'ഇന്ത്യാചരിത്രത്തിലെ നയതന്ത്രപരമായ വിഡ്ഢിത്തം'; യൂറോപ്യന്‍ എം.പിമാരുടെ കശ്മീര്‍ സന്ദര്‍ശനത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുര്‍ജെ വാല
national news
'ഇന്ത്യാചരിത്രത്തിലെ നയതന്ത്രപരമായ വിഡ്ഢിത്തം'; യൂറോപ്യന്‍ എം.പിമാരുടെ കശ്മീര്‍ സന്ദര്‍ശനത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുര്‍ജെ വാല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th October 2019, 7:56 pm

ന്യൂദല്‍ഹി: യൂറോപ്യന്‍ യൂണിയന്‍ എം.പിമാര്‍ കശ്മീര്‍ സന്ദര്‍ശിച്ചത് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ നയതന്ത്രപരമായ വിഡ്ഢിത്തമാണെന്ന് കോണ്‍ഗ്രസ്.

കഴിഞ്ഞ മൂന്നു ദിവസമായി ഒരു അന്താരാഷ്ട്ര ബ്രോക്കറുടെ ഇടപെടലില്‍ ഇന്ത്യ സാക്ഷ്യം വഹിച്ചത ഒട്ടും പക്വതയില്ലാത്ത, മോശം ഉപദേശങ്ങള്‍ നല്‍കിയ, വളരെ തെറ്റിധാരണപരമായ പബ്ലിസിറ്റി വര്‍ക്കുകളാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെ വാല പറഞ്ഞു.

കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നിരിക്കെ എന്തിനാണ് യൂറോപ്യന്‍ യൂണിയനെ ഇതില്‍ ഉള്‍പ്പെടുത്തിയതെന്ന് ബി.ജെ.പി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യന്‍ യൂണിയന്‍ എം.പിമാരുടെ കശ്മീര്‍ സന്ദര്‍ശനത്തിലൂടെ ബി.ജെ.പി ഇന്ത്യന്‍ പാര്‍ലമെന്റിനെയും ജനപ്രതിനിധികളെയും അപമാനിച്ചതായും സുര്‍ജെവാല ആരോപിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ പ്രതിപക്ഷം അനാവശ്യമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതാണെന്നാണ് ബി.ജെ.പിയുടെ ആരോപണം.
‘യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളെ കശ്മീര്‍ സന്ദര്‍ശിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച നടപടിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള നീക്കം അസ്ഥാനത്താണ്. കശ്മീരിലെ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാവുന്നതിന്റെ ലക്ഷണങ്ങളായി വേണം അതിനെ മനസിലാക്കാന്‍’ ബി.ജെ.പിയുടെ ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ മാഡി ശര്‍മ്മ ആരാണെന്നും കശ്മീരിലേക്കുള്ള പ്രതിനിധി സംഘത്തിന്റെ യാത്ര പ്രധാനമന്ത്രിയുമായി ആരാണ് തീരുമാനിച്ചതെന്നും സുര്‍ജെവാല ചോദിച്ചു. മാഡി ശര്‍മ്മയുമായി മോദിക്കുള്ള ബന്ധം എന്താണെന്നും വിമിന്‍സ് എക്കണോമിക് ഫോറവുമായി ബി.ജെ.പിക്കുള്ള ബന്ധം എന്താണെന്ന് വ്യക്തമാക്കണമെന്നും സുര്‍ജെവാല ചോദിച്ചു.

യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളില്‍ 27 പേര്‍ മാത്രമാണ് കശ്മീര്‍ സന്ദര്‍ശിച്ചതെന്നും അതില്‍ നാലു പേര്‍ ദല്‍ഹിയില്‍ നിന്നും അവരവരുടെ രാജ്യത്തേക്ക് തന്നെ തിരിച്ചു പോയവരാണെന്നും സുര്‍ജെ വാല പറഞ്ഞു.

ഇന്ത്യന്‍ പ്രതിനിധി സംഘത്തിന് വിലക്കുള്ളപ്പോള്‍ എങ്ങനെയാണ് വിദേശ സംഘം കശ്മീരില്‍ സന്ദര്‍ശനം നടത്തുന്നത് എന്നതിനെ സംബന്ധിച്ച് പ്രതിപക്ഷനേതാക്കള്‍ ഉള്‍പ്പെടെ നിരവധിപേര്‍ പ്രതിഷേധവുമായി മുന്നോട്ടു വന്നിരുന്നു.