തന്റെ മൗനരാഗം എന്ന സിനിമയുടെ സമയത്ത് ഒരു തിയേറ്ററില്‍ പോയ അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ മണിരത്‌നം. താന്‍ സിറ്റിയില്‍ നിന്നും പുറത്തുള്ള ഒരു തിയേറ്ററില്‍ പോയിട്ടാണ് പടം കണ്ടതെന്നും അതോടെ തന്റെ സിനിമകള്‍ തിയേറ്ററില്‍ പോയി കാണുന്നത് നിര്‍ത്തിയെന്നും അദ്ദേഹം പറയുന്നു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മണിരത്നം.
‘എന്റെ മൗനരാഗം എന്ന സിനിമയുടെ സമയത്ത് ഒരു സംഭവമുണ്ടായി. അന്ന് സിനിമ റിലീസായതിന് ശേഷം ഞാന്‍ സിറ്റിയില്‍ നിന്നും പുറത്തുള്ള ഒരു തിയേറ്ററില്‍ പോയിട്ടാണ് ഞാന്‍ ആ പടം കാണുന്നത്.
അതിനുശേഷം റിലീസായ എന്റെ സിനിമകള്‍ ഞാന്‍ തിയേറ്ററില്‍ പോയി കാണുന്നത് നിര്‍ത്തിയെന്നതാണ് സത്യം. അന്ന് ഞാന്‍ അവിടെ തിയേറ്ററില്‍ കയറി നോക്കിയപ്പോള്‍ അവിടെ ആദ്യത്തെ പത്ത് റോ കാലിയായിരുന്നു. സിനിമ റിലീസ് ചെയ്ത രണ്ടാമത്തെ ദിവസമായിരുന്നു അത്.
ശരി, നമുക്ക് ഇങ്ങനെയൊക്കെയേ ഉള്ളൂവെന്ന് വിചാരിച്ചു. അന്ന് പടം കഴിഞ്ഞ് പുറത്ത് വന്നപ്പോള്‍ ഞാന്‍ കാണുന്നത് ‘എന്താടാ ഈ ചെയ്തിരിക്കുന്നത്, ആ പെണ്ണിന് നാല് അടി കൊടുത്താല്‍ ഈ പ്രശ്‌നമെല്ലാം തീരില്ലേ’യെന്ന് ചോദിക്കുന്ന ഒരാളെയാണ്.
അന്ന് അത് ശരിയാണല്ലോയെന്ന് ഞാനും വിചാരിച്ചു. അയാള്‍ പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. എങ്കില്‍ പിന്നെ വയലന്‍സ് ഒന്നിനുമുള്ള പരിഹാരമല്ലെന്ന് ഞാന്‍ പറയേണ്ടതായിരുന്നു. അയാളുടെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് ഞാന്‍ ചിന്തിച്ചതേയില്ല.
ഒരുപക്ഷെ വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളൊക്കെ അങ്ങനെ പരിഹരിക്കുന്നവരുണ്ട്. അയാള്‍ പറഞ്ഞത് സ്വീകരിക്കണമെന്നില്ല, എന്നാല്‍ അതിലൂടെ ഓരോ കാര്യങ്ങള്‍ നാം പഠിക്കുന്നുണ്ട്,’ മണിരത്‌നം പറയുന്നു.
മൗനരാഗം
മോഹന്‍ – രേവതി എന്നിവര്‍ ഒന്നിച്ച് 1986ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മൗനരാഗം. മണിരത്‌നം എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ കാര്‍ത്തിക്, വി.കെ. രാമസാമി, രാ. ശങ്കരന്‍, ഭാസ്‌കര്‍, കാഞ്ചന, വാണി, കലൈശെല്‍വി, സോണിയ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.
Content Highlight: Directer Manirathnam Talks About His Theatre Experience After Mounaragam Movie