| Wednesday, 7th October 2020, 9:46 am

കൊവിഡ് കാലത്ത് സിനിമ തിയേറ്റര്‍ തുറക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്...

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സിനിമ തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ നിര്‍ദ്ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍.

സിനിമ തിയേറ്ററുകളില്‍ 50% മാത്രം കാണികളുമായി പ്രദര്‍ശനം നടത്താമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം. 7 മാസത്തെ ഇടവേളയ്ക്കു ശേഷം ഈ മാസം 15 മുതല്‍ തിയേറ്ററുകളും മള്‍ട്ടിപ്ലക്‌സുകളും തുറക്കാന്‍ അനുമതി നല്‍കിയിരുന്നു.

എന്നാല്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളുവെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

പ്രധാന നിര്‍ദ്ദേശങ്ങള്‍ 

1. ഓരോ പ്രദര്‍ശനത്തിനു ശേഷവും തിയേറ്റര്‍ സാനിറ്റൈസ് ചെയ്യണം.

2. കാണികള്‍ ആരോഗ്യസേതു മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നത് ഉചിതം. ജീവനക്കാര്‍ക്കും ഇതുറപ്പാക്കണം.

3. തിയേറ്ററിലെ എ.സി താപനില 24-30 ഡിഗ്രിയായി ക്രമപ്പെടുത്തണം

4. പായ്ക്ക് ചെയ്ത ഭക്ഷണം മാത്രമേ പാടുള്ളു.

5. ഓണ്‍ലൈന്‍ ടിക്കറ്റ് പ്രോത്സാഹിപ്പിക്കണം. മുന്‍കൂര്‍ ടിക്കറ്റ് വാങ്ങാനുള്ള ക്രമീകരണം വേണം.

6. മള്‍ട്ടിപ്ലക്‌സില്‍ ഒരേസമയം ഒന്നിലേറെ ഷോ ആരംഭിക്കുന്നത് ഒഴിവാക്കണം.

7. മുഖാവരണം ധരിക്കുക,അകലം പാലിക്കുക തുടങ്ങിയവ കാണികള്‍ക്കും തിയേറ്റര്‍ ജീവനക്കാര്‍ക്കും നിര്‍ബന്ധം

8. ഇടവേളകളില്‍ കാണികള്‍ പുറത്തിറങ്ങി നടക്കുന്നത് ഒഴിവാക്കണം.

9. തെര്‍മല്‍ സ്‌കാനിങ് നിര്‍ബന്ധം.

അണ്‍ലോക്ക് 5 ന്റെ ഭാഗമായാണ് തിയേറ്ററുകള്‍ക്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങല്‍ക്ക് ഇളവുകള്‍ നല്‍കിയത്. എന്നാല്‍ കേരളത്തില്‍ തിയേറ്ററുകള്‍ തുറക്കില്ലെന്ന് പ്രഖ്യാപിച്ച് ഫിലിം ചേംബര്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

കൊവിഡ് കാലത്ത് സര്‍ക്കാര്‍ തിയേറ്ററുകളെ അവഗണിച്ചുവെന്നും വിനോദ നികുതി നിര്‍ത്തലാക്കണമെന്നും ഫിലിം ചേംബര്‍ പറഞ്ഞിരുന്നു. നേരത്തെ കൊവിഡ് കാലത്ത് പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ടെന്ന് നിര്‍മ്മാതാക്കളുടെ സംഘടനയും തീരുമാനിച്ചിരുന്നു.

ഒക്ടോബര്‍ 15 മുതല്‍ സിനിമാ തിയേറ്ററുകള്‍ തുറക്കാമെന്നായിരുന്നു കേന്ദ്രത്തിന്റെ ഉത്തരവില്‍ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് തിയേറ്ററുകള്‍ ഇപ്പോള്‍ തുറക്കേണ്ടെന്ന നിലപാട് സ്വീകരിച്ച് ഫിലിം ചേംബര്‍ രംഗത്തെത്തിയത്.

ഒക്ടോബര്‍ 1 മുതല്‍ ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കണ്ടൈന്‍മെന്റ് സോണിന് പുറത്തുള്ള തിയേറ്ററുകള്‍ക്കാണ് പ്രവര്‍ത്തനാനുമതി നല്‍കുക. തിയേറ്ററില്‍ പകുതി സീറ്റിലേക്ക് മാത്രമെ ആളുകളെ പ്രവേശിപ്പിക്കാവൂ എന്നും നിര്‍ദേശമുണ്ടായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights:  Directions For Opening Theatre During Covid Pandemic

We use cookies to give you the best possible experience. Learn more