ഗുഡ്‌മോണിങ് പറഞ്ഞ് ഹിറ്റ്‌ലറുടെ ഫോട്ടോ പോസ്റ്റ് ചെയ്തു, അരമണിക്കൂര്‍ കഴിയുമ്പോഴേക്കും ഫേസ്ബുക്ക് അത് എടുത്ത് കളഞ്ഞു:വിനീത് ശ്രീനിവാസന്‍
Entertainment news
ഗുഡ്‌മോണിങ് പറഞ്ഞ് ഹിറ്റ്‌ലറുടെ ഫോട്ടോ പോസ്റ്റ് ചെയ്തു, അരമണിക്കൂര്‍ കഴിയുമ്പോഴേക്കും ഫേസ്ബുക്ക് അത് എടുത്ത് കളഞ്ഞു:വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 8th November 2022, 5:36 pm

വിനീത് ശ്രീനിവാസന്‍ നായകനാകുന്ന പുതിയ ചിത്രമാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്. അഭിനവ് സുന്ദര്‍ നായക് ആണ് ചിത്രത്തിന്റെ സംവിധായകന്‍. സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ ചിത്രത്തിന്റെ പ്രൊമോഷന്‍ രീതി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

അഡ്വ. മുകുന്ദന്‍ ഉണ്ണി, കോര്‍പറേറ്റ് ലോയര്‍ എന്ന പേരില്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും അകൗണ്ട് നിര്‍മിച്ചിരുന്നു. അതിലൂടെയാണ് ചിത്രത്തിന്റെ വെറൈറ്റി പ്രൊമോഷന്‍ അണിയറപ്രവര്‍ത്തകര്‍ നടത്തുന്നത്.

സംവിധായകന്‍ അഭിനവിന്റെ ആശയമാണ് ഇത്തരത്തിലൊരു വേറിട്ട പ്രൊമോഷന്‍ രീതിയെന്ന് വിനീത് ശ്രീനിവാസന്‍ നേരത്തെ പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് ഇത്തരത്തിലൊരു പ്രൊമോഷന്‍ രീതി സ്വികരിച്ചതെന്ന് മനോരമ ന്യൂസിനോട് പറയുകയാണ് സംവിധായകന്‍ അഭിനവ്.

”ഈ ഐഡിയയിലേക്ക് പോകണമെന്നൊന്നും പ്രീപ്ലാന്‍ഡ് അല്ലായിരുന്നു. സിനിമയുടെ എഡിറ്റ് കഴിഞ്ഞപ്പോള്‍ പടത്തിന്റെ ടോണ്‍ സെറ്റായി. ഈ സിറ്റുവേഷനില്‍ ആളുകളെ തിയേറ്ററിലേക്ക് കൊണ്ടുവരിക എന്ന് പറയുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.

ആളുകളുടെ ശ്രദ്ധ നമ്മള്‍ പിടിച്ച് വാങ്ങിയേ പറ്റുകയുള്ളു. ജസ്റ്റ് ഒരു പോസ്റ്റര്‍ അല്ലെങ്കില്‍ ട്രെയ്‌ലര്‍ ഇറക്കിയത് കൊണ്ടുമാത്രം കാര്യമില്ലെന്ന് തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു ഐഡിയയിലേക്ക് വരാമെന്ന് ചിന്തിച്ചത്.

സിനിമയിലെ കഥാപാത്രം വളരെ ഇന്ററസ്റ്റിങ്ങാണ്. എന്തുകൊണ്ട് സിനിമ ഇറങ്ങുന്നതിന് മുമ്പ് കഥാപാത്രത്തെ പ്രേക്ഷകരിലേക്ക് കൊണ്ടുവന്നുകൂടെ എന്ന് ഞാന്‍ ചിന്തിച്ചു. അങ്ങനെയാണ് പോസ്റ്റ് ഇട്ടത്. പക്ഷേ ഇത്രയും ക്ലിക്കാവുമെന്ന് ചിന്തിച്ചില്ലായിരുന്നു.

ഇന്‍സ്റ്റഗ്രാമിലാണ് ഞാന്‍ ഇത് ആദ്യം പോസ്റ്റ് ചെയ്തത്. ക്ലിക്കായി കഴിഞ്ഞപ്പോള്‍ വിനീത് ഏട്ടനാണ് ചോദിച്ചത് ഫേസ്ബുക്കിലും കൂടെ പോസ്റ്റ് ചെയ്തൂടെയെന്ന്. ഫേസ്ബുക്കില്‍ പ്രായമായ ആളുകളാണല്ലോ കൂടുതല്‍ ഉള്ളത്. ഇന്‍സ്റ്റഗ്രാമില്‍ ഇതൊക്കെ വര്‍ക്ക് ചെയ്യും എന്ന് ഉറപ്പായിരുന്നു.

എന്നാല്‍ ഫേസ്ബുക്കിലാണ് കുറച്ചുകൂടെ റീച്ച് ഉണ്ടാകുകയും പബ്ലിക്കിന്റെ ഇടയിലേക്ക് എത്തുകയെന്നും വിനീത് ഏട്ടന്‍ പറഞ്ഞു. അങ്ങനെയാണ് ഫേസ്ബുക്കില്‍ അകൗണ്ട് ക്രിയേറ്റ് ചെയ്തത്. പെട്ടെന്നാണ് പോസ്റ്റുകള്‍ റീച്ചായത്.

എന്നാല്‍ അടുത്തായി ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തു. കാരണം ഫേസ്ബുക്കിന് അത് ഒഫന്‍സീവായി തോന്നി. ഞങ്ങള്‍ ബ്ലോക്ക് ചെയ്തതല്ല. ഒന്നുകില്‍ ഫേസ്ബുക്കിന്റെ കമ്യൂണിറ്റി ഗൈഡന്‍സിന്റെ പ്രശ്‌നമാണ്. അല്ലെങ്കില്‍ മാസീവായി ആളുകള്‍ റിപ്പോര്‍ട്ട് അടിച്ചതാണ്. രണ്ടില്‍ ഏതെങ്കിലും ഒന്നാണ് സംഭവിച്ചത്. മാസ് റിപ്പോര്‍ട്ട് ചെയ്യാന്‍ അതിന് മാത്രം ഹേറ്റേര്‍സ് ഞങ്ങള്‍ക്ക് ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല.

സാധാരണ രാവിലെ വാട്‌സാപ്പില്‍ ഗുഡ്‌മോണിങ് എന്ന് അയക്കുന്നപോലെ മുകുന്ദന്‍ ഉണ്ണി ഹിറ്റ്‌ലറിന്റെ പടം പോസ്റ്റ് ചെയ്ത് ഗുഡ്‌മോണിങ് എന്ന ക്യാപ്ഷനും ഇട്ടിരുന്നു. വെറും അരമണിക്കൂര്‍ കഴിയുമ്പോഴേക്കും ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അത് റിമൂവ് ചെയ്തു,” അഭിനവ് പറഞ്ഞു.

നവംബര്‍ 11 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

content highlight: director abhinav and vineeth about mukundhan unni associates movie