|

സിക്കന്ദര്‍ ഒറിജിനലാണ്, ആ വിജയ് സിനിമയുടെ റീമേക്കല്ലെന്ന് ഉറപ്പാക്കി എ.ആര്‍. മുരുകദോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡ് സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് സിക്കന്ദര്‍. രണ്ട് വര്‍ഷത്തിന് ശേഷം സല്‍മാന്‍ ഖാന്‍ നായകനായെത്തുന്ന ചിത്രമാണ് സിക്കന്ദര്‍. 2024ല്‍ സല്‍മാന്‍ ഖാന്‍ നായകനായ ഒരു ചിത്രം പോലും വന്നിട്ടുണ്ടായിരുന്നില്ല. തമിഴിലും ഹിന്ദിയിലും ഹിറ്റുകളൊരുക്കിയ എ.ആര്‍. മുരുകദോസാണ് സിക്കന്ദര്‍ അണിയിച്ചൊരുക്കുന്നത്.

മുരുകദോസിന്റെ നാലാമത്തെ ഹിന്ദി ചിത്രമാണ് സിക്കന്ദര്‍. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. വിജയ്- എ.ആര്‍. മുരുകദോസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സര്‍ക്കാരിന്റെ റീമേക്കാണ് സിക്കന്ദറെന്ന് ടീസര്‍ റിലീസിന് പിന്നാലെ അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. ഒരു ഗവണ്മെന്റിനെ കോര്‍പ്പറേറ്റ് തലവന്‍ എതിര്‍ത്ത് തോല്‍പ്പിക്കുന്ന കഥ പറഞ്ഞ ചിത്രമായിരുന്നു സര്‍ക്കാര്‍.

സിക്കന്ദറിലെ ചില ഷോട്ടുകളും ഡയലോഗുകളും സര്‍ക്കാരിലേതിന് സമാനമായിരുന്നു. സൗത്ത് ഇന്ത്യന്‍ സിമികള്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്യുമ്പോള്‍ അമ്പേ പരാജയമാകുന്ന സമയത്ത് സിക്കന്ദറിന്റെ ബോക്‌സ് ഓഫീസ് അവസ്ഥ പരിതാപകരമാകുമെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാല്‍ സിക്കന്ദര്‍ ഒരു സിനിമയുടെയും റീമേക്കല്ലെന്ന് പറയുകയാണ് സംവിധായകന്‍ എ.ആര്‍. മുരുകദോസ്.

ചിത്രം ഒറിജിനല്‍ സ്‌റ്റോറിയാണെന്നും ഓരോ സീനും ഓരോ ഫ്രെയിമും ഫ്രെഷായാണ് ഒരുക്കിയിരിക്കുന്നതെന്ന് മുരുകദോസ് പറഞ്ഞു. പുതിയ ഒരു നരേറ്റീവും തിരക്കഥയുമാണ് സിക്കന്ദറിന്റേതെന്നും എല്ലാവര്‍ക്കും മികച്ച ഒരു തിയേറ്റര്‍ എക്‌സ്പീരിയന്‍സാകും ചിത്രമെന്നും മുരുകദോസ് കൂട്ടിച്ചേര്‍ത്തു. സല്‍മാന്‍ ഖാന്റെ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള എല്ലാം ചിത്രത്തിലുണ്ടാകുമെന്നും മുരുകദോസ് പറഞ്ഞു.

‘സിക്കന്ദര്‍ ഒറിജിനല്‍ സ്റ്റോറിയാണ്. ഓരോ സീനും, ഓരോ ഫ്രെയിമും ഫ്രഷായിട്ടുള്ള ഒന്നാണ്. പുതിയ ഒരു നരേറ്റീവും അതിലൂടെ മികച്ച ഒരു എക്‌സ്പീരിയന്‍സും പ്രേക്ഷകര്‍ക്ക് ലഭിക്കുമെന്ന് ഉറപ്പാണ്. ഇതിന് മുമ്പ് വന്നിട്ടുള്ള ഒരു സിനിമയുടെയും റീമേക്കോ അഡാപ്‌റ്റേഷനോ അല്ല സിക്കന്ദര്‍. സല്‍മാന്‍ ഖാന്‍ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള എല്ലാം ചിത്രത്തില്‍ ഉണ്ടാകും,’ എ.ആര്‍ മുരുകദോസ് പറഞ്ഞു.

രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. സത്യരാജും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. കാജല്‍ അഗര്‍വാള്‍, ശര്‍മന്‍ ജോഷി, കിഷോര്‍ തുടങ്ങി വന്‍ താരനിര സിക്കന്ദറില്‍ അണിനിരക്കുന്നുണ്ട്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം. നദിയദ്‌വാലാ ഗ്രാന്‍ഡ്‌സണ്‍സിന്റെ ബാനറില്‍ സജിദ് നദിയദ്‌വാലയാണ് ചിത്രം നിര്‍മിക്കുന്നത്. ഈദ് റിലീസായി മാര്‍ച്ച് 30ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Director A R Murugadoss confirms that Sikandar movie is not the remake of Vijay’s Sarkar

Video Stories