സൈക്കിള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ജോണി ആന്റണി സമ്മാനിച്ച പുതുമുഖതാരമായിരുന്നു വിനീത്. ഗായകനായി പേരെടുത്ത ശേഷമാണ് വിനീത് സൈക്കിള്‍ എന്ന ചിത്രത്തിലൂടെ അഭിനേതാവായി മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ചത്. ചിത്രം വലിയ വിജയമായിരുന്നില്ലെങ്കിലും വിനീതിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീടങ്ങോട്ട് ഗായകനായും നിര്‍മാതാവായും അഭിനേതാവായുമെല്ലാം വിനീത് സിനിമയ്‌ക്കൊപ്പം സഞ്ചരിച്ചു. തന്നെ സിനിമയിലേക്ക് കൊണ്ടുവന്ന സംവിധായകന് താന്‍ സംവിധാനം ചെയ്ത ഹൃദയത്തില്‍ ഒരു പ്രധാന വേഷവും നല്‍കി വിനീത്.
സൈക്കിള്‍ എന്ന ചിത്രത്തിലെ വിനീതിന്റെ പ്രകടനത്തെ കുറിച്ചും വര്‍ഷങ്ങള്‍ക്കിപ്പുറം ഹൃദയം സംവിധാനം ചെയ്ത വിനീതിനെ കുറിച്ചും മനസുതുറക്കുകയാണ് ജോണി ആന്റണി. നടനെന്ന നിലയിലുള്ള വിനീതിന്റെ ആദ്യകാലത്തെ കുറിച്ചാണ് ജോണി ആന്റണി സംസാരിക്കുന്നത്.
നടനെന്ന നിലയില്‍ വിനീതില്‍ നിന്ന് അത്ഭുതങ്ങള്‍ കിട്ടാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. കുറച്ച് നല്ല സ്‌ട്രെയിന്‍ എടുത്തിട്ടുണ്ട്. അത് വിനീതിനും നന്നായിട്ടറിയാം. പിന്നെ അന്നത്തെ കാലത്ത് ഫിലിമിലൊക്കെയായിരുന്നു ഷൂട്ട്. റീട്ടേക്കുകള്‍ കൂടുതല്‍ വരുമ്പോള്‍ ഫിലിം കൂടുതല്‍ ചിലവാകുകയൊക്കെ ചെയ്തിട്ടുണ്ട്.
പക്ഷേ വിനീതെന്ന് പറയുന്നത് ഒരു പുതുമുഖമല്ലായിരുന്നു. പരിചിതമായ പുതുമുഖമായിരുന്നു. ശ്രീനിയേട്ടന്റെ മകനാണ്. പിന്നെ ഗായകനായി ഷൈന്‍ ചെയ്തു നില്‍ക്കുന്ന സമയമായിരുന്നു. നാളത്തെ ഒരു പ്രോമിസിങ് വ്യക്തിയാണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു.
എന്നെ സംബന്ധിച്ചിടത്തോളം വിനീതിനെ ഞാന്‍ കൊണ്ടുവന്നില്ലെങ്കില്‍ വേറെ ആരെങ്കിലും കൊണ്ടുവരുമെന്ന് ഉറപ്പായിരുന്നു. വരാന്‍ വിനീത് ആഗ്രഹിച്ചാല്‍ മാത്രം മതി. പിന്നെ അത് എന്നിലൂടെ നടന്നു എന്നേയുള്ളൂ. പിന്നെ വിനീത് ആ കഥാപാത്രത്തിന് അനുയോജ്യനായിരുന്നു. ആ നിഷ്‌ക്കളങ്കതയും മുഖവും ആ കഥാപാത്രത്തിന് കറക്ടായിരുന്നു, ജോണി ആന്റണി പറഞ്ഞു.
ഹൃദയം എന്ന ചിത്രത്തെ കുറിച്ചും ജോണി ആന്റണി അഭിമുഖത്തില്‍ സംസാരിച്ചു. വിനീതിന്റെ സിനിമയായതുകൊണ്ട് മലയാളികള്‍ക്ക് ഹൃദയത്തില്‍ പ്രതീക്ഷയുണ്ടായിരുന്നെന്നും പിന്നെ വിനീതിന്റെ പടത്തില്‍ പ്രണവ് അഭിനയിക്കുന്നു എന്നതും മലയാളികളെ സംബന്ധിച്ച് ആകാംക്ഷയുള്ള കാര്യമായിരുന്നെന്നും ജോണി ആന്റണി പറയുന്നു.
മലയാളികള്‍ക്ക് എന്നും ഇഷ്ടപ്പെട്ട കോമ്പിനേഷനാണ് മോഹന്‍ലാലിന്റേതും ശ്രീനിവാസന്റേതും. അവരുടെ മക്കള്‍ ഒന്നിക്കുന്ന ഒരു സിനിമ വരുമ്പോള്‍ അതിലൊരു കൗതുകമുണ്ടായിരുന്നു. ഒത്തിരി നല്ല സിനിമകള്‍ തന്നതാണ് അച്ഛന്‍മാരുടെ കൂട്ടുകെട്ട്. അത് മക്കളിലേക്ക് എത്തുമ്പോള്‍ എങ്ങനെ വരുമെന്ന് ആളുകള്‍ നോക്കിയിരുന്നു. പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന രീതിയില്‍ തന്നെ സിനിമ വന്നു. പിതാക്കന്‍മാര്‍ക്ക് കിട്ടുന്ന സ്‌നേഹവും റെസ്പക്ടും ഇവര്‍ക്കും കിട്ടി.
അതുപോലെ പ്രണവിന്റേത് പല രീതിയില്‍ സഞ്ചരിക്കുന്ന കഥാപാത്രമായിരുന്നു. വളരെ അനായാസമായി പ്രണവ് അത് അതരിപ്പിച്ചു. ഒരു നല്ല താരം കൂടി മലയാള സിനിമയിലേക്ക് വന്നു.
വിനീതിന്റെ സംവിധാനത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് സന്തോഷമുള്ള കാര്യം തന്നെയാണെന്നും ലോകമെമ്പാടുമുള്ളവര്‍ സിനിമ കണ്ട് തന്നെ വിളിച്ചിരുന്നെന്നും ജോണി ആന്റണി പറഞ്ഞു.
Content Highlight: Director, Actor Johny Antony About Vineeth Sreenivasan