സ്‌നാപ്ഡീല്‍ സംഭവം; ഷാരൂഖ് സിനിമയെ അനുകരിച്ചാണ് ദീപ്തിയെ തട്ടിക്കൊണ്ടുപോയതെന്ന് പ്രതികള്‍
Daily News
സ്‌നാപ്ഡീല്‍ സംഭവം; ഷാരൂഖ് സിനിമയെ അനുകരിച്ചാണ് ദീപ്തിയെ തട്ടിക്കൊണ്ടുപോയതെന്ന് പ്രതികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th February 2016, 1:48 pm

snp-dl

 

ഗാസിയാബാദ്: സ്‌നാപ് ഡീല്‍ ജീവനക്കാരി ദീപ്തി സര്‍നയെ തട്ടിക്കൊണ്ടുപോയത് ഷാരൂഖ് ഖാന്റെ “ദാര്‍”സിനിമയില്‍ പ്രചോദിതരായിട്ടെന്ന് അറസ്റ്റിലായ പ്രതികള്‍. കേസില്‍ അഞ്ചുപേര്‍ അറസ്റ്റിലായിട്ടുണ്ട്.

തങ്ങള്‍ ഷാരൂഖ് ഖാന്റെ “ദാര്‍” സിനിമയെ അനുകരിച്ചാണ് ഗാസിയാബാദില്‍ നിന്നും ദീപ്തിയെ തട്ടിക്കൊണ്ടു പോയതെന്ന് കേസിലെ 27 വയസുകാരനായ പ്രധാന പ്രതി പറഞ്ഞു. ഇയാള്‍ ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയാണ്. മറ്റു പ്രതികള്‍ ഉത്തര്‍പ്രദേശിലെ ബഡുവാന്‍ സ്വദേശികളാണ്.

കഴിഞ്ഞ ബുധനാഴ്ച ഓഫീസില്‍ നിന്നും വീട്ടിലേക്ക് തിരിച്ചുവരുന്ന വഴിയാണ് ദീപ്തിയെ തട്ടിക്കൊണ്ടുപോയത്. ഓട്ടോയില്‍ കയറിയ ദീപ്തിയെ കത്തി ചൂണ്ടി പേടിപ്പിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ഓട്ടോ ഹിന്‍ഡന്‍ റിവര്‍ബ്രിഡ്ജിനു സമീപം നിര്‍ത്തി യുവതിയെ ഇറക്കുകയും തുടര്‍ന്ന് കാറില്‍ കയറ്റി പരിചിതമല്ലാത്ത മറ്റൊരിടത്തേക്ക് കൊണ്ടുപോവുകയും ചെയ്തു.

മൂന്നു മണിക്കൂര്‍ കാര്‍ യാത്രയ്കു ശേഷം ലക്ഷ്യ സ്ഥാനത്തെത്തി പ്രതികള്‍ ദീപ്തിയെ ഒരു റൂമിനുള്ളിലാക്കുകയായിരുന്നു. ദീപ്തിയുടെ സാന്നിധ്യത്തില്‍ അഞ്ചുപേരും ഒന്നും സംസാരിച്ചിരുന്നില്ല.

തട്ടിക്കൊണ്ടുപോയവര്‍ തന്നെ യാതൊരു വിധത്തിലും അക്രമിച്ചിട്ടില്ലെന്നും ഭക്ഷണവും പലഹാരങ്ങളും നല്‍കിയെന്നും ദീപ്തി പറഞ്ഞു. പിന്നീട് പിറ്റേദിവസം കാലത്ത് നാലുമണിക്ക് പരിചയമില്ലാത്ത റയില്‍വെ സ്റ്റേഷനില്‍ കൊണ്ടുവിടുകയായിരുന്നു. അവിടെ നിന്നും ഡല്‍ഹിയിലേക്കുള്ള പാസഞ്ചറില്‍ കയറി സഹയാത്രികന്റെ ഫോണില്‍ വീട്ടില്‍ വിളിച്ച് വിവരമറിയിക്കുകയായിരുന്നു ദീപ്തി.

തട്ടിക്കൊണ്ടുപോയവര്‍ തന്നോട് മോചനദ്രവ്യം ആവശ്യപ്പെട്ടില്ലെന്നും ലൈംഗികമായോ,ശാരീരികമായോ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അതുകൊണ്ടു തന്നെ അവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യേണ്ടെന്നും ദീപ്തി പോലിസിനോട് പറഞ്ഞിരുന്നു.