മായാനദിക്കും വൈറസിനും ശേഷം ടൊവിനോയെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത നാരദന്‍ ഇന്ന് തിയേറ്ററിലെത്തിയിരിക്കുകയാണ്. മാധ്യമലോകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തുടര്‍ച്ചയായി എടുക്കുന്ന മൂന്നാമത്തെ ചിത്രത്തിലും ടൊവിനോയെ തന്നെ നായകനാക്കാനുള്ള തീരുമാനത്തെ കുറിച്ച് പറയുകയാണ് ആഷിഖ് അബു.
കഥാപാത്രത്തിന് ചേരുന്ന ആളായിട്ടാണ് ടൊവിനോ ആദ്യ ആലോചനയില്‍ത്തന്നെ തങ്ങളുടെ മുന്നിലേക്കുവന്നതെന്നും അതുപോലെ വ്യക്തിപരമായി ടൊവിനോക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ കൂടുതല്‍ കംഫര്‍ട്ട് തനിക്ക് അനുഭവപ്പെടാറുണ്ടെന്നുമാണ് ആഷിഖ് അബു മാതൃഭൂമി ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
‘പ്രെഡിക്ടബിള്‍ അല്ലാത്ത ഒരു അഭിനേതാവാണ് ടൊവിനോ എന്ന് തോന്നാറുണ്ട്. ഏതു തരത്തിലുള്ള വേഷവും ഇണങ്ങുന്ന ഏതു വേഷത്തിലും അവതരിപ്പിക്കാന്‍ പറ്റുന്ന ഇമേജിന്റെ ഭാരങ്ങള്‍ അധികമില്ലാത്ത അഭിനേതാവ്.
മായാനദിയില്‍നിന്ന് നാരദനിലേക്ക് എത്തുമ്പോള്‍ ടൊവിനോ ഒരുപാട് മുന്നോട്ടുപോയിട്ടുണ്ട്. ഓരോ വര്‍ഷം കഴിയുന്തോറും ഓരോ സിനിമകഴിയുന്തോറും സ്വയം നവീകരിച്ച് കഠിനാധ്വാനംചെയ്ത് കുറച്ചുകൂടി പക്വതയുള്ള അഭിനേതാവായി അദ്ദേഹം വളരുന്നുമുണ്ട്. എന്റെയൊരു അടുത്ത സുഹൃത്തുകൂടിയായതിനാല്‍ അവന്റെ വളര്‍ച്ച ഏറെ സന്തോഷത്തോടെ കാണുന്ന ഒരാളാണ് ഞാന്‍’, ആഷിഖ് അബു പറഞ്ഞു.
നാരദനില്‍ നേരിട്ട വെല്ലുവിളിയെ കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. ടെലിവിഷന്‍ ജേണലിസ്റ്റുകള്‍ സ്‌കിറ്റ് രൂപത്തിലും മറ്റും ഒരുപാട് ട്രോള്‍ ചെയ്യപ്പെടുകയും വിമര്‍ശിക്കപ്പെടുകയും അനുകരിക്കപ്പെടുകയുമൊക്കെ ചെയ്തിട്ടുണ്ട്. അതൊക്കെ എല്ലാവരും കണ്ടിട്ടുമുണ്ട്.
സിനിമ ചെയ്യുമ്പോള്‍ നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി അതേപോലെ ആകാതിരിക്കണം എന്നതായിരുന്നു. ടെലിവിഷന്‍ ജേണലിസ്റ്റുകളുടെ രീതിയെയും അവരുടെ ചേഷ്ടകളെയും കളിയാക്കുന്നത് മലയാളിക്ക് പുതിയകാര്യമൊന്നുമല്ല.
അതുകൊണ്ട് അത്തരം കാര്യങ്ങള്‍ വരാതിരിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്റെ നാടകഗുരുകൂടിയായ ദീപന്‍ ശിവരാമനാണ് ടൊവിനോയെ ഈ സിനിമയ്ക്കായി പരിശീലിപ്പിച്ചത്. ദീപന്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുമുണ്ട്,’ ആഷിഖ് അബു പറഞ്ഞു.
Content Highlight:Director Aashiq Abu About Tovino Thomas