യുവതാരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി സിനിമ ഒരുക്കി വലിയ വിജയം നേടിയെടുക്കുന്ന സംവിധായകനാണ് ജൂഡ് ആന്തണി. ആദ്യ സിനിമയായ ഓംശാന്തി ഓശാനയും ഒടുവില്‍ പുറത്തിറങ്ങിയ സാറാസും വലിയ താരങ്ങളില്ലാതെ തന്നെ എത്തി വിജയം നേടിയ ചിത്രങ്ങളായിരുന്നു.
മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പോലുള്ള താരങ്ങളെ വെച്ച് സിനിമയെടുക്കണമെന്ന് തീര്‍ച്ചയായും തനിക്കും ആഗ്രഹമുണ്ടെന്നും സൂപ്പര്‍സ്റ്റാറുകളുടെ സ്റ്റാര്‍ഡം ഒരിക്കലും ബാധ്യതയായി തോന്നിയിട്ടില്ലെന്നുമാണ് ജൂഡ് പറയുന്നത്. കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ മനസിലെ സിനിമയെ കുറിച്ചും താരങ്ങളെ കുറിച്ചും ജൂഡ് സംസാരിച്ചത്.
സൂപ്പര്‍സ്റ്റാറുകളുടെ സ്റ്റാര്‍ഡം ഒരിക്കലും ഒരു ബാധ്യതയല്ല. അവര്‍ക്ക് കണ്‍വിന്‍സിങ് ആവുന്ന രീതിയില്‍ ഒരു കഥ പറഞ്ഞുകഴിഞ്ഞാല്‍ അവര്‍ക്ക് അത് ഓക്കെയാണ്. അല്ലെങ്കില്‍ മമ്മൂക്കയെ പോലെ ഒരാള്‍ ചെന്ന് പേരന്‍പ് എന്ന സിനിമ ചെയ്യേണ്ട ആവശ്യമില്ലല്ലോ. അല്ലെങ്കില്‍ ഉണ്ട എന്ന സിനിമ ചെയ്യേണ്ട ആവശ്യമില്ലല്ലോ. അതൊന്നും ഒരു സ്റ്റാര്‍ഡവും ഇല്ലാത്ത കഥാപാത്രങ്ങളാണ്. പുറമെ നിന്ന് കാണുമ്പോള്‍ ഇവരെല്ലാം ഭയങ്കര സംഭവങ്ങളാണെന്ന് തോന്നുമെങ്കിലും അവര്‍ വെറും പച്ചയായ മനുഷ്യരാണ്. അവരുടെ അടുത്ത് ചെന്ന് നമ്മള്‍ ഒരു കഥ പറഞ്ഞുകഴിഞ്ഞാല്‍ അവര്‍ക്കത് ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ അവരത് ചെയ്യും. അതുകൊണ്ട് തന്നെ അങ്ങനെയൊരു ബാധ്യതയുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. അവര്‍ക്ക് ചെയ്യാനുള്ള എന്തെങ്കിലും വേണം. സ്റ്റാര്‍ഡം വെച്ച് മിസ് യൂസ് ചെയ്യാനുള്ള പരിപാടി നമ്മുടെ മനസില്‍ ഇല്ലാത്തതുകൊണ്ട് അതൊരു ഭാരമായി തോന്നിയിട്ടില്ല, ജൂഡ് പറയുന്നു.
മമ്മൂക്കയെ വെച്ച് ചെയ്യാനുള്ള കഥ കയ്യിലുണ്ടെങ്കിലും ലാലേട്ടന് പറ്റിയ കഥ കിട്ടിയിട്ടില്ലെന്നും ‘ഇത് ചെയ്യാം മോനേ’ എന്ന് അദ്ദേഹം പറയുന്ന രീതിയിലൊരു കഥ വന്നിട്ടില്ലെന്നും ജൂഡ് പറയുന്നു. അത്തരത്തിലൊരു കഥ വരും. ദുല്‍ഖറിനേയും നിവിനേയുംമൊക്കെ വെച്ചുള്ള പടങ്ങള്‍ മനസിലുണ്ടെന്നും ജൂഡ് അഭിമുഖത്തില്‍ പറഞ്ഞു.
തന്റെ ആദ്യ ചിത്രമായി തീരുമാനിച്ചത് ‘ചമയങ്ങളില്ലാതെ’ എന്ന മമ്മൂട്ടിയുടെ ജീവിതകഥയെ ആസ്പദമാക്കിയുള്ളതായിരുന്നെന്നും എന്നാല്‍ അത് നടക്കാതെ പോകുകയായിരുന്നെന്നും ജൂഡ് ആന്തണി നേരത്തെ പറഞ്ഞിരുന്നു.
ഓം ശാന്തി ഓശാനയ്ക്ക് മുന്‍പ് തന്നെ തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയിരുന്നെന്നും ചില കാരണങ്ങളാല്‍ അത് തടസപ്പെട്ടെന്നുമായിരുന്നു ജൂഡ് പറഞ്ഞത്.
മമ്മൂക്കയുടെ അനുവാദത്തോടെയാണ് ഓം ശാന്തി ഓശാന എന്ന ചിത്രം ചെയ്യുന്നത്. ചിത്രം വന്‍ വിജയമായപ്പോള്‍ ഇനി ഈ സിനിമ ചെയ്യണോ എന്ന് മമ്മൂക്ക ചോദിച്ചു. ഉറപ്പായും വേണമെന്നായിരുന്നു എന്റെ മറുപടി.
തന്റെ കഥ സിനിമയാക്കാന്‍ മാത്രം ആയിട്ടില്ലെന്ന് മമ്മൂക്ക പറഞ്ഞു. മമ്മൂക്ക എപ്പോള്‍ ഓക്കേ പറയുന്നോ അന്ന് ആ സിനിമ സംഭവിക്കും. ഇനി ഞാനല്ല വേറെ ആരെങ്കിലും സംവിധാനം ചെയ്താല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞാലും കുഴപ്പമില്ല. ആ കഥ സിനിമയായി കാണണമെന്ന ആഗ്രഹമുണ്ട്. ആ സിനിമ എന്നെങ്കിലും വരും, ഉറപ്പായും വരും, ജൂഡ് പറയുന്നു.
Content Highlight: Director Actor Jude Anthany about Mammootty and Mohanlal