| Sunday, 2nd March 2025, 8:15 pm

ലഹരിക്കെതിരെ നാട്ടുകാര്‍ നേരിട്ടിറങ്ങി നിയമം നടപ്പിലാക്കുന്നത് ശാശ്വത പരിഹാരമാവില്ല: വി.ടി.ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: സംസ്ഥാനത്ത് വ്യാപിച്ചുവരുന്ന ലഹരി വില്‍പ്പനക്കെതിരെ നാട്ടുകാര്‍ നേരിട്ടിറങ്ങി നിയമം നടപ്പാക്കുന്ന പ്രവണത നിലവിലെ പ്രശ്‌നങ്ങള്‍ക്കുള്ള ശാശ്വത പരിഹാരമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. വടകരയില്‍ ലഹരി വില്‍പ്പനക്കാരെ നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് വി.ടി ബല്‍റാമിന്റെ പ്രതികരണം.

മയക്കുമരുന്ന് എന്ന സാമൂഹ്യ വിപത്തിനെതിരെ ജനങ്ങള്‍ക്കിടയില്‍ ജാഗ്രത വര്‍ധിച്ചു വരുന്നത് തീര്‍ച്ചയായും സ്വാഗതാര്‍ഹമാണെന്നും എല്ലായിടത്തും ശക്തമായ വലവിരിച്ച് ഒരു തലമുറയെത്തന്നെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന മയക്കുമരുന്ന് മാഫിയക്കെതിരെ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന ജനങ്ങളുടെ ആഗ്രഹവും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ‘നേരിട്ടുള്ള ഇത്തരം ‘നിയമം നടപ്പാക്കലു’കള്‍ ഒരു ശാശ്വത പ്രശ്‌ന പരിഹാരമാവുന്നില്ല. എന്നു മാത്രമല്ല ചിലപ്പോഴെങ്കിലും അത് പാളിപ്പോവാനുള്ള സാധ്യതയുമുണ്ട്. അപരിചിതരെ പേരും നിറവും വസ്ത്രങ്ങളും ഹെയര്‍സ്‌റ്റൈലുമൊക്കെ നോക്കി മുന്‍വിധിയോടെ സമീപിക്കാനും ചോദ്യം ചെയ്യാനും സംഘം ചേര്‍ന്ന് ആക്രമിക്കാനുമൊക്കെ ആള്‍ക്കൂട്ടം കടന്നുവരുന്ന സംഭവങ്ങള്‍ ചിലയിടങ്ങളിലെങ്കിലും ഉണ്ടായേക്കാം,’ വി.ടി. ബല്‍റാം പറഞ്ഞു.

സദാചാരപ്പോലീസായി ‘നാട്ടുകാര്‍’ മാറുന്ന അവസരങ്ങള്‍ ഉണ്ടായേക്കാമെന്നും മുന്‍കാലങ്ങളില്‍ നമ്മുടെ നാട്ടില്‍ത്തന്നെ അങ്ങനെ ഉണ്ടായിട്ടുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിലെ സിസ്റ്റത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തകര്‍ച്ചയാണ് ഇങ്ങനെ ‘ശരി നടപ്പാക്കാനു’ള്ള ദൗത്യം സ്വയം ഏറ്റെടുക്കുന്നതിലേക്ക് അവരെ നയിക്കുന്നതെന്നും പോലീസും എക്‌സൈസുമൊക്കെ നോക്കുകുത്തികളോ ഇത്തരം മാഫിയകളെ സഹായിക്കുന്നവരോ ആണെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു എന്നത് ഗൗരവതരമായ സാഹചര്യമാണെന്നും വി.ടി.ബല്‍റാം പറഞ്ഞു.

വടകരയില്‍ ലഹരി വില്‍പ്പനക്കാരെ നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് പിടികൂടി പോലീസിനെ ഏല്‍പ്പിച്ചുവെന്ന വാര്‍ത്തയില്‍ ചാനല്‍ അവതാരകനും വാര്‍ത്തയ്ക്ക് താഴെയുള്ള ഭൂരിപക്ഷം കമന്റുകളും ഈ പ്രവൃത്തിയെ വിശേഷിപ്പിക്കുന്നത് ‘മാതൃകാപരം’ എന്നാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന് കൈമാറുന്നത് ‘നന്നായി പെരുമാറി’യതിന് ശേഷം മതി എന്ന ആഹ്വാനവും പലരില്‍ നിന്നും ഉണ്ടെന്നും ഇന്നത്തെ കേരളത്തിന്റെ ഗതികേടാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെയാണ് സര്‍ക്കാരും ഭരണ സംവിധാനങ്ങളും അടിയന്തരമായി ഇടപെടേണ്ടതെന്നും നമ്മുടെ ഔദ്യോഗിക ഏജന്‍സികള്‍ കൃത്യമായി അവരുടെ കാര്യക്ഷമത തെളിയിക്കണമെന്നും വിശ്വാസ്യത വീണ്ടെടുക്കണമെന്നും വി.ടി ബല്‍റാം പറഞ്ഞു.

കക്ഷിരാഷ്ട്രീയ താത്പര്യങ്ങളോ സാമ്പത്തിക താത്പര്യങ്ങളോ ഇല്ലാതെ നീതിയും നിയമവും നടപ്പാക്കുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും സ്വയം നിയമം കയ്യിലെടുക്കരുതെന്നും ഔദ്യോഗിക സംവിധാനങ്ങളെ സഹായിക്കുന്ന തരത്തിലാണ് ജനങ്ങളുടെ ഇടപെടല്‍ ഉണ്ടാവേണ്ടതെന്നും ഉറപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊലീസിനേയും എക്‌സൈസിനേയും നമുക്ക് എല്ലാ നിലക്കും ശാക്തീകരിക്കണമെന്നും കൂടുതല്‍ മനുഷ്യ വിഭവ ശേഷിയും സാങ്കേതിക വിദ്യയും സാമ്പത്തിക റിസോഴ്‌സസും ആധുനിക പരിശീലനവും അവര്‍ക്ക് ലഭ്യമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്റലിജന്‍സ് സംവിധാനങ്ങള്‍ കാര്യക്ഷമമാവേണ്ടതുണ്ടെന്നും ഇതര സംസ്ഥാനങ്ങളിലെ ഏജന്‍സികളുമായി കൃത്യമായ കോഓര്‍ഡിനേഷന്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തേക്കാള്‍ മോശമായി കാര്യങ്ങള്‍ നടക്കുന്ന മറ്റേതെങ്കിലും സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്ത് ന്യായീകരണ ക്യാപ്‌സ്യൂളുകളും സെലക്റ്റീവായ കണക്കുകളും വിതറാതെ മന്ത്രിമാരടക്കമുള്ള ഉത്തരവാദപ്പെട്ടവര്‍ തങ്ങളുടെ ചുമതല കൃത്യമായി തിരിച്ചറിയുകയും അതിനനുസരിച്ച് ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും വേണമെന്നും അദ്ദേഹം വിമര്‍ശിച്ചു.

മയക്കുമരുന്നിനെതിരായ ഈ പോരാട്ടത്തില്‍ നമുക്ക് വിജയിക്കേണ്ടതുണ്ടെന്നും നമുക്ക് നാളെയും ഈ നാട്ടില്‍ ജീവിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Direct implementation of the law against drug addiction by locals will not be a permanent solution: VT Balram

We use cookies to give you the best possible experience. Learn more