| Wednesday, 1st February 2023, 3:26 pm

ഐറ്റം ഡാന്‍സിനെ അന്നൊക്കെ ആഭാസമായിട്ടാണ് കണ്ടിരുന്നത്, ഇന്ന് അതൊക്കെ ഗ്ലോറിഫൈഡായി: ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സില്‍ക് സ്മിതയെ ആദ്യമായി നേരിട്ട് കണ്ടതിന്റെ അനുഭവങ്ങള്‍ പറയുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. കിരീടമില്ലാത്ത രാജാക്കന്മാര്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് താന്‍ സില്‍ക് സ്മിതയെ ആദ്യമായി കാണുന്നതെന്നും ആ സിനിമയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസിലേക്ക് വരുന്നത് അവരാണെന്നും ലാല്‍ ജോസ് പറഞ്ഞു.

ആ കാലഘട്ടങ്ങളില്‍ ഐറ്റം ഡാന്‍സ് ചെയ്യുന്നവരെ സ്ത്രീകള്‍ക്ക് ഇഷ്ടമില്ലായിരുന്നു എന്നും എന്നാല്‍ സില്‍ക് സ്മിതയെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു എന്നും സംവിധായകന്‍ പറഞ്ഞു. ബേബി ശാലിനി സില്‍ക് സ്മിതയെ ഇമിറ്റേറ്റ് ചെയ്തിരുന്നു എന്നും അവരുടെ കോസ്റ്റിയൂം സെലക്ഷനും മറ്റുമാണ് സ്ത്രീകള്‍ക്ക് സില്‍ക് സ്മിതയെ ഇഷ്ടപ്പെടാനുള്ള പ്രധാന കാരണമെന്നും ലാല്‍ ജോസ് പറഞ്ഞു. സഫാരി ടി.വിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അന്‍സാരിക്ക സംവിധാനം ചെയ്യുന്ന ഒരു സിനിമയിലേക്ക് അസിസ്റ്റന്റായി എന്നെ വിളിച്ചിരുന്നു. ആ സിനിമയില്‍ വെച്ചിട്ടാണ് ഞാന്‍ ആദ്യമായിട്ട് കലാഭവന്‍ മണിയെ കാണുന്നത്. കിരീടമില്ലാത്ത രാജാക്കന്മാര്‍ എന്നായിരുന്നു ആ സിനിമയുടെ പേര്. മണിയുടെ രണ്ടാമത്തെ സിനിമയാണ് അതെന്നാണ് എന്റെ തോന്നല്‍. മണിയുമായി അന്‍സാറിക്കക്ക് നല്ല പരിചയമാണ്. കാരണം പുള്ളി കലാഭവനിലെ മിമിക് ആയിരുന്നു.

ആ സിനിമയില്‍ അഭിനയിച്ചവരില്‍ ഭൂരിഭാഗം പേരും മിമിക്രിക്കാരായിരുന്നു. ഇന്നസെന്റേട്ടനും ജഗദീഷേട്ടനും സിനിമയില്‍ ഒരു പ്രധാന റോള്‍ ചെയ്യുന്നുണ്ട്. അതുപോലെ തന്നെ അഭി, പ്രേംകുമാര്‍, ജഗതി ചേട്ടന്‍, കലാഭവന്‍ നാരായണന്‍കുട്ടിയുണ്ട്. അങ്ങനെ തമാശക്കാരുടെ വലിയൊരു നിരയുണ്ടായിരുന്ന സിനിമയായിരുന്നു അത്.

എന്നാല്‍ ആ സിനിമയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്റെ മനസിലേക്ക് വരുന്ന പേര് മറ്റൊരാളുടെയാണ്. അത് സില്‍ക് സ്മിതയുടെ പേരാണ്. എന്റെയൊക്കെ കോളേജ് കാലഘട്ടം മുതല്‍ കാണുന്ന കള്‍ട്ട് ഫിഗര്‍ എന്നൊക്കെ പറയാവുന്ന ഒരാളായിരുന്നു സില്‍ക് സ്മിത. ഒരുപാട് തമിഴ് സിനിമകളിലും മലയാളം സിനിമകളിലുമൊക്കെ കണ്ടിട്ടുള്ള വളരെ ഇഷ്ടമുള്ള ഒരു താരമായിരുന്നു സില്‍ക് സ്മിത.

അതിന് മുമ്പും അതിനുശേഷവും ഐറ്റം നമ്പേഴ്‌സ് ചെയ്യുന്നവരോട് സ്ത്രീകള്‍ക്ക് അത്ര താല്‍പര്യമില്ല. അന്നൊക്കെ ആഭാസം ചെയ്യുന്നവര്‍ എന്ന നിലയിലായിരുന്നു കണ്ടിരുന്നത്. എന്നാല്‍ ഇന്ന് ഐറ്റം ഡാന്‍സ് ഗ്ലോറിഫൈഡായി. നായികമാര്‍ തന്നെ അതൊക്കെ ചെയ്യാന്‍ തുടങ്ങി. പണ്ടൊക്കെ ഇത്തരം ഡാന്‍സ് ചെയ്യുന്നവരെ സ്ത്രീകള്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും അത്ര ഇഷ്ടമായിരുന്നില്ല.

എന്നാല്‍ സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന ഒരു ഐറ്റം ഡാന്‍സറെ ഞാന്‍ ആദ്യമായി കാണുന്നത് സില്‍ക് സ്മിതയിലൂടെയാണ്. സ്ത്രീകള്‍ക്ക് അവരെ ഭയങ്കര ഇഷ്ടമായിരുന്നു. അവരെ കാണാനും ഭയങ്കര ഇഷ്ടമായിരുന്നു. ബേബി ശാലിനി അഭിനയിക്കുന്ന സമയത്ത് സില്‍ക് സ്മിതയെ ഇമിറ്റേറ്റ് ചെയ്യുമായിരുന്നു. അവരുടെ കോസ്റ്റിയൂം സെലക്ഷന്‍, കളര്‍ സെലക്ഷന്‍ ഇതൊക്കെയായിരിക്കാം സ്ത്രീകള്‍ അവരെ ഇഷ്ടപ്പെടാനുള്ള പ്രധാന കാരണം,’ ലാല്‍ ജോസ് പറഞ്ഞു.

content highlight: dirctor lal jose talks about silk smitha

We use cookies to give you the best possible experience. Learn more