| Thursday, 17th November 2022, 9:51 am

ബേസിലിന് എന്നെ പേടിയാണ്, മുകുന്ദന്‍ ഉണ്ണിയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ഡേറ്റ് തന്നില്ല: അഭിനവ് സുന്ദര്‍ നായക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ നായകനായ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന പുതിയ ചിത്രത്തിന്റെ സംവിധായകനാണ് അഭിനവ് സുന്ദര്‍ നായക്. ചിത്രത്തിന് വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മുകുന്ദന്‍ ഉണ്ണി എന്ന സിനിമക്ക് മുമ്പ് ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഗോദയുടെ എഡിറ്ററായി ബേസിലിന് ഒപ്പം അഭിനവ് വര്‍ക്ക് ചെയ്തിരുന്നു. ബേസിലിനെക്കുറിച്ചും കൂടെ വര്‍ക്ക് ചെയ്ത അനുഭവത്തെക്കുറിച്ചും പറയുകയാണ് അഭിനവ്.

ബേസിലിന് തന്നെ പേടിയാണെന്നും അദ്ദേഹത്തിന് ഇഷ്ടപ്പെട്ട പല ഭാഗങ്ങളും ഗോദയില്‍ താന്‍ കട്ട് ചെയ്തിട്ടുണ്ടെന്നും അഭിനവ് പറഞ്ഞു. കൂടാതെ മുകുന്ദന്‍ ഉണ്ണിയില്‍ അഭിനയിക്കാന്‍ താന്‍ ബേസിലിനെ വിളിച്ചിരുന്നുവെന്നും അദ്ദേഹം ഡേറ്റ് തന്നില്ലെന്നും അഭിനവ് കൂട്ടിച്ചേര്‍ത്തു.

”ബേസിലിന്റെ ഗോദയുടെ എഡിറ്റിങ്ങ് ഞാനായിരുന്നു. ഗോദ എനിക്ക് നല്ലൊരു എക്‌സ്പീരിയന്‍സായിരുന്നു. ബേസിലിന്റെ കൂടെ വര്‍ക്ക് ചെയ്യുന്നത് വളരെ രസകരമായ കാര്യമാണ് ഭയങ്കര ഫണ്‍ ആണ്. സംവിധായകന് പുറമേ അദ്ദേഹം ഇപ്പോഴത്തെ ലീഡിങ് ആക്ടറും കൂടിയാണ്.

എന്റെ ക്ലോസ് ഫ്രണ്ടാണ് അതില്‍ കൂടുതല്‍ ഞാന്‍ റെസ്‌പെക്ട് ചെയ്യുന്ന ഡയറക്ടര്‍ കൂടിയാണ്. ബേസിലിന് എന്നെ ഭയങ്കര പേടിയാണ്. സിനിമയിലെ ഏതെങ്കിലും സീന്‍ ഞാന്‍ കട്ട് ചെയ്താല്‍ അപ്പുറത്ത് പോയി പറയും അഭിനവ് അത് കട്ട് ചെയ്തു. ഇനി ഒന്നും പറയാന്‍ പറ്റില്ലാലോയെന്ന്. ഇത് പോലെയാണ് അദ്ദേഹം പലരോടും പറയുക.

അജുവേട്ടനോട് പറഞ്ഞപ്പോള്‍ നീ എന്തിനാണ് അത് കട്ട് ചെയ്യാന്‍ വിട്ടതെന്ന് അദ്ദേഹം ബേസിലിനോട് ചോദിച്ചു. അഭിനവിന്റെ അടുത്ത് കട്ട് ചെയ്യാന്‍ പറ്റില്ലെന്ന് എനിക്ക് പറയാന്‍ പറ്റില്ലെന്നാണ് ബേസില്‍ അജുവേട്ടനോട് പറഞ്ഞത്. അവന്‍ വേണ്ടയെന്ന് പറഞ്ഞപ്പോള്‍ ഞാനും ആ സീന്‍ വേണ്ടെന്ന് വെച്ചുവെന്ന് ബേസില്‍ പറഞ്ഞു.

എന്റെ ഏറ്റവും നല്ല സുഹൃത്താണ് അവന്‍. മുകുന്ദന്‍ ഉണ്ണിയില്‍ അഭിനയിക്കാന്‍ ഞാന്‍ ബേസിലിനെ വിളിച്ചിരുന്നു. പക്ഷേ എനിക്ക് അവന്‍ ഡേറ്റ് തന്നില്ല. അതുകൊണ്ട് ഇനി അവനെ ഞാന്‍ വിളിക്കില്ലെന്ന് തീരുമാനിച്ചു,” അഭിനവ് പറഞ്ഞു.

അതേസമയം മുകുന്ദന്‍ ഉണ്ണിക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. പ്രേക്ഷകര്‍ക്ക് നന്ദി പറയാന്‍ ഇന്‍സ്റ്റാഗ്രാമില്‍ ലൈവായി എത്തിയപ്പോഴാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് വിനീത് ശ്രീനിവാസന്‍ വ്യക്തമാക്കിയത്.

രണ്ടാം ഭാഗത്തിന്റെ ഐഡിയ അഭി എന്നോട് പറഞ്ഞപ്പോള്‍ അതില്‍ ഒരു കൗതുകം തോന്നി. ഞങ്ങള്‍ അത് വര്‍ക് ചെയ്യുകയാണ്. മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് രണ്ടാം ഭാഗം 2024ലായിരിക്കും എന്നും വിനീത് ശ്രീനിവാസന്‍ പറയുന്നു.

content highlight: director abhinav sundhar nayak about basil joseph

We use cookies to give you the best possible experience. Learn more