| Sunday, 11th June 2023, 6:46 pm

ഐഷ സുല്‍ത്താനയുടെ ഫ്‌ളഷ് തിയേറ്ററുകളിലേക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഐഷ സുല്‍ത്താന സംവിധാനം ചെയ്ത ഫ്‌ളഷ് ഈ മാസം 16 ന് റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് ബീനാ കാസിം കൊച്ചിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ചിത്രം സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കും എതിരെ പരാമര്‍ശങ്ങള്‍ ഉള്ളത് കൊണ്ട് ബി.ജെ.പി ലക്ഷദ്വീപ് ഘടകം ജനറല്‍ സെക്രട്ടറിയുടെ ഭാര്യ കൂടിയായ നിര്‍മാതാവ് തന്റെ സിനിമ തടഞ്ഞു വെക്കുന്നു എന്ന് സിനിമയുടെ സംവിധായിക ഐഷ സുല്‍ത്താന ആരോപിച്ചിരുന്നു.

ഇതിന് മറുപടിയുമായി നിര്‍മാതാവ് ബീനാ കാസിമും വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. താന്‍ ബി.ജെ.പി ലക്ഷദ്വീപ് ഘടകം ജനറല്‍ സെക്രട്ടറിയുടെ ഭാര്യ ആയിട്ട് കൂടി തന്നെയാണ് ഐഷ സുല്‍ത്താന കൊണ്ട് വന്ന കഥക്ക് പണം മുടക്കാന്‍ തീരുമാനിച്ചതെന്നും അതിന് കാരണം ലക്ഷദ്വീപില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി ആദ്യമായി സംവിധാന രംഗത്തേക്ക് കടന്നു വരുന്നതിനെ പ്രോത്സാഹിപ്പിക്കാനാണെന്നും ബീന കാസിം പറഞ്ഞിരുന്നു.

‘ചിത്രീകരണം കഴിഞ്ഞ് കൊച്ചിയില്‍ വെച്ച് എഡിറ്റിങ് നടക്കുന്ന സമയത്ത് സിനിമയുടെ കുറച്ച് ഭാഗം കണ്ടിരുന്നു അത് കഴിഞ്ഞ് കോഴിക്കോട് വെച്ച് നടന്ന വനിതാ ഫിലിം ഫെസ്റ്റിവലില്‍ വെച്ചാണ് ഈ ഫ്‌ളഷ് എന്ന എന്റെ സിനിമ ഞാന്‍ പൂര്‍ണമായി കണ്ടത്. എന്നോട് പറഞ്ഞ കഥയില്‍ നിന്നും വളരെ വ്യത്യസ്തമായ പല കാര്യങ്ങളും ഐഷ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. നല്ല ഉദ്ദേശത്തോടെ പണം മുടക്കിയ എന്റെ സിനിമയില്‍ ആവശ്യമില്ലാത്ത രാഷ്ട്രീയ ശത്രുതകളെ എനിക്ക് ഉണ്ടാക്കി കൊണ്ട് എന്നെ മനപൂര്‍വ്വം ഉപദ്രിവിക്കാന്‍ ഐഷ ശ്രമിച്ചിരിക്കുന്നു എന്ന് മനസിലായി. ഇതേ ചൊല്ലിയാണ് ഞാനും സംവിധായികയും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ തുടങ്ങിയത്. പിന്നീട് നിരന്തരം ഐഷ സുല്‍ത്താന എന്നെയും എന്റെ ഭര്‍ത്താവിനെയും പറ്റി സോഷ്യല്‍ മീഡിയിലും മാധ്യമങ്ങളിലും വന്ന് ഞങ്ങള്‍ക്കെതിരെ അപവാദങ്ങള്‍ പറഞ്ഞു കൊണ്ടേ ഇരുന്നു. അപ്പോഴൊന്നും ഞങ്ങള്‍ തിരിച്ച് പ്രതികരിച്ചില്ല.

എന്റെ ഭര്‍ത്താവ് ബി.ജെ.പി ജനറല്‍ സെക്രട്ടറി ആയതു കൊണ്ട് ബി.ജെ.പി ക്ക് എതിരേ സംസാരിക്കുന്ന ഈ ഫ്‌ളഷ് എന്ന സിനിമ റിലീസ് ചെയ്യാന്‍ സമ്മതിക്കുന്നില്ലന്നും എന്റെ കഷ്ടപ്പാടിനെ അവഹേളിക്കുന്നു എന്നുമൊക്കെയുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഞങ്ങളുടെ മുകളില്‍ ആരോപിച്ച് കൊണ്ട് ഇത്രയും പണം മുടക്കിയ ഐഷ ഞങ്ങളെ സമൂഹത്തിന് മുന്നില്‍ മോശമായി ചിത്രീകരിക്കുന്നത് ഇനിയും കണ്ടിരിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ഞാന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ തീരുമാനിച്ചത്. സത്യത്തില്‍ ഈ സിനിമയുടെ റിലീസ് ഞങ്ങള്‍ പണ്ടെ തന്നെ നിശ്ചയിച്ചിരുന്നതാണ്. ഇക്കാര്യം ഐഷ സുത്താനക്കും നന്നായി അറിയാവുന്ന കാര്യമായിട്ടും വീണ്ടും ഞങ്ങളെ വിവാദങ്ങളിലേക്ക് എന്ത് കൊണ്ടാണ് വലിച്ച് ഇഴക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നുമില്ല.

എന്തായാലും ഈ മാസം 16ന് തന്നെ സിനിമ തിയേറ്ററുകളില്‍ എത്തിക്കാന്‍ തീരുമാനിച്ചു. അത് ഐഷാ സുല്‍ത്താനയ്ക്ക് മുന്നില്‍ അടിയറവ് പറയുന്നതല്ല ഈ സിനിമ ജനം കണ്ട് തീരുമാനിക്കട്ടെ ഐഷ ഇത്രയും വിവാദം ഉണ്ടാക്കിയ തരത്തില്‍ എന്തെങ്കിലുമുണ്ടോ എന്ന്. സിനിമ ജനങ്ങള്‍ക്ക് മുന്നിലേക്ക് വെക്കുന്നു,’ ബീന കാസിം പറഞ്ഞു.

Content Highlight: Directed by Aisha Sultana, ‘Flush’ is release on The 16th of june

We use cookies to give you the best possible experience. Learn more