നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു മഹാവീര്യര്‍. എം.മുകുന്ദന്‍ അടിയന്തരാവസ്ഥ കാലത്ത് എഴുതിയ ഒരു ചെറുകഥയെ ആസ്പദമാക്കിയാണ് സിനിമ ചെയ്തത്. സിനിമ ഒ.ടി.ടി റിലീസിനൊരുങ്ങുന്നതിന് മുന്നോടിയായി നടത്തിയ പ്രസ് മീറ്റില്‍ എബ്രിഡ് ഷൈന്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ചെറുകഥ സിനിമയാക്കുന്നതിന്റെ ഭാഗമായി എം.മുകുന്ദനെ കണ്ടപ്പോള്‍ ഇത്തരത്തിലൊരു കഥയെ കുറിച്ച് അദ്ദേഹത്തിന് ഓര്‍മയില്ലായിരുന്നു എന്ന് എബ്രിഡ് ഷൈന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കഥ കാലാവര്‍ത്തിയായതുകൊണ്ടാണ് താന്‍ ഇന്നും ഓര്‍ത്തിരുന്നതെന്നും അത്തരത്തില്‍ തന്റെ സിനിമ കലാവര്‍ത്തിയാണെങ്കില്‍ നാല്‍പ്പത് വര്‍ഷമൊക്കെ കഴിയുമ്പോള്‍ ആളുകള്‍ മഹാവീര്യര്‍ ഓര്‍ത്തുവെക്കുമെന്നും സംവിധായകന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘വീണ്ടും മഹാവീര്യര്‍ സിനിമയുമായി ബന്ധപ്പെട്ട് ഇത്തരത്തിലൊരു പ്രസ് മീറ്റ് നടത്തേണ്ടി വരുമെന്ന് ഞാന്‍ കരുതിയില്ല. 1970കളില്‍ അതായത് അടിയന്തരാവസ്ഥ കാലത്ത് മുകുന്ദന്‍ സാര്‍ എഴുതിയ നാല് പേജ് വരുന്ന ഒരു ചെറുകഥയുണ്ട്. ആ ചെറുകഥയുടെ സിനാമാവിഷ്‌കാരമാണ് മഹാവീര്യര്‍. ഞാന്‍ ജനിക്കുന്നതിന് മുമ്പാണോ അതിനുശേഷമാണോ ചെറുകഥ എഴുതിയതെന്ന് എനിക്കറിയില്ല.
ചിലപ്പോള്‍ ഞാന്‍ ജനിച്ച സമയത്തായിരിക്കും ആ കഥ സാര്‍ എഴുതിയിട്ടുള്ളത്. അന്ന് അദ്ദേഹം എഴുതിയ കഥ പത്ത് നാല്‍പ്പത്തിയാറ് വര്‍ഷത്തിനുശേഷമാണ് സിനിമയാകുന്നത്. ഈ കഥ സിനിമയാക്കാന്‍ തീരുമാനിച്ച് മുകുന്ദന്‍ സാറിനോട് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് ഇതിനെ കുറിച്ച് ഓര്‍മ പോലുമുണ്ടായിരുന്നില്ല. ഞാന്‍ ഇത് എഴുതിയിട്ടുണ്ടോ എന്നാണ് സാര്‍ അന്ന് ചോദിച്ചത്.
എന്നാല്‍ ആ കഥ തപ്പിപിടിച്ച് ഞാന്‍ സിനിമ ചെയ്തു. സിനിമയാണെങ്കില്‍ തിയേറ്ററുകളില്‍ നിന്നും പോവുകയും ചെയ്തു. ഇപ്പോള്‍ സമയം ഒരുപാട് കടന്നുപോയി. ചിലപ്പോള്‍ ഒരു നാല്‍പ്പത് വര്‍ഷത്തിനുശേഷം ആരെങ്കിലും ഈ സിനിമ കണ്ടേക്കാം. സാറിന്റെ കഥ കാലാവര്‍ത്തിയായത് കൊണ്ടാണ് എനിക്കത് കണ്ടെത്താനായത്. അതുപോലെ എന്റെ സിനിമ കാലാവര്‍ത്തിയാണോ അല്ലയോ എന്ന് കാലം പറയേണ്ടതാണ്.
ഞാന്‍ മാഹാവീര്യര്‍ ചെയ്തു, ചെയ്ത് കഴിഞ്ഞു. ഇനി അതിനെ കുറിച്ച് കൂടുതലൊന്നും പറയാനില്ല. ഒ.ടി.ടിയില്‍ എന്തായാലും സിനിമ വരും. വന്ന് കഴിയുമ്പോള്‍ സിനിമ കണ്ടവരും ആസ്വദിച്ചവരുമൊക്കെ ഉറപ്പായും കാണണം. അതാണ് ഇനി ആ സിനിമക്ക് കിട്ടാനുള്ള ലൈഫ്. സിനിമയെ കുറിച്ച് എനിക്ക് കൂടുതലൊന്നും പറയാനില്ല,’ എബ്രിഡ് ഷൈന്‍ പറഞ്ഞു.
content highlight: director abrid shine about mahaveeryar movie