ന്യൂദൽഹി: 2018 മാർച്ച് ഒന്നിനും 2019 ഏപ്രിൽ 11നുമിടയിൽ വാങ്ങിയ ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി.
നിലവിൽ 2019 ഏപ്രിൽ 12 മുതൽ 2024 ഫെബ്രുവരി 15 വരെയുള്ള ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തുവാനാണ് കോടതി ആവശ്യപ്പെട്ടത്.
സിറ്റിസൺസ് ഫോർ റൈറ്റ്സ് ട്രസ്റ്റ് എന്ന സംഘടനയാണ് കോടതിയിൽ ഹരജി ഫയൽ ചെയ്തത്.
2018 മാർച്ച് മുതൽ 2019 ഏപ്രിൽ വരെയുള്ള കാലയളവിൽ 4002 കോടി രൂപയുടെ 9,159 ബോണ്ടുകൾ വാങ്ങിയിട്ടുണ്ടെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി.
ഈ കാലയളവിൽ വാങ്ങിയ ഇലക്ടറൽ ബോണ്ടുകളുടെയും അവ കൈപ്പറ്റിയതിന്റെയും സീരിയൽ നമ്പർ, വാങ്ങിയ തീയതി, എത്ര തുക, സംഭാവന ചെയ്ത ആളും കൈപ്പറ്റിയ പാർട്ടിയും ഏത് തുടങ്ങിയ വിവരങ്ങൾ പ്രസിദ്ധീകരിക്കുവാൻ എസ്.ബി.ഐയോട് നിർദേശിക്കണമെന്നാണ് ആവശ്യം.
വിവരാവകാശത്തിൽ നിന്ന് ലഭിച്ച വിശദാംശങ്ങൾ പ്രകാരം സ്ക്രോൾ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ട് 2018 മുതൽ ഇതുവരെ എസ്.ബി.ഐ 16,518 കോടി രൂപയുടെ 28,030 ബോണ്ടുകൾ ഇഷ്യു ചെയ്തിട്ടുണ്ടെന്ന് ഹരജിയിൽ പറയുന്നു.