Movie Day
മോഹന്‍ലാലിന്റെ അഭിനയം ശരിയാകുന്നില്ലെന്ന് തോന്നി, വെറുതെ വന്ന് ഡയലോഗ് പറയുന്ന അവസ്ഥ; സിദ്ദിഖും അത് തന്നെ പറഞ്ഞു: ലാല്‍
മോഹന്‍ലാലിലെ അഭിനേതാവിനെ കുറിച്ച് തനിക്ക് ആദ്യം തോന്നിയ ചില തെറ്റിദ്ധാരണകളെ കുറിച്ച് തുറന്നുപറയുകയാണ് നടനും സംവിധായകനുമായ ലാല്‍. വിയറ്റ്നാം കോളനിയെന്ന ചിത്രത്തില്‍ ലാല്‍ അഭിനയിക്കുന്നത് കണ്ടപ്പോള്‍ ഇദ്ദേഹം എന്താണ് ചെയ്യുന്നതെന്ന് തോന്നിയെന്നും അഭിനയം ശരിയാകുന്നില്ലല്ലോയെന്ന് താനും സിദ്ദിഖും പറഞ്ഞിരുന്നു എന്നുമാണ് ലാല്‍ പറയുന്നത്. അമൃത ടി.വിയില്‍ മോഹന്‍ലാലിനൊപ്പം പങ്കെടുത്ത പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ലാല്‍.
‘വിയറ്റ്നാം കോളനി എന്ന സിനിമ സംവിധാനം ചെയ്യുമ്പോള്‍ ആദ്യത്തെ ദിവസം തന്നെ നമുക്ക് മനസിലായി ഇദ്ദേഹം പോരാ എന്ന്. കാരണം ഷോട്ട്സ് എടുക്കുമ്പോള്‍ അഭിനയിക്കുന്നു എന്ന് തോന്നണ്ടേ. ഒരു അഭിനയം വേണ്ടേ? ഒന്നും ചെയ്യുന്നില്ല. വെറുതെ വന്ന് ഡയലോഗ് പറയുന്നു എന്ന അവസ്ഥ.
ഇത് ഞാന്‍ സത്യസന്ധമായി പറയുന്നതാണ്. ഞാന്‍ ഇത് സിദ്ദിഖിനോട് ഡിസ്‌കസ് ചെയ്തു. സിദ്ദിഖേ ഒന്നും വരുന്നില്ലല്ലോ, വെറുതെ പറഞ്ഞിട്ട് പോകുകയാണല്ലോ എന്ന്. സിദ്ധിഖും പറഞ്ഞു അതെ അഭിനയമില്ല എന്ന്.
എന്നാല്‍ ആദ്യത്തെ കുറേ റഷ് അടിച്ച് വന്ന് അത് കണ്ടപ്പോഴാണ് ഞങ്ങള്‍ക്ക് മനസിലായത് സിനിമയില്‍ അഭിനയിക്കേണ്ടത് അഭിനയിച്ചിട്ടല്ലെന്നും അഭിനയിക്കാതെയാണെന്നും. കണ്ണിലെ ഒരു ചെറിയ ചലനത്തിലൊക്കയാണ് അഭിനയം ഇരിക്കുന്നതെന്നൊക്കെ ഞങ്ങള്‍ക്ക് മനസിലാക്കി തന്നത് മോഹന്‍ലാലാണ്. ഞാനൊക്കെ ഇവിടെ അഭിനയത്തില്‍ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കില്‍ ആ ക്ലാസുകളൊക്കെയാണ് എന്നെ സഹായിച്ചത്,’ ലാല്‍ പറഞ്ഞു.
വിയറ്റ്നാം കോളനി വലിയ കാന്‍വാസിലുള്ള സിനിമയായിരുന്നു. ഒരു ഗോഡൗണിനുള്ളിലാണ് മൊത്തം സെറ്റ് ഇട്ടിരുന്നത്. ആ പടത്തിന്റെ 80 ശതമാനം വര്‍ക്കും ആ സെറ്റിലായിരുന്നു. ഒരു കുടുംബം പോലെ തന്നെയായിരുന്നു. എല്ലാവരും ഒരുമിച്ച് സ്ഥിരം കാണുന്നു. ഓരോ വീട്ടിലും ഇത്രയിത്ര ആള്‍ക്കാര്‍ വേണമൊന്നൊക്കെ തീരുമാനിച്ചിരുന്നു. ആ ഷൂട്ട് കഴിയുമ്പോഴേക്ക് സെറ്റില്‍ നിരവധി പ്രണയങ്ങളുണ്ടായി. വിവാഹവും വിവാഹമോചനവുമൊക്കെ നടന്നെന്നാണ് അറിഞ്ഞത് (ചിരി), ലാല്‍ പറഞ്ഞു.
മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞാല്‍ ഞങ്ങള്‍ എവിടെയെങ്കിലും വെച്ച് കാണുമ്പോള്‍ തമ്മില്‍ വലിയ അടുപ്പമാണ്. ഞാന്‍ അദ്ദേഹവുമായി സംസാരിക്കുമ്പോള്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് എനിക്ക് ആ സമയത്ത് തോന്നും. എന്നാല്‍ അവിടുന്ന് പിരിഞ്ഞ് പോയി കഴിഞ്ഞാല്‍ ഫോണ്‍ ചെയ്യലോ ഒന്നുമില്ല. അപ്പോള്‍ വേറെ രണ്ട് പേരായി മാറും. എന്ന് കണ്ടുമുട്ടുന്നോ അടുത്ത സെക്കന്റില്‍ ഇയാള്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് തോന്നിപ്പിക്കാനുള്ള മാജിക്കല്‍ പവര്‍ അദ്ദേഹത്തിനുണ്ട്, ലാല്‍ പറഞ്ഞു.
പാച്ചിക്കയ്ക്കൊപ്പമാണ് താന്‍ ലാലിനെയും സിദ്ദീഖിനേയും ആദ്യമായി കാണുന്നതെന്നും സിനിമയിലെ അസോസിയേറ്റുമായും അസിസ്റ്റന്റ് ഡയറക്ടേഴ്സുമായുമൊക്കെ നല്ല ബന്ധം പുലര്‍ത്താന്‍ ആഗ്രഹിച്ചിരുന്ന ആളാണ് താനെന്നും മോഹന്‍ലാല്‍ പറഞ്ഞു.
‘ നോക്കെത്താ ദൂരത്ത് സിനിമയുടെ സെറ്റില്‍ വെച്ചാണ് ആദ്യമായി ഞാന്‍ ലാലിനേയും സിദ്ദിഖിനേയും കാണുന്നത്. അന്നും ഇന്നും സിനിമയിലെ അസിസ്റ്റന്റും അസോസിയേറ്റുമായി വരുന്നവരുമായി ഞാന്‍ വളരെ എളുപ്പം കൂട്ടാവും. നമുക്ക് ഡയറക്ടേഴ്സിന്റെ അടുത്ത് പോയി എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ നേരിട്ട് പറയില്ല. കാരണം ഡയറക്ടര്‍ എന്ന് പറഞ്ഞാല്‍ അവര്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ടാകും. അപ്പോള്‍ അതില്‍ ഒരാളെ വിളിച്ച് അദ്ദേഹത്തോട് പറയാനുള്ള കാര്യങ്ങള്‍ പറയും. ചിലപ്പോള്‍ എന്തെങ്കിലും പറഞ്ഞാല്‍ ചീത്ത കേള്‍ക്കുമായിരിക്കും. ആ ചീത്ത എനിക്ക് കിട്ടേണ്ട എന്ന് കരുതിയിട്ട് കൂടിയാണ് (ചിരി), മോഹന്‍ലാല്‍ പറഞ്ഞു.
അന്ന് സെറ്റില്‍ വെച്ച് മോഹന്‍ലാല്‍ തന്നെ വെറുതെ ചീത്ത കേള്‍പ്പിച്ചിട്ടുണ്ടെന്നായിരുന്നു ഇതോടെ ലാല്‍ പറഞ്ഞത്. അന്ന് ഒരു പള്ളിയില്‍ വെച്ച് ഷൂട്ട് നടക്കുകയാണ്. ഉമ്മര്‍ സാര്‍ അതിലെ നടന്നുപോകുമ്പോള്‍ ‘ലാലേ അങ്ങനെ പറയരുത് കേട്ടോ എന്തൊക്കെയായാലും അദ്ദേഹം ഒരു സീനിയര്‍ ആര്‍ടിസ്റ്റാണ്, മോശമാണ്’ എന്ന് മോഹന്‍ലാല്‍ഉച്ചത്തില്‍ പറഞ്ഞു.
ഇതുകേട്ട ഉമ്മര്‍ സാര്‍ എന്റെ അടുത്ത് വന്ന് മൂന്നക്ഷരം, അത് നഷ്ടപ്പെടുത്തരുത് എന്ന് പറഞ്ഞു. ഒരു കാര്യവുമില്ല. ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. ലാല്‍ ചുമ്മാ തട്ടിവിട്ടതാണ്. അങ്ങനെ ചില ക്രൂരമായ തമാശകള്‍ ഉണ്ട് മോഹന്‍ലാലിന്റെ കയ്യില്‍, ലാല്‍ പറഞ്ഞു.
കുറേ സമയം വെറുതെ ഇരിക്കുമ്പോള്‍ ഇത്തരം ചില കാര്യങ്ങളെല്ലാം ചെയ്യാന്‍ തോന്നുമെന്നും ആ സമയത്തെ തമാശ മാത്രമാണ് അതെന്നുമായിരുന്നു ഇതിനോടുള്ള മോഹന്‍ലാലിന്റെ മറുപടി. പിന്നെ ഉമ്മൂക്ക പറഞ്ഞത് ശരിയല്ലെന്ന് തെളിയിച്ച ആളാണ് അദ്ദേഹമെന്നും ഏറ്റവും ഗുരുത്വം ഉള്ള ആള്‍ തന്നെയാണ് ലാലെന്നും മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Director Actor Lal about his mis understanding about Mohanlal Performance