ഇന്ത്യ-കാനഡ നയതന്ത്രത്തിലെ വിള്ളല്‍ പാകിസ്ഥാനെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് നയതന്ത്ര വിദഗ്ധന്‍
World News
ഇന്ത്യ-കാനഡ നയതന്ത്രത്തിലെ വിള്ളല്‍ പാകിസ്ഥാനെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് നയതന്ത്ര വിദഗ്ധന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th October 2024, 1:03 pm

വാഷിങ്ടണ്‍: ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളാകുന്നതിനിടെ നിലവിലെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളെ പാകിസ്ഥാനുമായി താരതമ്യം ചെയ്ത് യു.എസ് നയതന്ത്ര വിദഗ്ദന്‍. കഴിഞ്ഞ ദിവസം ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തിന് പിന്നില്‍ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെ ആരോപണ വിധേയനായ ഹൈക്കമ്മീഷണറെ അടക്കം കാനഡയിലെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ച് വിളിച്ചിരുന്നു. ഇതിന് പിന്നാലെ ഇവരെ സസ്‌പെന്‍ഡ് ചെയ്തതായി കാനഡയും അറിയിച്ചു.

ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം അതിന്റെ ഏറ്റവും മോശമായ നിലയില്‍ എത്തിയിരിക്കുകയാണെന്നും ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ നിലവിലെ സംഭവവികാസങ്ങള്‍ ന്യൂദല്‍ഹിയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തെ ഓര്‍മ്മിപ്പിക്കുന്നുവെന്നും വില്‍സണ്‍ സെന്ററിലെ സൗത്ത് ഏഷ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ മൈക്കല്‍ കുഗല്‍മാന്‍ അഭിപ്രായപ്പെട്ടു. ഇത്തരത്തില്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുന്ന സംഭവം മുമ്പും ഉണ്ടായിട്ടുണ്ടെന്നും കുഗല്‍മാന്‍ അഭിപ്രായപ്പെട്ടു.

കാനഡ ഖലിസ്ഥാനെപ്പോലുള്ള ഭീകരര്‍ക്ക് അഭയം കൊടുക്കുന്നു, സ്‌പോണ്‍സര്‍ ചെയ്യുന്നു എന്നിങ്ങനെയാണ് ഇന്ത്യ ആരോപിക്കുന്നതെന്നും ഇതിലൂടെ ആരോപണ വിധേയരായ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുന്നത് പാകിസ്ഥാന്‍ വിഷയത്തിലും സംഭവിച്ചിട്ടുണ്ടെന്നും കുഗല്‍മാന് പറഞ്ഞു. കൂടാതെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ അഭിപ്രായം പ്രകടിപ്പിച്ചതും വിഷയങ്ങള്‍ വഷളാക്കിയെന്നും കുര്‍ഗല്‍ പറയുന്നു.

‘കനേഡിയന്‍ പ്രധാന മന്ത്രി ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയുകയുണ്ടായി. പ്രത്യേകിച്ച് ഇന്ത്യയിലെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് അദ്ദേഹം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. എന്നാല്‍ ഇത് ഒരു കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തതാണ്,’ കുഗല്‍മാന്‍ പറഞ്ഞു.

അതേസമയം ട്രൂഡോയുടെ നിലപാടുകളെ വിമര്‍ശിച്ച് കനേഡിയന്‍ മാധ്യമപ്രവര്‍ത്തകനായ ഡാനിയേല്‍ ബോര്‍ഡ്മാനും രംഗത്തെത്തിയിട്ടുണ്ട്.

രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന തീവ്രവാദം തടയുന്നതില്‍ ട്രൂഡോ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഇത്രയും കാലം ഈ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച മൗനത്തിനുള്ള മറുപടിയാണ് ഇപ്പോള്‍ ലഭിക്കുന്നതെന്നും ബോര്‍ഡര്‍മാന്‍ പറയുന്നു. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല നിരവധി കനേഡിയന്‍ പൗരന്‍മാര്‍ക്കും ഖലിസ്ഥാന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇതേ അഭിപ്രായം തന്നെയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Diplomatic expert says rift in India-Canada diplomacy reminds Pakistan