'ഇപ്പോള്‍ രാജഭരണമല്ല, ഒരു പാര്‍ട്ടിയുടെ മാത്രം അജന്‍ഡകളുമല്ല രാജ്യത്ത് നടപ്പാക്കേണ്ടത്'; മോദി സര്‍ക്കാറിനെതിരെ വീണ്ടും അടൂര്‍ ഗോപാല കൃഷ്ണന്‍
Kerala News
'ഇപ്പോള്‍ രാജഭരണമല്ല, ഒരു പാര്‍ട്ടിയുടെ മാത്രം അജന്‍ഡകളുമല്ല രാജ്യത്ത് നടപ്പാക്കേണ്ടത്'; മോദി സര്‍ക്കാറിനെതിരെ വീണ്ടും അടൂര്‍ ഗോപാല കൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd September 2019, 2:45 pm

കൊച്ചി: ജയ് ശ്രീറാം വിളിച്ച് ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവര്‍ക്കെതിരെ ‘നിങ്ങള്‍ എന്തു നടപടിയെടുത്തെന്ന് ചോദിച്ച്’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്തില്‍ വീണ്ടും പ്രതികരിച്ച് സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണന്‍. ഇങ്ങനെ ചില കാര്യങ്ങള്‍ രാജ്യത്ത് നടക്കുന്നുണ്ടെന്ന് ചീഫ് എക്‌സിക്യൂട്ടീവായ പ്രധാനമന്ത്രിയെ അറിയിക്കാനാണ് ആ കത്തെഴുതിയതെന്ന് അടൂര്‍ പറഞ്ഞു.

തിരുവായ്ക്ക് എതിര്‍വായില്ല എന്ന് പറയുന്ന രാജഭരണമല്ല ഇപ്പോള്‍ എന്നും സാധാരണ പൗരനാണ് ഭരിക്കുന്നതെന്നും അടൂര്‍ പറഞ്ഞു.

‘മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിമാരുമൊക്കെയായി മാറുന്നത് നമ്മളില്‍പ്പെട്ട ആളുകള്‍ തന്നെയാണ്. നമ്മള്‍ തെരഞ്ഞെടുത്ത ആള്‍ തന്നെയാണ്. അവിടെ തിരുവായും എതിര്‍വായുമില്ല. പറയുന്നത് എതിര്‍വായല്ല, ആവശ്യമുള്ള കാര്യങ്ങള്‍ തന്നെയാണ്. അതിനെ നേരെയുള്ള അര്‍ത്ഥത്തില്‍ കാണാതെ ആ ശബ്ദം അടിച്ചമര്‍ത്തുക എന്നത് തെറ്റായ നടപടിയാണ്- അടൂര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജനാധിപത്യം കൂടുതല്‍ നേടിയവരുടെയും കുറച്ചു കിട്ടിയവരുടെയും കൂടിയാണെന്നും അടൂര്‍ വ്യക്തമാക്കി. ഭൂരിപക്ഷം കിട്ടുന്ന പാര്‍ട്ടിക്കു സ്വേച്ഛാധികാരത്തിലേക്കു പോകാം എന്ന് ഭരണഘടനയില്‍ ഇല്ലെന്നും ആ പാര്‍ട്ടിയുടെ മാത്രം അജന്‍ഡകളുമല്ല രാജ്യത്ത് നടപ്പാക്കേണ്ടതെന്നും അടൂര്‍ പറഞ്ഞു.

‘എണ്ണത്തില്‍ മുന്നിലെത്തിയവരാണ് ഭരിക്കാന്‍ കയറുന്നത്. പക്ഷേ, മറ്റുള്ളവര്‍ക്ക് ഇതില്‍ റോളില്ല എന്ന് അര്‍ത്ഥമില്ല. അവരേയും കൂടി ചേര്‍ത്താണ് ഭരിക്കേണ്ടത്. പക്ഷേ, ഭരണത്തില്‍ മുന്‍കൈയെടുക്കാനുള്ള അവകാശം ഭൂരിപക്ഷം കിട്ടുന്ന പാര്‍ട്ടിക്കുണ്ട്. ഭരണം നടക്കണം എന്നുള്ളതുകൊണ്ടാണ് അത്. അതേസമയം പ്രതിപക്ഷത്തുള്ളവരുമായും സംസാരിച്ച് സമന്വയമുണ്ടാക്കി വേണം ഭരിക്കാന്‍. അതാണ് ഭരണഘടന പറയുന്നത്. ജനങ്ങള്‍ക്കെല്ലാം നന്മ വരുന്ന പരിപാടികള്‍ ഒത്തൊരുമിച്ചു നടപ്പാക്കുകയാണ് വേണ്ടത്. അതിനു മുന്‍കൈയെടുക്കേണ്ടത് ഭൂരിപക്ഷം കിട്ടുന്ന കക്ഷിയാണ്. അത്രേയുള്ളു വ്യത്യാസം.”- അടൂര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആള്‍ക്കൂട്ട അക്രമണം, മതവിദ്വേഷത്തിന്റെ പേരിലുള്ള ആക്രമണം എന്നിവയില്‍ ആശങ്ക രേഖപ്പെടുത്തി അടൂര്‍ ഗോപാലകൃഷ്ണന്‍, മണി രത്നം, അനുരാഗ് കശ്യപ്, അപര്‍ണ സെന്‍, കൊങ്കണ സെന്‍ ശര്‍മ്മ, സൗമിത്ര ചാറ്റര്‍ജി, രേവതി, ശ്യാം ബെനഗല്‍, റിദ്ധി സെന്‍, ബിനായക് സെന്‍ തുടങ്ങിയവരാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

തുടര്‍ന്ന് അടൂര്‍ ഗോപാലകൃഷ്ണന്റെ വീടിനു മുന്നിലും ജയ് ശ്രീറാം വിളിക്കുമെന്നും സഹിക്കുന്നില്ലെങ്കില്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ പോകുന്നതാണ് നല്ലതെന്നും ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

‘ഇന്ത്യയില്‍ ജയ് ശ്രീറാം മുഴക്കാന്‍ തന്നെയാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. ഇനിയും മുഴക്കും വേണ്ടിവന്നാല്‍ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കും. അത് ജനാധിപത്യ അവകാശമാണ്. ഇന്ത്യയില്‍ വിളിച്ചില്ലങ്കില്‍ പിന്നെ എവിടെ വിളിക്കും’- ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

ALSO WATCH