| Monday, 16th October 2023, 11:27 pm

'കഥ നിറയെ വയലൻസാണെന്ന് ലാൽ സാർ പറഞ്ഞു, മുരളി ചേട്ടൻ ഓക്കേ പറഞ്ഞെങ്കിലും അതും നടന്നില്ല'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ പിറന്ന സൂപ്പർ ഹിറ്റ്‌ ചിത്രങ്ങളിൽ ഒന്നായിരുന്നു ജോഷി ഒരുക്കിയ ധ്രുവം. എന്നാൽ മറ്റൊരു സിനിമക്കായി തയ്യാറാക്കിയ കഥയാണ് പിന്നീട് ധ്രുവമായി മാറിയതെന്നാണ് സംവിധായകനും തിരക്കഥകൃത്തുമായ എ. കെ. സാജൻ പറയുന്നത്. ജോജു ജോർജ് നായകനായെത്തുന്ന ‘പുലിമട ‘ എന്ന തന്റെ പുതിയ ചിത്രത്തെ കുറിച്ച് സംസാരിക്കുമ്പോഴാണ് പഴയക്കാല സിനിമ ഓർമകൾ അദ്ദേഹം പങ്കു വച്ചത്. കാൻ ചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു സാജൻ.

‘എനിക്കൊരു തിരക്കഥ എഴുതണമെന്ന് തോന്നിയപ്പോഴാണ് ആ കാലത്ത് തിരുവനന്തപുരത്ത് ഒരു തൂക്കിക്കൊല സംഭവിക്കുന്നത്. പിന്നീട് അതിനെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാൻ തുടങ്ങി. ഇപ്പോഴുള്ള പോലെ ചാനലുകൾ ഒന്നുമില്ലല്ലോ, പത്രങ്ങൾ മാത്രമേയുള്ളൂ. അതിനുശേഷം വധശിക്ഷയെ കുറിച്ച് ഞാൻ കൂടുതൽ അറിയാൻ ശ്രമിച്ചു.

ഒരു വലിയ പ്രതിയെ തൂക്കിക്കൊല്ലുന്നതാണ് ഇതിവൃത്തം. ഒരുപാട് പേരെ കൊന്ന ഒരാളെ കൊല്ലുന്നത് അയാളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സാധാരണക്കാരനാണ്. കൂലിക്ക് വേണ്ടിവരുന്ന ഒരു ആരാച്ചാർ. ജയിലും പോലീസുമെല്ലാം നിറഞ്ഞ ഒരു ഡാർക്ക് സിനിമയായിരുന്നു അത്. പിന്നീട് ചിത്രം വളരെ സീരിയസ് ആണെന്ന് എനിക്ക് തോന്നി. ഞാൻ എഴുതണമെന്നും സിനിമയിൽ എത്തണമെന്നുമെല്ലാം ആഗ്രഹിക്കുന്ന എന്റ കുറച്ചു സുഹൃത്തുക്കളുണ്ട്. അവരിൽ ഒരാളായ സുഹൃത്ത് ജയനോട് ഞാൻ ഈ കഥയെ കുറിച്ച് സംസാരിച്ചു. ജയൻ പറഞ്ഞു ഇത് ഗംഭീര കഥയാണ് മുരളി ചേട്ടനെ വെച്ച് ചെയ്താൽ നന്നാവുമെന്ന്.

അങ്ങനെ ഒരു ദിവസം ഞാൻ ഒരു ലൊക്കേഷനിൽ വച്ച് മുരളി ചേട്ടനോട് കഥ പറഞ്ഞു. കഥ കേട്ട മുരളി ചേട്ടൻ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു, നമുക്കിത് ചെയ്യാം നീ എഴുത് എന്ന്. അത് കേട്ടപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി. കാരണം ഒരു വലിയ നടൻ ഓക്കേ പറഞ്ഞല്ലോ. അങ്ങനെ കഥ തുടർന്ന് എഴുതിയെങ്കിലും ചില സാമ്പത്തിക പ്രശ്നങ്ങൾ കാരണം അത് മുന്നോട്ടു പോകാൻ കുറച്ചു ബുദ്ധിമുട്ടി.

അതിനിടയിൽ ഡെന്നിസ് ജോസഫിനോടും സിനിമയിലെ മറ്റു സുഹൃത്തുക്കളോടും എല്ലാം ഈ കഥ പറഞ്ഞിരുന്നു. എല്ലാവരും എന്നോട് കൊള്ളാം എന്ന് പറയുമായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് സുരേഷ് ബാലാജി, ലാൽ സാറിനെ വച്ച് ഒരു സിനിമ ചെയ്യാൻ പോകുന്നുണ്ടെന്ന് അറിയുന്നത്. അവർക്ക് പെട്ടെന്ന് ഒരു കഥ വേണം. ജയനാണ് ഈ വിവരം എന്നോട് പറയുന്നത്. അങ്ങനെ ഞാൻ ലാൽസറിനെ കാണാൻ ഒരു സിനിമാ ലൊക്കേഷനിലേക്ക് ചെന്നു. ഒടുവിൽ എനിക്ക് ലാൽസാറിനോട് കഥ പറയാനുള്ള അവസരം ലഭിച്ചു.

എന്റെ കഥ കേട്ട ശേഷം ലാൽസാർ എന്നോട് പറഞ്ഞത് ഭയങ്കര വയലൻസ് ആണല്ലോ, ഒരുപാട് ഡാർക്ക്‌ ആണല്ലോ എന്നാണ്. ലാൽ സാറിനെ ഒരു ആരാച്ചാരായി ചിന്തിക്കാൻ അന്ന് കുറച്ച് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. പിന്നീട് തിരിച്ചു നാട്ടിലേക്കുള്ള യാത്രയിൽ ഞാൻ തീരുമാനിച്ചു ഈ ആരാച്ചാർ കഥ വർക്ക്‌ ഔട്ട്‌ ആവാൻ കുറച്ചു ബുദ്ധിമുട്ടാണെന്ന്.

പിറ്റേന്ന് ഞാൻ ജയനോട് പറഞ്ഞു ഇത് മുരളി ചേട്ടൻ വിചാരിച്ചാൽ മാത്രമേ നമുക്ക് ചെയ്യാൻ കഴിയുള്ളൂവെന്ന്. നമ്മുടെ ഹീറോസിന് അങ്ങനെയൊരു പ്രശ്നമുണ്ട്. ഗ്രേ ഷേഡ് വേഷങ്ങൾ ചെയ്യുമെങ്കിലും അതിക്രൂരന്മാരായ വേഷങ്ങളിൽ അഭിനയിക്കാൻ അന്നവർക്ക് പരിമിതികൾ ഉണ്ടായിരുന്നു. പിന്നീട് എസ്.എൻ.സ്വാമി സാറാണ് പെട്ടെന്ന് ഒരു കഥ സിനിമയ്ക്ക് ആവശ്യമുണ്ടെന്ന് പറയുന്നത്. എനിക്ക് ഈ കഥ കൊടുക്കാൻ ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. സ്വാമി സാറുമായി ഒരുപാട് സംസാരിച്ച ശേഷം ഒടുവിൽ അതാണ് ശരിയെന്നു തോന്നിയപ്പോഴാണ് ഞാൻ കഥ നൽകുന്നത്.

ജോഷി സാർ ആയിരുന്നു സിനിമയുടെ സംവിധായകൻ. അങ്ങനെ ഞങ്ങൾ ഒരുമിച്ചിരുന്നു ഒരു വൺ ലൈൻ ഉണ്ടാക്കി. സിനിമയെ ഒരു തമിഴ് കൾച്ചറിലേക്ക് സ്വാമിയും കൊണ്ടു വന്നു. പിന്നീട് ജോഷി സാറാണ് സ്ക്രിപ്റ്റിൽ നല്ല രീതിയിൽ അഴിച്ചു പണി നടത്തി ഇപ്പോൾ ഉള്ള രീതിയിലേക്ക് മാറ്റുന്നത്. അങ്ങനെയാണ് ധ്രുവം സംഭവിക്കുന്നത്,’ സാജൻ പറയുന്നു.

Content Highlight: Director A.K.Sajan Talk About Dhruvam Movie

We use cookies to give you the best possible experience. Learn more