സംവിധായകന്‍ ഐ.വി ശശി അന്തരിച്ചു
India
സംവിധായകന്‍ ഐ.വി ശശി അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th October 2017, 11:37 am

ചെന്നൈ: സംവിധായകന്‍ ഐ.വി ശശി അന്തരിച്ചു. ചെന്നൈയിലെ സാലിഗ്രാമത്തിലുള്ള വസതിയില്‍ വെച്ചായിരുന്നു അന്ത്യം. മരണവിവരം ഭാര്യ സീമ തന്നെയാണ് സ്ഥിരീകരിച്ചത്.
ഏറെ നാളായി അസുഖബാധിതനായി ചെന്നൈയില്‍ ചികിത്സയിലായിരുന്നു. 69 വയസായിരുന്നു.

ഏകദേശം 150 -ഓളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. തന്റേതായ ഒരു ശൈലിയിലും സംവിധായക രീതിയിലും അദ്ദേഹത്തിന്റെ സിനിമകള്‍ മലയാള സിനിമ ചരിത്രത്തില്‍ വേറിട്ടു നിന്നിരുന്നു.

കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്ന് ചിത്രകലത്തില്‍ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്. സിനിമാ നടിയായ സീമയെ അദ്ദേഹം ജീവിതസഖിയാക്കുകയായിരുന്നു.

1968ല്‍ എ.ബി.രാജിന്റെ കളിയല്ല കല്ല്യാണം എന്ന സിനിമയില്‍ കലാസംവിധായകനായിട്ടായിരുന്നു തുടക്കം. ഛായാഗ്രാഹ സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് സഹ സംവിധായകനായി കുറെ ചലച്ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. ആദ്യചലച്ചിത്രം ഇരുപത്തിഏഴാം വയസ്സില്‍ സംവിധാനം ചെയ്തു.

ഈ ചലച്ചിത്രത്തില്‍ അദ്ദേഹത്തിന്റെ പേര് ചേര്‍ത്തിരുന്നില്ലെങ്കിലും ആദ്യം സംവിധാനം ചെയ്ത ചലച്ചിത്രം ഒരു വന്‍വിജയമായിരുന്നു. ആദ്യ സംവിധാനം ചെയ്തതായി അറിയപ്പെടുന്ന ചലച്ചിത്രം ഉത്സവം ആണ്. പിന്നീട് വന്ന അവളുടെ രാവുകള്‍ എന്ന സിനിമ മലയാളചലച്ചിത്ര ചരിത്രത്തിലെ തന്നെ ഒരു വിജയ ചിത്രം ആണ്.

ഐ.വി ശശിയുടെ വിയോഗം വലിയ നഷ്ടം തന്നെയാണെന്ന് ഇന്നസെന്റ് അനുസ്മരിച്ചു. ഏത് സമയത്തും അദ്ദേഹത്തിന്റെ മനസില്‍ സിനിമ തന്നെയായിരുന്നു. വലിയ കലാകാരനാണ് അദ്ദേഹം. ഐ.വി ശശിയുടെ പല സിനിമകളിലും താന്‍ അഭിനയിച്ചിട്ടുണ്ട്. അതൊന്നും മറക്കാന്‍ സാധിക്കില്ലെന്നും ഇന്നസെന്റ് പ്രതികരിച്ചു.

മലയാള സിനിമയിലെ ഇതിഹാസസംവിധായകനായിരുന്നു ഐ.വി ശശിയെന്ന് നടനും നിര്‍മാതാവുമായ മണിയന്‍ പിള്ള രാജു പ്രതികരിച്ചു. ഡയരക്ടര്‍ എന്ന നിലയില്‍ 100 ശതമാനം സിനിമ പാഷനായി കണ്ട വ്യക്തിയായിരുന്നു അദ്ദേഹമെന്നും വിയോഗ വാര്‍ത്തയുടെ ഞെട്ടലാണ് സിനിമാലോകമെന്നും മണിയന്‍പിള്ള രാജു പ്രതികരിച്ചു.