മലയാളത്തിൽ സംവിധായകനായും തിരക്കഥാകൃത്തായും തിളങ്ങിയ വ്യക്തിയാണ് എ.കെ. സാജൻ. ജോജു ജോർജ് നായകനായി എത്തുന്ന ‘പുലിമട’എന്ന ചിത്രമാണ് അടുത്തതായി സാജന്റേതായി പുറത്തിറങ്ങാനുള്ളത്. അന്യഭാഷകളിലടക്കം നിറഞ്ഞുനിൽക്കുന്ന നടൻ വിനായകനെ കുറിച്ച് സംസാരിക്കുകയാണ് സാജൻ.
സാജന്റെ തിരക്കഥയിൽ ഒരുങ്ങിയ മാന്ത്രികം എന്ന സിനിമയിലും സംവിധാനം ചെയ്ത സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിലും വിനായകൻ അഭിനയിച്ചിരുന്നു. വിനായകനെ നായകനാക്കി നടക്കാതെ പോയ സിനിമയെ കുറിച്ച് പങ്കുവെക്കുകയാണ് എ.കെ. സാജൻ.
‘ വിനായകനെ നായകനാക്കി ‘രമണൻ’ എന്നൊരു സിനിമ എന്റെയൊരു ഭ്രാന്തൻ സ്വപ്നമായിരുന്നു. നായികയായി ജ്യോതികയെ ആയിരുന്നു ഞാൻ മനസ്സിൽ വിചാരിച്ചത്,’ സാജൻ പറയുന്നു. കാൻ ചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വയലൻസ് എന്ന എന്റെ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്ത ആളാണ് വിനായകൻ. അൻവർ റഷീദാണ് വിനായകനെ എനിക്ക് പരിചയപ്പെടുത്തിത്തരുന്നത്. എന്റെ തന്നെ മാന്ത്രികം എന്ന സിനിമയിൽ വിനായകൻ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ടായിരുന്നു. വിനായകൻ അന്നും ഇന്നും വളരെ സ്നേഹത്തോടെ മാത്രമേ എന്നോട് പെരുമാറിയിട്ടുള്ളൂ. സിനിമ എന്നാൽ വിനായകന് പാഷൻ തന്നെയാണ്. സാമ്പ്രദായിക രീതികളൊന്നും അന്നും വിനായകന് അറിയില്ലായിരുന്നു. റിയൽ ലൈഫിൽ അഭിനയിക്കാൻ വിനായകന് അറിയില്ല.
അന്നും വിനായകൻ ഇതുപോലെ തന്നെയാണ്. പ്രൊഡക്ഷന്റെ ആളുകളുടെ ഭാഗത്ത് നിന്ന് വിനായകനെ വിളിച്ചാൽ കിട്ടില്ല എന്ന പരാതികൾ വരാറുണ്ടായിരുന്നു. വിനായകൻ ഒരു സ്ഥലം പറഞ്ഞിട്ടുണ്ട് അവിടെ ചെന്നാൽ അവനെ കാണാൻ പറ്റുമെന്നുറപ്പാണ്. പക്ഷേ സെറ്റിൽ വന്നാൽ ഭയങ്കര സപ്പോർട്ട് ആണ്. സിനിമ കഴിഞ്ഞതിനുശേഷവും ആ സ്നേഹബന്ധം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇടയ്ക്ക് എന്റെ വീട്ടിലെല്ലാം വരാറുണ്ട്.
വിനായകനെ നായകനാക്കി രമണൻ എന്നൊരു സിനിമ എന്റെയൊരു ഭ്രാന്തൻ സ്വപ്നമായിരുന്നു. നായികയായി ജ്യോതികയെ ആയിരുന്നു ഞാൻ മനസ്സിൽ വിചാരിച്ചത്. ഞാൻ ഈ കഥ പല നിർമാതാക്കളോട് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. ഒടുവിൽ അതുപേക്ഷിച്ചു. ആ സിനിമ ചെയ്യണം എന്ന് പറഞ്ഞ് നടന്നാൽ നമുക്ക് ജീവിക്കാൻ പറ്റില്ലല്ലോ. അത് നടക്കുന്നില്ലെങ്കിൽ നമ്മൾ വീണ്ടും ഒരു കച്ചവട സിനിമയുമായി മുന്നോട്ട് പോകേണ്ടിവരും.
ഇന്നത്തെ സാഹചര്യത്തിൽ വിനായകനെ നായകനാക്കുന്നത് ഒരു വലിയ കാര്യമൊന്നുമല്ല. വിനായകൻ ഇപ്പോൾ നായകനായി കഴിഞ്ഞു. എല്ലാവർക്കും അറിയുന്ന ഒരു നടനായി ഉയർന്നു. ഞാൻ അന്നത്തെ വിനായകനെ കുറിച്ചാണ് പറയുന്നത്. കഥകൾക്കൊരു കാലമുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അതുകഴിഞ്ഞാൽ പിന്നെ അത് ചർച്ച ചെയ്തിട്ട് കാര്യമില്ല,’ സാജൻ പറയുന്നു.
Content Highlight: Director A.K. Sajan Talk About A Dropped Movie Starred By Vinayakan And Jyothika