ഇന്ത്യയ്ക്ക് നയതന്ത്ര തിരിച്ചടി: പിടികിട്ടാപ്പുള്ളിയായ തീവ്രവാദിയെ പാകിസ്ഥാന് കൈമാറുമെന്ന് യു.എ.ഇ
World News
ഇന്ത്യയ്ക്ക് നയതന്ത്ര തിരിച്ചടി: പിടികിട്ടാപ്പുള്ളിയായ തീവ്രവാദിയെ പാകിസ്ഥാന് കൈമാറുമെന്ന് യു.എ.ഇ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th July 2018, 10:38 am

 

ന്യൂദല്‍ഹി: ഡി കമ്പനി അംഗവും ഇന്ത്യന്‍ മുജാഹിദ്ദീന്‍ അംഗവുമായ ഫാറൂഖ് ദേവ്ഡിവാലയെ പാകിസ്ഥാനിലേക്ക് നാടുകടത്താന്‍ യു.എ.ഇ തീരുമാനം. ഇന്ത്യയില്‍ വിവിധ കുറ്റകൃത്യങ്ങളില്‍ ആരോപണ വിധേയനായ ഇയാളെ വിട്ടുനല്‍കാന്‍ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സക്വാഡ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം തള്ളിയാണ് യു.എ.ഇ ഫാറൂഖിനെ പാകിസ്ഥാനിലേക്ക് നാടുകടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

മെയ് 12 ദുബൈയില്‍ വെച്ചാണ് ഫാറൂഖിനെ കസ്റ്റഡിയിലെടുത്തത്. ആ സമയത്ത് ഗുജറാത്ത് പൊലീസ് കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ക്ക് അദ്ദേഹമുളള സ്ഥലം സംബന്ധിച്ച വിവരം നല്‍കിയിരുന്നു. 17 വര്‍ഷമായി ഇയാള്‍ ഒളിവിലാണ്.


Also Read:ഒടിയനിലേത് കണ്ണീര്‍പൂവിനേക്കാളും മുകളില്‍ നില്‍ക്കുന്ന ഗാനം; വിശേഷങ്ങള്‍ പങ്കുവെച്ച് എം.ജി ശ്രീകുമാറും എം.ജയചന്ദ്രനും


 

പാകിസ്ഥാനിലെ തീവ്രവാദ സെല്ലുകളുമായും ഐ.എസ്.ഐ അംഗങ്ങളുമായും ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് ഇന്ത്യ പറയുന്നത്. നേരത്തെ ഡി ഗ്യാങ് ഗുജറാത്തില്‍ നടത്തിയ ആക്രമങ്ങളുമായി ഇയാള്‍ക്ക് ബന്ധമുള്ളതിനാല്‍ ദാവൂദ് ഇബ്രാഹിമിനേയും ഛോട്ടാ ഷക്കീലിനേയും കുറിച്ച് അദ്ദേഹത്തിന് ഏറെ കാര്യങ്ങള്‍ അറിയാമെന്നാണ് അന്വേഷണ ഏജന്‍സികള്‍ വിശ്വസിക്കുന്നത്.

രണ്ട് ഇന്ത്യക്കാരെ പരിശീലിപ്പിച്ചതിലും ഫാറൂഖിന് ബന്ധമുണ്ടെന്നാണ് മുംബൈ മിറര്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. “ഫൈസല്‍ മിര്‍സ, അല്ലാഹരഖ മന്‍സൂരി എന്നീ ഇന്ത്യക്കാര്‍ക്ക് പാകിസ്ഥാനുവേണ്ടി തീവ്രവാദ പരിശീലനം നല്‍കിയത് ഫാറൂഖ് ആണ്. ഇരുവരും ഇപ്പോള്‍ മഹാരാഷ്ട്ര എ.ടി.എസിന്റെ കസ്റ്റഡിയിലാണ്.” റിപ്പോര്‍ട്ടില്‍ പറയുന്നു.


Also Read:നജീബിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല; കേസ് അവസാനിപ്പിക്കാനൊരുങ്ങി സി.ബി.ഐ


ഫാറൂഖ് പാക് പൗരനാണെന്നും ഇന്ത്യക്കാരനല്ലെന്നും പറഞ്ഞാണ് പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് അദ്ദേഹത്തെ നാടുകടത്തുന്നത് തടഞ്ഞത്. ഇന്ത്യയിലെ ഫാറൂഖിന്റെ ബന്ധുക്കളുടെ വിശദാംശങ്ങളും അദ്ദേഹം ഗുജറാത്തിലും മുംബൈയിലും കഴിഞ്ഞതിന്റെ വിശദാംശങ്ങളും ഉള്‍പ്പെടെ ശേഖരിച്ച് ഗുജറാത്ത് എ.ടി.എസിന്റെ ഒരു സംഘം ദുബൈയിലേക്ക് പോയിരുന്നു. എന്നാല്‍ അദ്ദേഹം പാക് പാസ്‌പോര്‍ട്ടോടു കൂടിയാണ് ദുബൈയില്‍ കഴിഞ്ഞിരുന്നത്.

ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പാണ്ഡ്യയുടെ കൊലപാതകത്തില്‍ ഫാറൂഖിന് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. 2003 മാര്‍ച്ചിലാണ് പാണ്ഡ്യ കൊല്ലപ്പെട്ടത്. ക്ലോസ് റേഞ്ചില്‍ നിന്നും ഉതിര്‍ത്ത അഞ്ചോളം വെടിയുണ്ടകളാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.