തിയേറ്ററുകളില്‍ ഏറ്റവും പുതുതായി റിലീസായ സിനിമകളിലൊന്നാണ് ‘പുലിമട’. എ.കെ സാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയില്‍ ജോജു ജോര്‍ജും ഐശ്വര്യ രാജേഷുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സിനിമയുടെ സംവിധായകന്‍ എ.കെ സാജന്‍ ഇപ്പോള്‍ ജോജു ആദ്യമായി തന്റെയടുത്ത് ചാന്‍സ് ചോദിച്ചു വന്നതിനെ പറ്റി സംസാരിക്കുകയാണ്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നമ്മളുടെ ജീവിതത്തില്‍ ഒരുപാട് അത്ഭുതങ്ങള്‍ നടക്കാം. എന്റെ വീട്ടില്‍ ചാന്‍സ് ചോദിച്ചു വന്ന ഒരാള്‍ നിര്‍മിക്കുന്ന സിനിമ സംവിധാനം ചെയ്യുകയെന്ന് പറയുന്നത് ശരിക്കും ഒരു മാജിക്കാണ്. ഞാന്‍ പണ്ടും എന്റെ വീട്ടില്‍ വരുന്നവരോടും എന്നോട് സംസാരിക്കുന്നവരോടും വളരെ സ്‌നേഹത്തോടെ സംസാരിക്കുന്ന ആളാണ്.
എന്നാലും ഞാന്‍ എന്റെ ജീവിതത്തിലുണ്ടായ ആ അത്ഭുതത്തെ കുറിച്ചാണ് ചിന്തിക്കുന്നത്. രാവിലെ എന്റെ വീടിന്റെ ഗേയ്റ്റ് തുറന്നുവന്ന് ചാന്‍സ് ചോദിച്ച ആളായിരുന്നു ജോജു. ആ ഒരു മാജിക്കുണ്ടല്ലോ, ദൈവമുണ്ടാക്കുന്ന മാജിക്കല്ല. അത് സിനിമക്കുള്ള മാജിക്കാണ്. സിനിമക്ക് മാത്രം പറ്റുന്ന മാജിക്കാണ് അത്. സിനിമയിലെ ആ മാജിക്കാണ് ജോജുവിന്റെ വളര്‍ച്ച. അതൊരിക്കലും ഒരു റിവഞ്ചല്ല. ഓര്‍ക്കുമ്പോള്‍ വളരെ രസകരവും അത്ഭുതവുമാണ് ആ മാജിക്ക്.
ജോജുവിന്റെ ആ വളര്‍ച്ചയില്‍ ഒരുപാട് സന്തോഷമുണ്ട്. പണ്ട് ജോജു ഇങ്ങനെയൊക്കെ വളരുമെന്ന് വിചാരിച്ചിരുന്നെങ്കില്‍ അത് വിഡ്ഡിത്തമായേനെ. അങ്ങനെ നമുക്ക് പ്രവചിക്കാനൊന്നും പറ്റില്ലല്ലോ. പക്ഷെ ജോജു എന്നും സത്യസന്ധനാണ്. അന്ന് ജോജുവിന് എന്നെ കാണുമ്പോഴുള്ള ബഹുമാനം ഇന്നുമുണ്ട്.
ജോജുവിന് സിനിമയോട് ഒരുപാട് പാഷനുണ്ട്. അയാള്‍ സിനിമക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അത് വ്യക്തിപരമായിട്ട് എനിക്കറിയാം. ജോജുവിന് വേണമെങ്കില്‍ വേറെയെന്തെങ്കിലും ജോലിയൊക്കെ ചെയ്ത് ഗള്‍ഫിലോ മറ്റോ പോവാമായിരുന്നു. എന്നാല്‍ സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടി മാത്രം ജോജു ഒരുപാട് ജോലികള്‍ ചെയ്തിട്ടുണ്ട്. സിനിമക്ക് വേണ്ടി കൊച്ചിയില്‍ നില്‍ക്കാന്‍ വേണ്ടിയായിരുന്നു അത്.
ജോജു എപ്പോള്‍ കണ്ടാലും സിനിമയെ പറ്റി മാത്രമെ സംസാരിച്ചിരുന്നുള്ളു. പിന്നെ പതുക്കെ അയാള്‍ ചെറിയ ബിസിനസൊക്കെ ചെയ്ത് കാശുണ്ടാക്കി. അപ്പോഴും അഭിനയിച്ച സിനിമകളും നിര്‍മിച്ച സിനിമകളും നല്ല ക്വാളിറ്റിയുള്ള സിനിമകളായിരുന്നു. ക്വാളിറ്റിയുള്ള ആളുകളുടെ കൂടെയായിരുന്നു ജോജു നടന്നിരുന്നത്,’ എ.കെ സാജന്‍ പറഞ്ഞു.
Content Highlight: Director A K Sajan Talks About Joju George