| Tuesday, 18th April 2023, 8:52 am

ആ സൂപ്പര്‍ ഹിറ്റ് സിനിമ റിലീസ് ചെയ്ത ദിവസം തിയേറ്ററില്‍ കൂവലായിരുന്നു: കമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുഞ്ചാക്കോ ബോബന്‍, ശാലിനി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കമല്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു നിറം. അതുവരെ മലയാള സിനിമ തുടര്‍ന്നുപോന്നിരുന്ന സൗഹൃദ കഥകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ചിത്രമായിരുന്നു അത്. എങ്ങനെയാണ് അത്തരമൊരു ചിന്തയിലേക്ക് എത്തിയതെന്ന് പറയുകയാണ് കമല്‍.

ആ വര്‍ഷത്തെ സൂപ്പര്‍ഹിറ്റായിരുന്നു നിറം. എന്നാല്‍ ആദ്യ ദിവസം തിയേറ്ററില്‍ വലിയ കൂവലായിരുന്നു എന്നും സിനിമയുടെ കഥ ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതായിരുന്നു അതിന്റെ കാരണമെന്നും മാധ്യമം ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞു.

‘ഞാന്‍ നിറം സിനിമചെയ്യുന്നത് രണ്ടായിരത്തിലാണ്. അന്നത്തെ കാലത്തെ ഒരു ന്യുജെന്‍ സിനിമയെന്നൊക്കെ പറയാന്‍ കഴിയുന്ന സിനിമയായിരുന്നു നിറം. അന്ന് സിനിമയിലേക്ക് അങ്ങനെയൊരു വിഷയം തെരഞ്ഞെടുക്കാന്‍ ചില കാരണങ്ങളുണ്ടായിരുന്നു. ആ സിനിമയെടുക്കുന്ന സമയത്ത് എന്റെ മകന്‍ സ്‌കൂളില്‍ പഠിക്കുകയായിരുന്നു. ഞാന്‍ അവനോടും അവന്റെ സുഹൃത്തുക്കളോടും കസിന്‍സ് പിള്ളേരോടുമൊക്കെ സംസാരിക്കുമായിരുന്നു. എന്റെയൊന്നും കാലത്ത് ആണ്‍-പെണ്‍ സൗഹൃദമേ ഇല്ലല്ലോ.

എന്തിന് പറയണം നമ്മുടെ കസിന്‍സുമായിട്ട് പോലും അത്രയൊന്നും നന്നായി സംസാരിക്കാന്‍ അന്ന് കഴിയില്ലായിരുന്നു. ഹൃദയം തുറന്നുള്ള സൗഹൃദം എന്നൊക്കെ പറയില്ലേ അതൊന്നും കസിന്‍സ് പെണ്‍കുട്ടികളോട് പോലും ആ കാലത്ത് ഉണ്ടായിരുന്നില്ല. എന്നാല്‍ എന്റെ മക്കളുടെയൊക്കെ കാലത്ത് ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ നല്ല സൗഹൃദമൊക്കെ എനിക്ക് കാണാന്‍ സാധിച്ചിരുന്നു. ഞാന്‍ അവരോട് ചോദിച്ചിട്ടുണ്ട് നിങ്ങള്‍ക്ക് എങ്ങനെയാണ് ഇത്ര സൗഹൃദത്തോടെ നില്‍ക്കാന്‍ കഴിയുന്നതെന്ന്. അവള്‍ എന്റെ ഫ്രണ്ടല്ലേ എന്ന ഒറ്റ മറുപടി മാത്രമാണ് അവര്‍ അന്ന് പറഞ്ഞത്.

സുഹൃത്ത് എന്ന വാക്കിന്റെ ഒരു അര്‍ത്ഥമുണ്ടല്ലോ, ആണ്‍കുട്ടികളായാലും പെണ്‍കുട്ടികളായാലും പരസ്പരം എടാ എന്ന് വിളിക്കുന്നു. ഇതൊക്കെയാണ് പെട്ടെന്ന് നിറം പോലെയൊരു സിനിമ ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചത്. അങ്ങനെ തലമുറ മാറുന്നു എന്ന് എനിക്ക് തോന്നി. ആ സിനിമ റിലീസ് ചെയ്യുന്ന സമയത്ത് തിയേറ്റര്‍ മാത്രമല്ലേയുള്ളു മറ്റ് പ്ലാറ്റ്ഫോമുകള്‍ ഒന്നുമില്ലല്ലോ. തിയേറ്ററില്‍ വരുന്ന അമ്പത് ശതമാനം ആളുകളും ഈ പുതിയ തലമുറയുടെ ചിന്തകളിലേക്ക് എത്താത്തവരാണ്.

അവരാണ് ആദ്യത്തെ ദിവസം നിറം കാണാന്‍ വന്നത്. അവര്‍ക്ക് ഒട്ടും ആ സിനിമ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. പ്രത്യേകിച്ച് പെണ്‍കുട്ടിയെ എടാ എന്നൊക്കെ വിളിക്കുന്നത് അംഗീകരിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. നിറം റിലീസ് ചെയ്ത ദിവസം തിയേറ്ററില്‍ കൂവലായിരുന്നു. ശരിക്കും നല്ല കൂവലായിരുന്നു തിയേറ്ററില്‍. അപ്പോള്‍ ഞങ്ങള്‍ എല്ലാവരും വിചാരിച്ചത് പടം പൊട്ടിപോയി എന്നാണ്. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ സിനിമയെ ആളുകള്‍ക്ക് കൂടുതല്‍ മനസിലാക്കാന്‍ കഴിഞ്ഞിരുന്നു. അങ്ങനെ പടം കയറി വരികയും വലിയ ഹിറ്റാവുകയും ചെയ്തു,’ കമല്‍ പറഞ്ഞു.

content higlight: dirctor kamal about niram movie fdfs

We use cookies to give you the best possible experience. Learn more