അന്ന് ജോജു ഹ്യൂമര്‍ ചെയ്തു തുടങ്ങിയോ എന്നാലോചിച്ചു; ഒരുപാട് കഷ്ടപ്പെട്ടത് കൊണ്ടുമാത്രം ഒരാള്‍ നല്ല നടനാകില്ല: എ.കെ. സാജന്‍
Film News
അന്ന് ജോജു ഹ്യൂമര്‍ ചെയ്തു തുടങ്ങിയോ എന്നാലോചിച്ചു; ഒരുപാട് കഷ്ടപ്പെട്ടത് കൊണ്ടുമാത്രം ഒരാള്‍ നല്ല നടനാകില്ല: എ.കെ. സാജന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 30th October 2023, 7:57 pm

എ.കെ. സാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത പുതിയ സിനിമയാണ് ജോജു ജോര്‍ജും ഐശ്വര്യ രാജേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പുലിമട’. ഒക്ടോബര്‍ 26നായിരുന്നു സിനിമ തിയേറ്ററുകളിലെത്തിയത്. ഇപ്പോള്‍ സിനിമയുടെ സംവിധായകന്‍ എ.കെ. സാജന്‍ നടന്‍ ജോജുവിനെ പറ്റി സംസാരിക്കുകയാണ്. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അഭിനയത്തില്‍ ജോജുവിന്റെ വളര്‍ച്ച എല്ലാവരും കണ്ടതാണ്. ലാല്‍ജോസിന്റെ പുള്ളിപുലിയും ആട്ടിന്‍കുട്ടിയും എന്ന സിനിമയിലൂടെയാണ് ജോജു കോമഡി കഥാപാത്രങ്ങള്‍ ചെയ്തു തുടങ്ങുന്നത്. അന്ന് ജോജു ഹ്യൂമര്‍ ചെയ്തു തുടങ്ങിയോയെന്ന് ഞാന്‍ ആലോചിച്ചിരുന്നു. അവിടുന്ന് ജോസഫിലേക്ക് വന്നപ്പോള്‍ അയാള്‍ക്കുണ്ടായ മാറ്റം ശ്രദ്ധേയമാണ്.

അതില്‍ ഹ്യൂമറുണ്ടായിരുന്നില്ല. ആ സിനിമയില്‍ അയാളുടെ ബോഡി ലാംങ്വേജും ലുക്കും മാറി. പ്രായമായ ഒരാളുടെ ഭാവത്തിലേക്ക് വന്നു. തന്റെ ശരീരത്തെ പ്ലസ് പോയന്റാക്കി ജോജുവിന് മാറ്റിയെടുക്കാന്‍ സാധിച്ചു. ജോജുവിന്റെ തടിയും പൊക്കവുമൊക്കെ ആ രീതിയിലേക്ക് മാറി.
ഒരുപാട് പൊക്കമുള്ള ഒരാള്‍ക്ക് സിനിമയില്‍ നില്‍ക്കാന്‍ വലിയ പ്രയാസമാണ്. കഥാപാത്രത്തിന് വേണ്ടിയുള്ള അവരുടെ മൂവ്‌മെന്റ്‌സ് വളരെ ബുദ്ധിമുട്ടാണ്. സുരേഷ്‌ഗോപിക്ക് ഉള്‍പ്പെടെ അങ്ങനെയാണ്.

എന്നാല്‍ ചിലര്‍ അത് പ്ലസ് പോയന്റാക്കിയെടുക്കും. അപ്പോഴാണ് അവര്‍ നടന്മാരാകുന്നത്. ജോജുവിന് ബോഡി കണ്ട്രോളാക്കി നിര്‍ത്തി കഥാപാത്രത്തിലേക്ക് മാറ്റാന്‍ സാധിക്കുന്നുണ്ട്. ജോജു ഒരു മാജിക് പോലെയാണ് അതു ചെയ്യുന്നത്. ജോസഫിന് ശേഷം എല്ലാ സിനിമകളും അങ്ങനെയാണ്. അയാളുടെ വളര്‍ച്ച അവിടെ വ്യക്തമാണ്.

എക്‌സ്ട്രീം ആയ ചില സീനുകള്‍ പോലും കൈകാര്യം ചെയ്യാന്‍ ജോജുവിന് കഴിയുന്നുണ്ട്. വയലന്‍സാണെങ്കിലും പെട്ടെന്ന് പൊട്ടിതെറിക്കുന്നതാണെങ്കിലും ഇമോഷണലാണെങ്കിലും അങ്ങനെയാണ്. പ്രേക്ഷകര്‍ ജോജുവിനെ പെട്ടെന്ന് ഇഷ്ടപെട്ടു തുടങ്ങിയിരുന്നു. ചിലപ്പോള്‍ അയാളുടെ സത്യസന്ധത കൊണ്ടാകും.

എന്നാല്‍ ഒരുപാട് കഷ്ടപ്പെട്ടത് കൊണ്ട് ഒരാള്‍ നല്ല നടനാകില്ല. പക്ഷെ ആ കഷ്ടപ്പാട് അയാളിലുണ്ടാക്കുന്നത് തീയാണ്. ഒരുപാടാളുകള്‍ സിനിമക്ക് വേണ്ടി കഷ്ടപെടുന്നുണ്ട്. അവരൊന്നും വലിയ നടന്മാരാകുന്നില്ല. ഇവിടെ ജോജുവിന്റെ ഉള്ളില്‍ നല്ല ഒരു നടനുണ്ട്. അയാളുടെ ആ വളര്‍ച്ചയില്‍ എനിക്ക് സന്തോഷമുണ്ട്,’ എ.കെ. സാജന്‍ പറഞ്ഞു.

Content Highlight: Director A K Sajan Talks About Joju George’s Transformation In Movie