| Monday, 12th September 2022, 1:23 pm

സംവിധാനം എന്നെ കടക്കാരനാക്കി; ഇപ്പോള്‍ ആ കടം അഭിനയിച്ച് വീട്ടിക്കൊണ്ടിരിക്കുന്നു: ജോണി ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകനില്‍ നിന്ന് നടനിലേക്കുള്ള യാത്ര അതിമനോഹരമായി സഞ്ചരിച്ചു തീര്‍ക്കുകയാണ് ജോണി ആന്റണി. അടുത്ത കാലങ്ങളിലായി പുറത്തിറങ്ങുന്ന ഒട്ടുമിക്ക സിനിമകളിലും ജോണി ആന്റണിയുടെ സാന്നിധ്യമുണ്ട്. നാച്ചുറല്‍ ആക്ടിങ് രീതി തന്നെയാണ് പുതിയ കാലത്തെ സിനിമകളില്‍ അദ്ദേഹത്തെ അവിഭാജ്യഘടകമാക്കുന്നത്.

വരനെ ആവശ്യമുണ്ട്, ഹോം, ഹൃദയം, ജോ ആന്റ് ജോ, പത്രോസിന്റെ പടപ്പുകള്‍, ഉപചാരപൂര്‍വം ഗുണ്ട ജയന്‍, പാല്‍തു ജാന്‍വര്‍, തല്ലുമാല തുടങ്ങി നിരവധി ഹിറ്റു ചിത്രങ്ങളില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടുകയാണ് ജോണി ആന്റണി.

2016 ല്‍ റിലീസ് ചെയ്ത മമ്മൂട്ടി നായകനായ തോപ്പില്‍ ജോപ്പനാണ് ജോണി ആന്റണിയുടെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

സംവിധായനില്‍ നിന്ന് അഭിനേതാവിലേക്കുള്ള തന്റെ യാത്രയെ കുറിച്ച് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ജോണി ആന്റണി.

നടനെന്ന നിലയിലുള്ള തന്റെ കരിയര്‍ ആസ്വദിക്കുന്നതിനെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്.’ ഞാന്‍ ഇത് ഭയങ്കരമായി ആസ്വദിക്കുന്നുണ്ട്. പിന്നെ ഭയങ്കരമായി സമാധാനവുമുണ്ട്. കാരണം സംവിധാനകാലം എന്നെ കുറച്ച് നല്ല രീതിയില്‍ കടക്കാരനാക്കിയിരുന്നു. ആ കടങ്ങളിലെ ഒരു 80 ശതമാനം ഞാന്‍ അഭിനയിച്ചുവീട്ടി. ഇനിയും ഒരു 20 ശതമാനം കൂടിയുണ്ട്. നമുക്ക് വിശ്വസിച്ച് പണം തന്ന ആളുകള്‍ക്ക്, അല്ലെങ്കില്‍ നമ്മളെ വിശ്വസിച്ച് അഡ്വാന്‍സ് തന്ന ആളുകള്‍ക്ക് അഡ്വാന്‍സ് തിരിച്ചുകൊടുക്കാന്‍ കഴിയുന്നു. അങ്ങനെയും ഉണ്ടല്ലോ,’ ജോണി ആന്റണി പറഞ്ഞു.

സംവിധായകനെങ്ങനെയാണ് കടമുണ്ടാകുന്നത് നിര്‍മാതാവിനല്ലേ കടമുണ്ടാവുക എന്ന ചോദ്യത്തിന് ഒരു വര്‍ഷം അഞ്ചും ആറും പടം ചെയ്യാന്‍ കഴിയില്ലല്ലോയെന്നും അതുകൊണ്ട് തന്നെ സാമ്പത്തികമായി ബാധ്യത വരുമെന്നുമായിരുന്നു ജോണി ആന്റണിയുടെ മറുപടി.

‘എന്റെയൊക്കെ കാലത്തെ കുറിച്ച് പറഞ്ഞാല്‍ ഞാന്‍ 2003 ല്‍ ആദ്യത്തെ സിനിമ സംവിധാനം ചെയ്യുമ്പോള്‍ രണ്ട് ലക്ഷം രൂപയാണ് എന്റെ ശമ്പളം. 2006 ല്‍ രണ്ടാമത്തെ സിനിമ ചെയ്യുമ്പോള്‍ ഏഴ് ലക്ഷം രൂപയാണ് ശമ്പളം. ശമ്പളം വിളിച്ചുപറയുകയല്ല. ഈ പത്തൊമ്പത് വര്‍ഷക്കാലം സംവിധാനം ചെയ്തിട്ട് ഞാന്‍ മൊത്തത്തില്‍ ഉണ്ടാക്കിയത് ഒരു കോടി രൂപയായിരിക്കും.

രണ്ട് കുട്ടികളേയും പഠിപ്പിച്ച് 20 വര്‍ഷം നമ്മള്‍ എങ്ങനെ ജീവിക്കും. സിനിമകളെല്ലാം നമ്മള്‍ ഉണ്ടാക്കുന്നതാണ്. എവിടെയെങ്കിലും ഫ്‌ളാറ്റ് എടുത്ത് ഇവരെ ഇരുത്തി എഴുതിച്ച് സ്‌ക്രിപ്റ്റ് ആയി കഴിഞ്ഞ് ഒരു ആര്‍ടിസ്റ്റിന്റെ ഡേറ്റ് ലഭിക്കുമ്പോഴാണ് ഒരു നിര്‍മാതാവ് വരുന്നത്. അതുവരെയുള്ള എക്‌സ്‌പെന്‍സ് ഉണ്ട്. ശമ്പളം പറയുമ്പോള്‍ അതില്‍ പലതും നഷ്ടപ്പെട്ടിട്ടുണ്ടാകും, ജോണി ആന്റണി പറഞ്ഞു.

സി.ഐ.ഡി മൂസ ചെയ്തിട്ട് രണ്ട് ലക്ഷം രൂപ മാത്രമേ താങ്കള്‍ക്ക് കിട്ടിയിട്ടുള്ളോ എന്ന ചോദ്യത്തിന് അന്ന് രണ്ട് ലക്ഷം രൂപ എന്ന് പറഞ്ഞാല്‍ ഇന്ന് ഒരു പുതുമുഖ സംവിധായകനെ സംബന്ധിച്ച് 30 ലക്ഷം രൂപ കിട്ടുന്നതിന് തുല്യമാണെന്ന് വേണമെങ്കില്‍ പറയാമെന്നായിരുന്നു ജോണി ആന്റണിയുടെ മറുപടി. പിന്നീട് റൈറ്റ്‌സ് പോയ സമയത്ത് കുറച്ച് കുറച്ചായി പൈസ കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു സംവിധായകനെന്ന നിലയിലുള്ള മധുര പ്രതികാരമായിട്ടാണോ നടനെന്ന നിലയിലുള്ള താങ്കളുടെ വിജയത്തെ കാണുന്നത് എന്ന ചോദ്യത്തിന്. ആരോട് പ്രതികാരം, തനിക്ക് ആരോടും പ്രതികാരമില്ലെന്നായിരുന്നു ജോണി ആന്റണിയുടെ മറുപടി.

സിനിമയ്ക്ക് വേണ്ടി നമ്മള്‍ നിലകൊണ്ടാല്‍, സിനിമയോട് ആത്മാര്‍ത്ഥമായി നിന്നാല്‍, ഏതെങ്കിലും രീതിയില്‍ നമ്മുടെ റൂട്ട് തിരിച്ചായാലും നമുക്കുണ്ടായ കുഴപ്പങ്ങള്‍ മാറ്റാന്‍ ഈ മേഖല പ്രാപ്തമാണ്. നമ്മള്‍ പരിശ്രമിച്ചാല്‍ മാത്രം മതി എന്നാണ് എന്റെ അനുഭവത്തില്‍ നിന്ന് കിട്ടിയ പാഠം.

സിനിമയില്‍ എന്തെങ്കിലും താങ്കള്‍ക്ക് സഹിക്കാന്‍ വിഷമമുള്ളതായി തോന്നിയോ, ആളുകളുടെ ഈഗോ പോലുള്ള എന്തെങ്കിലും എന്ന ചോദ്യത്തിന് എടുത്തു പറയത്തക്ക രീതിയിലുള്ള ഒന്നും ഉള്ളതായിട്ടില്ലെന്നും എങ്കിലും ചില കാര്യങ്ങള്‍ ഉണ്ടെന്നും ജോണി ആന്റണി പറയുന്നു.

‘ഒരു സിനിമ ഇറങ്ങുമ്പോള്‍ നമ്മള്‍ ഭയങ്കര കാര്യമായിട്ട് അതിനെ മാര്‍ക്കറ്റ് ചെയ്യണം, കൃത്യമായ രീതിയില്‍ എത്തിക്കണം എന്ന് പറഞ്ഞ് നമ്മളിലെ സംവിധായകന്‍ കിടന്ന് പെടാപ്പാട് പെടുമ്പോള്‍ ഇവരുടെ മനസില്‍ ചിലപ്പോള്‍ ഈ സിനിമ ഇറങ്ങണമെന്ന് പോലും ഉണ്ടാവില്ല. സിനിമ ഓടണമെന്ന് പോലും ഉണ്ടാവില്ല. അങ്ങനെ ചില ചുറ്റുപാടുകള്‍ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ അങ്ങനെ ഉണ്ടായിട്ടുണ്ട്. അത് എന്താണ് ഏതാണ് എന്നൊന്നും വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. നമുക്കൊപ്പം സഞ്ചരിക്കാത്ത എന്നാല്‍ നമ്മളേക്കാള്‍ കാര്യമായി നില്‍ക്കേണ്ട ആളുകള്‍ അങ്ങനെ നില്‍ക്കാതെ വന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്, ജോണി ആന്റണി പറഞ്ഞു.

Content Highlight: Director Actor Jonhy antony about his acting career and liabilities

We use cookies to give you the best possible experience. Learn more