരക്കുകള്‍ക്കിടയിലും മമ്മൂട്ടി നല്ലൊരു കുടുംബനാഥനാണ്. നല്ലൊരു ഭര്‍ത്താവും നല്ലൊരു അച്ഛനും നല്ലൊരു സഹോദരനുമൊക്കെയാണ് അദ്ദേഹം.
എല്ലായ്‌പ്പോഴും കൃത്യസമയത്ത് ലൊക്കേഷനിലെത്തുന്ന മമ്മൂട്ടി എന്നെ ഒരുപാട് അതിശയിപ്പിച്ചിട്ടുണ്ട്. ഒരിക്കല്‍പോലും നടനെത്താന്‍ വേണ്ടി കാത്തിരിക്കുകയെന്ന ഒരനുഭവവും ഉണ്ടായിട്ടില്ല. ഒരൊന്നാന്തരം പ്രൊഫഷണലാണ് അദ്ദേഹം. തികഞ്ഞ അച്ചടക്കത്തോടെയും ശ്രദ്ധയോടെയുമാണ് അദ്ദേഹം റിഹേഴ്‌സലുകള്‍ ചെയ്യുക. ടേക്കുകള്‍ പലതെടുക്കുമ്പോഴും പതറുകയോ കുഴയുകയോ ഇല്ല. കാരണം ഇതെല്ലാം തന്റെ തൊഴിലിന്റെ ഭാഗമാണെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ട്, ” അടൂര്‍ പറയുന്നു.
അഭിനയസിദ്ധിയും അര്‍പ്പണ ബുദ്ധിയും മമ്മൂട്ടിയില്‍ ഒത്തുചേര്‍ന്നിരിക്കുന്നെന്നും അതുപോലെ പ്രധാനമാണ് അദ്ദേഹം കൃത്യമായി പാലിച്ചുപോരുന്ന നിഷ്ടകളെന്നും അടൂര്‍ പറയുന്നു. ക്രമീകൃതാഹാരത്തിലും വ്യായാമത്തിലും മമ്മൂട്ടി പതിപ്പിക്കുന്ന സവിശേഷമായ ശ്രദ്ധ അനന്യസാധാരണമാണ്. എത്ര വമ്പന്‍ കമ്പനിയുടെ പ്രൊഡക്ഷനായാലും തനിക്കാവശ്യമുള്ള സമീകൃതാഹാരം പാകം ചെയ്യാന്‍ വിദഗ്ധനായ ഒരു കുശിനിക്കാരന്‍ മമ്മൂട്ടിക്കൊപ്പമുണ്ടാകും.
മമ്മൂട്ടി എഴുപതിലെത്തിയെന്ന് അദ്ദേഹത്തെ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്ന മലയാളികള്‍ ആരും വിശ്വസിക്കുമെന്ന് തോന്നുന്നില്ലെന്നും പൗരുഷത്തിന്റെ പ്രതീകമായ മമ്മൂട്ടിക്ക് ഇപ്പോഴും പ്രായം മുപ്പതോ പരമാവധി നാല്‍പ്പതോ മാത്രമേ ആയിട്ടുള്ളൂവെന്ന് കരുതാനാണ് പൊതുവേ പ്രേക്ഷകകര്‍ ആഗ്രഹിക്കുന്നതെന്നും അടൂര്‍ പറഞ്ഞു.